ജമ്മു കശ്മീര്‍: അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയ

Posted on: August 6, 2019 4:38 pm | Last updated: August 6, 2019 at 7:04 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോയെന്ന് ലോക്സഭയില്‍ ചോദിച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ വിളിച്ചു വരുത്തി അതൃപ്തി പ്രകടിപ്പിച്ച് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച ചൗധരിക്ക് ശക്തമായ മറുപടിയാണ് അമിത് ഷാ നല്‍കിയത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നുമായിരുന്നു ഷായുടെ മറുപടി.

യു എന്‍ സാന്നിധ്യം, ഷിംല കരാര്‍, ലാഹോര്‍ ഉടമ്പടി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോ എന്ന ചോദ്യം അധിര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ചത്. ഇന്ത്യന്‍ സംസ്ഥാനമാണെന്ന് ഇന്ത്യന്‍ ഭരണഘടനയും ജമ്മു കശ്മീര്‍ ഭരണഘടനയും അംഗീകരിച്ച പ്രദേശത്തില്‍ പൂര്‍ണ അധികാരം രാജ്യത്തിനുണ്ടെന്ന് അമിത് ഷാ തിരിച്ചടിച്ചു. പാകിസ്ഥാനൊപ്പം ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370-നെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് അമിത് ഷാ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ഷായും ചൗധരിയും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. ഭരണഘടനയുടെ മുഴുവന്‍ ചട്ടങ്ങളും ലംഘിച്ചാണ് ഒറ്റരാത്രി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുച്ഛേദം 370 റദ്ദാക്കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.