റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ബാണാസുര സാഗര്‍ അണക്കെട്ട് മൂന്ന് മണിക്ക് തുറക്കും

Posted on: August 10, 2019 10:17 am | Last updated: August 10, 2019 at 2:14 pm


കല്‍പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് വൈകുന്നേരം 3 മണിക്ക് തുറക്കും. അണക്കെട്ടിന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു സെക്കന്‍ഡില്‍ 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്.

പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും ബാണാസുര സാഗറിന്റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കര്‍ണ്ണാടകയിലെ കബിനി അണക്കെട്ടില്‍ നിന്ന് നിലവില്‍ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാള്‍ അധികം ജലം ഈ വര്‍ഷം കബിനി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുമുണ്ട്.

രാവിലെ 8 മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അടിയന്തിര സാഹചര്യമില്ലാത്തതിനാല്‍ മാറ്റുകയായിരുന്നു. മഴ ഇപ്പോഴും തുടര്‍ന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അണക്കെട്ട് മൂന്നിന് തുറക്കാന്‍ തീരുമാനിച്ചത്.

ബാണാസുര സാഗർ ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് (10l 08l 2019) ന് രാവിലെ എട്ടു മണി മുതൽ *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ
ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുടർന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.. ഇതു മൂലം കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.