അമ്പലവയലില്‍ യുവാവിനേയും യുവതിയേയും മര്‍ദിച്ച സംഭവം: മുഖ്യപ്രതി സജീവാനന്ദന്‍ കര്‍ണാടകയില്‍ പിടിയിലായി

Posted on: August 5, 2019 8:07 pm | Last updated: August 5, 2019 at 8:07 pm

കല്‍പറ്റ: വയനാട് അമ്പലവയല്‍ ടൗണില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവും യുവതിയെയും ക്രൂര മര്‍ദനത്തിനും പീഡനശ്രമത്തിനുമിടയായ കേസില്‍ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. കര്‍ണാടകത്തിലെ ഒളിയിടത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.

കര്‍ണ്ണാടകയിലെ മധൂര്‍ എന്ന സ്ഥലത്ത് കൃഷിയിടത്തില്‍ ജോലിക്കാരനായിട്ടായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കോളിയടിക്കാരന്‍ ബിനോയ്, ജോസ് എന്നവരുടെ കൃഷിയിടത്തിലെ ഷെഡില്‍ നിന്നും ഇന്ന് ഉച്ചക്ക് മൂന്ന്മണിയോടെ മാനന്തവാടി എഎസ്പിയുടെ പ്രതേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്. ഇയാളുമായി അന്വേഷണ സംഘം അമ്പലവയലിലേക്കു പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജയകുമാര്‍ ലീസിനെടുത്ത് അമ്പലവയലില്‍ നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഇതിനെ എതിര്‍ത്തതോടെ ബഹളമായി. തുടര്‍ന്ന് ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നു.