മുസ്‌ലിം രാഷ്ട്രീയത്തെ മുടന്ത് ബാധിക്കുമ്പോള്‍

Posted on: August 2, 2019 5:13 pm | Last updated: August 2, 2019 at 5:16 pm

ബാബരി തകര്‍ച്ചയാനന്തര നാളുകളിലൊന്നില്‍, ആദരണീയനായ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിനൊപ്പം ചേര്‍ന്ന നേതാക്കളെ കുഞ്ഞാലിക്കുട്ടി അധിക്ഷേപിച്ചത് “പേട്ടുതേങ്ങകള്‍’ എന്നാണ്. ലീഗ് രാഷ്ട്രീയത്തിനു വേണ്ടി ആയുസ്സും അധ്വാനവും ചെലവിട്ട, സമ്പാദ്യവും സന്നാഹവും പാര്‍ട്ടിക്കായി സമര്‍പ്പിച്ച മഹാ നേതാക്കള്‍ക്കെതിരെയാണ് കുഞ്ഞാലിക്കുട്ടി ആ വാക്കുപയോഗിക്കുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദിലെ പഠന കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനായിരുന്ന സി കെ പി ചെറിയ മമ്മുക്കേയിയുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അന്ന് കുഞ്ഞാലിക്കുട്ടി ഉപയോഗിച്ച ആ വാക്ക് അദ്ദേഹമുള്‍പ്പെടെ ലീഗ് നേതാക്കളിലേക്ക് ബൂമറാങ്ങായി തിരിച്ചെത്തിയ ചരിത്ര സന്ദര്‍ഭങ്ങള്‍ അനേകമുണ്ടായി. ആ ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയും സഹപ്രവര്‍ത്തകരും പാഠമുള്‍ക്കൊണ്ടു എന്നാണോ നമ്മള്‍ കരുതുന്നത്? അതിനര്‍ഥം മുസ്ലിം ലീഗിനെക്കുറിച്ച് നമുക്ക് ഒന്നുമറിയില്ലെന്നാണ്.

ഒന്നിച്ചിരുന്ന് കരയാനെങ്കിലും..

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിം ലീഗിന് എന്തു പ്രസക്തി എന്ന ചോദ്യത്തെ, അതില്‍ നിന്നുത്ഭവിച്ച അനേകം ഉപ ചോദ്യങ്ങളെ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് അപാരമായ ആത്മവിശ്വാസം കൊണ്ട് മറികടന്നതാണ് ചരിത്രം. ആ ചോദ്യമുന്നയിച്ചവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമുണ്ടായിരുന്നു എന്നോര്‍ക്കുമ്പോഴാണ് എത്ര പ്രയാസകരമായിരുന്നു അതിജീവനമെന്നു മനസിലാകുന്നത്. കനലില്‍ ചവിട്ടി നടന്ന അക്കാലത്തും അഭിമാനം ആര്‍ക്കും പണയപ്പെടുത്താതെ തലയുയര്‍ത്തിപ്പിടിക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ലീഗിന്റെ പ്രസക്തിയില്‍ സംശയമുന്നയിച്ച നെഹ്റുവിനോട് ഇസ്മാഈല്‍ സാഹിബിന്റെ മറുപടിയിങ്ങനെ: “ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളും പരാതികളും ഉണ്ടാകും. അവയെല്ലാം പരിഹരിച്ച് മുസ്‌ലിം സമുദായത്തിന്റെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു വരുത്താനും രാജ്യ പുനര്‍നിര്‍മാണ പ്രക്രിയയില്‍ അവരെ പങ്കാളികളാക്കാനും രാജ്യ പുരോഗതിക്കായി അവരെ ഉപയോഗപ്പെടുത്താനും ഇന്ത്യയില്‍ മുസ്‌ലിം ലീഗ് കൂടിയേ തീരൂ.’

