ബഷീറിന്റെ മരണം; ശ്രീറാമിനെ രക്ഷിക്കാന്‍ തെളിവ് മുക്കിയ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം

Posted on: August 7, 2019 3:07 pm | Last updated: August 7, 2019 at 7:59 pm

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് കെ എം ബഷീറിനെ കൊന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

വൈദ്യ പരിശോധനയില്‍ വീഴ്ച വരുത്തിയത് അംഗീകരിക്കാനാകില്ല. എന്തുകൊണ്ട് കൃത്യമായ തെളിവ് പോലീസ് ശേഖരിച്ചില്ല. ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടത്?. പ്രതിയാണോ തെളിവ് കൊണ്ട്തരേണ്ടത്? ഗവര്‍ണര്‍ അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന കവടിയാറില്‍ സിസി ടിവി ഇല്ലേയെന്നും കോടതി ചോദിച്ചു.

ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി അംഗീകരിച്ചില്ല. മജിസ്‌ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ല. സര്‍ക്കാറിന്റെ അപ്പീലില്‍ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസയക്കും. ജാമ്യം റദ്ദാക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയക്കുക. സര്‍ക്കാറിന്റെ ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കേസ് അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണെന്നിരിക്കെ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

കേസില്‍ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അത് കൊണ്ടുതന്നെ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികള്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു.

മദ്യപരിശോധന ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ഇടപെടല്‍ നടത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് അറിയാതെ കിംസ് ആശുപത്രിയില്‍ പോയി ചികിത്സതേടി. അതുകൊണ്ടു തന്നെ രക്ത പരിശോധന രാവിലെ മാത്രമെ നടത്താനായുള്ളു എന്നും വാദമുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഹൈക്കോടതി പോലീസിനെതിരായ വിമര്‍ശനം ചൊരിഞ്ഞത്.