മായാത്ത ഓര്‍മയായി ബഷീറിന്റെ മുഖം എന്നും മുന്നിലുണ്ടാകും: മന്ത്രി കെ ടി ജലീല്‍

Posted on: August 3, 2019 4:06 pm | Last updated: August 3, 2019 at 4:19 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റെ വിയോഗം വിശ്വാസിക്കാനാകുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. വിനയം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും പരിചയപ്പെടുന്നവരുടെ മനസ്സില്‍ മായാത്ത ഓര്‍മയായി ബഷീറിന്റെ മുഖമുണ്ടാകുമെന്നുറപ്പ്.

ബഷീര്‍ തലസ്ഥാനത്തെ നിര്‍മല ഹൃദയനായ ഒരു പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്, നല്ലൊരു സുഹൃത്തും അനുജ സഹോദര തുല്യനും എല്ലാറ്റിനുമപ്പുറം ഏറ്റവും അടുത്ത ഗുണകാംക്ഷിയുമായിരുന്നു. ഇത്രമേല്‍ അടുപ്പമുള്ളത് കൊണ്ട് തന്നെയാണ് പത്തുപന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന ബഷീറിന്റെ വിവാഹത്തിലും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന അവന്റെ ഗൃഹപ്രവേശത്തിലും എനിക്ക് പങ്കെടുക്കാനായത്.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ബഷീര്‍ നിഷ്‌കളങ്കതയുടെ തനിസ്വരൂപവും എല്ലാവരുടെയും ഇഷ്ട ചങ്ങാതിയുമായിരുന്നു. മുഖം പോലെ പ്രസന്നമായിരുന്ന മനസ്സിന്റെ ഉടമ കൂടിയായിരുന്ന ബഷീറിന്റെ പരലോക നന്മക്കായി നമുക്ക് പ്രാര്‍ഥിക്കാമെന്നും ജലീല്‍ അനുസ്മരിച്ചു.