പ്രാര്‍ഥനയില്‍ മുഴുകി വിശ്വാസികള്‍; ലബ്ബൈക്കയുടെ മന്ത്രധ്വനികളില്‍ മിനാ താഴ്വര

Posted on: August 9, 2019 9:16 pm | Last updated: August 9, 2019 at 9:16 pm

മിന: ഖലീലുല്ലാഹി ഇബ്റാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗസ്മരണകള്‍ പുതുക്കികൊണ്ട് സൃഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി യൗമുത്തര്‍വിയ ദിവസമായ ദുല്‍ഹിജ്ജ എട്ടിന് ഹാജിമാര്‍ മിനായില്‍ സംഗമിച്ചതോടെ മിനാ താഴ്വര ലബ്ബൈക്ക് മന്ത്രധ്വനികളാല്‍ മുഖരിതമായി. വിശുദ്ധ ഹറമില്‍ നിന്നുള്ള ജുമുഅ നിസ്‌കാരം കഴിഞ്ഞതോടെ ഹജ്ജ് കര്‍മ്മങ്ങളുടെ പുണ്യ നഗരിയായ മിനായിലെ ടെന്റുകളിലെ നഗരിയിലേക്ക് വിശ്വാസ ലക്ഷങ്ങള്‍ ലബ്ബൈക്കയുടെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഒഴുകിത്തുടങ്ങിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഹജ്ജ് കര്‍മം സാക്ഷാത്കരിക്കാനുള്ള അവസരം ലഭിച്ച ആത്മ നിര്‍വൃതിയിലാണ് ഹാജിമാര്‍. ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫയില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ ശനിയാഴ്ച പുലര്‍ച്ചെ തന്നെ അറഫാ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. മനംനൊന്ത്, ഉള്ളുരുകി പ്രാര്‍ഥനാ മനസ്സുമായി അറഫയില്‍ കഴിയുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് രാപാര്‍ക്കുന്നതിനായി അറഫയോട് വിടചൊല്ലും.