വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു; വയനാട്ടില്‍ ഒരാള്‍ മരിച്ചു

Posted on: August 6, 2019 7:32 pm | Last updated: August 6, 2019 at 11:22 pm

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. സമീപ ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ അമ്പലവയല്‍ കരിങ്കുറ്റിയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്. അതേ സമയം അടിവാരത്ത് കഴിഞ്ഞ ദിവസം പുഴയില്‍ കാണാതായ മലപ്പുറം ചേളാരി സ്വദേശി പ്രതീഷ് എന്ന ഉണ്ണിയുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. വയനാട്ടില്‍ നാടുകാണി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഗതാഗത തടസമുണ്ടായി.

കനത്ത മഴയില്‍ കോഴിക്കോട് നഗരം വെള്ളത്തിനടിയിലായി. മാവൂര്‍ റോഡില്‍ നിരവധി കടകളിലാണ് വെള്ളം കയറിയത്.

പശ്ചിമ ബംഗാളിന്റെ തീരപ്രദേശം, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്കിടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. ആഗസ്റ്റ് ആറ്, ഏഴ് , എട്ട് തിയ്യതികളില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.