ശ്രീറാമിനെ സസ്‌പെൻഡ് ചെയ്യണം: മുസ്‌ലിം ജമാഅത്ത്

Posted on: August 4, 2019 6:10 pm | Last updated: August 5, 2019 at 6:13 pm


കോഴിക്കോട്: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് അമിത വേഗത്തിൽ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നിയമ നടപടികൾ സ്വാഭാവിക രീതിയിൽ മുന്നോട്ട് പോകാത്ത സാഹചര്യം ഖേദകരമാണ്. ഒരു കുറ്റകൃത്യം സംഭവിച്ചാൽ പ്രാഥമികമായി പോലീസ് ചെയ്യേണ്ട നടപടിക്രമങ്ങൾക്ക് പോലും വലിയ സമ്മർദങ്ങളും മാധ്യമ ഇടപെടലും ആവശ്യമായി വരുന്നത് സർക്കാർ ഗൗരവമായി കാണണം.

അപകടം സംഭവിച്ച് ഒമ്പത് മണിക്കൂറിന് ശേഷമാണ് കുറ്റാരോപിതന്റെ രക്തസാമ്പിൾ പോലും ശേഖരിച്ചത്. സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുന്നതിന് പകരം സ്വകാര്യ ആശുപത്രിയിലെ ശീതികരിച്ച മുറിയിൽ കുറ്റാരോപിതനെ പാർപ്പിച്ചതും ഇതിന് പിന്നിലെ ഉപജാപങ്ങൾ വെളിവാക്കുന്നു. നിയമ വ്യവസ്ഥക്ക് കീഴടങ്ങില്ലെന്ന ധാർഷ്ട്യമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
റിമാൻഡ് ചെയ്ത സാഹചര്യത്തിൽ ശ്രീറാമിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണം. നീതിന്യായ വ്യവസ്ഥകൾ പാലിക്കാൻ വൈമനസ്യമുള്ള ഈ വ്യക്തി പൊതുജനങ്ങൾക്കായി പക്ഷപാതരഹിതമായി നീതി നടപ്പാക്കുമെന്ന് വിശ്വസിക്കാൻ സാധിക്കില്ല. ശരിയായ ദിശയിൽ നിയമ നടപടികൾ മുന്നോട്ടു പോകുന്നില്ലെങ്കിൽ കടുത്ത പ്രക്ഷോഭ നടപടികളിലേക്ക് പോകാൻ കേരള മുസ്‌ലിം ജമാഅത്ത് നിർബന്ധിതരാകുമെന്നും നേതാക്കൾ അറിയിച്ചു.

പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, പ്രൊഫ. യു സി അബ്ദുൽ മജീദ് സംബന്ധിച്ചു.