ഇന്ത്യന്‍ പരിശീലകനാകാന്‍ താത്പര്യമുണ്ട്, എന്നാല്‍ ഇപ്രാവശ്യമില്ലെന്ന് ഗാംഗുലി

Posted on: August 2, 2019 9:17 pm | Last updated: August 2, 2019 at 11:30 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചാകാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. എന്നാല്‍ മറ്റ് നിരവധി ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഇത്തവണ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത ഘട്ടത്തില്‍ താനും രംഗത്തുണ്ടാകുമെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷന്‍, ഐ പി എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്റെ ടീം ഉപദേഷ്ടാവ് എന്നീ ചുമതലകള്‍ വഹിച്ചു വരികയാണ് ഗാംഗുലി. ക്രിക്കറ്റ് കമന്ററിയും നടത്തുന്ന ഗാംഗുലി പ്രശസ്തമായ ഒരു ബംഗാളി ക്വിസ് ഷോയുടെ അവതാരകനുമാണ്.

ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ചുമതലകള്‍ പൂര്‍ത്തിയാവട്ടെ. അടുത്ത തവണ താന്‍ രംഗത്തുണ്ടാകും. ഇവിടെ ഒരു സ്വകാര്യ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ഗാംഗുലി പറഞ്ഞു. ദേശീയ ടീമിനു വിജയകരമായ നേതൃത്വം നല്‍കിയവരിലൊരാളായ ഗാംഗുലി ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി (സി എ സി) യുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. ഗാംഗുലി ചെയര്‍മാനായ കമ്മിറ്റിയാണ് രവിശാസ്ത്രിയെ ഇന്ത്യന്‍ കോച്ചായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്നതിനാലാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്.