“ഇന്ത്യയില്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എഴുതി നല്‍കൂ, പരിഹാരം കണ്ടെത്താമെന്ന’ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോട് ഖാഇദെ മില്ലത്തിന്റെ പ്രതികരണം കൂടി ചേര്‍ത്തുവെച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനം ഇന്നെത്തിനില്‍ക്കുന്ന ലക്ഷ്യബോധമില്ലായ്മയുടെ ആകാശ വിസ്തൃതി ബോധ്യപ്പെടുകയുള്ളൂ. “പണ്ഡിറ്റ്ജീ, അങ്ങയെ എനിക്ക് വിശ്വാസമാണ്. എങ്കിലും നമ്മള്‍ എല്ലാ കാലവും ഉണ്ടാകില്ല. ഞാനും താങ്കളും മരിക്കും. ഓരോ കാലത്തും പുതിയ പ്രശ്‌നങ്ങള്‍ ആയിരിക്കും സമുദായത്തിന് നേരിടേണ്ടി വരുന്നത്. അന്ന് ഒരുപക്ഷേ, താങ്കളുടെ പാര്‍ട്ടി അധികാരത്തില്‍ പോലും ഉണ്ടായി എന്ന് വരില്ല. അന്ന് ഒന്നിച്ചിരുന്ന് കരയാനെങ്കിലും ഈ സമുദായത്തിന് ഒരു രാഷ്ട്രീയ സംഘടന അനിവാര്യമാണ്’. കോണ്‍ഗ്രസ് ചരിത്രം ഖാഇദെ മില്ലത്തിനെ ശരിവെച്ചു. ആ പാര്‍ട്ടി അധികാരഭ്രഷ്ടമായി. നയിക്കാന്‍ ആളില്ലാത്ത പതിതാവസ്ഥയിലായി. ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംശയിക്കുന്ന നിലയായി. സ്വന്തം പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഇസ്മാഈല്‍ സാഹിബിന്റെ പ്രതീക്ഷകള്‍ പക്ഷേ, തകിടം മറിഞ്ഞു. സമുദായത്തിന് വേണ്ടി ഒന്നിച്ചിരുന്നു കരയാന്‍ പോയിട്ട്, നിയമനിര്‍മാണ സഭയില്‍ നിര്‍ണായക നേരങ്ങളില്‍ പങ്കെടുക്കുക പോലും ചെയ്യാതെ സമുദായത്തെയും തിരഞ്ഞെടുത്തയച്ച വോട്ടര്‍മാരെയും പലപ്പോഴും നിരാശപ്പെടുത്തുന്ന പാര്‍ട്ടിയായി മുസ്ലിം ലീഗ് മാറിക്കഴിഞ്ഞു.

ലീഗിന്റെ മുന്‍ഗണനയില്‍
സമുദായമുണ്ടോ?

ഏറ്റവുമൊടുവില്‍ മുത്വലാഖ് ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ ഒരേയൊരംഗം ഹാജരുണ്ടായില്ല.! ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു. ലീഗില്‍ നിന്നുതന്നെ വിമര്‍ശം നേരിടേണ്ടി വന്നു എന്നത് മഹാ സംഭവമായി ചിലരെങ്കിലും അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടെന്ത് ഫലം? പി വി അബ്ദുല്‍ വഹാബ് ഇങ്ങനെ ചെയ്യുന്നത് ആദ്യമാണോ? ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വൈകിയെത്തിയ രണ്ട് പേരിലൊരാള്‍ ഇതേ എം പി ആയിരുന്നില്ലേ? അന്നുമുണ്ടായി വിമര്‍ശങ്ങള്‍. ആ വിമര്‍ശങ്ങളെ അദ്ദേഹം ഒട്ടും ഗൗനിച്ചില്ലെന്നു തന്നെ മനസിലാക്കണം. ഉണ്ടായിരുന്നെങ്കില്‍ മുത്വലാഖ് നേരത്ത് അദ്ദേഹം സഭയിലുണ്ടാകുമായിരുന്നു. നിലമ്പൂരിലെ വ്യവസായിക്ക് രാജ്യസഭയിലേക്ക് മുസ്‌ലിം ലീഗ് രണ്ടാമൂഴം നല്‍കാനൊരുങ്ങുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരിലൊരാള്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. പിന്നീടദ്ദേഹത്തെ കാണുന്നത് യൂത്ത് ലീഗിന്റെ അധ്യക്ഷ പദവിയിലാണ്.! പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള അനേകം വഴികളിലൊന്ന് അവരെ ഏതെങ്കിലും നേതൃപദവിയില്‍ അവരോധിക്കുകയാണെന്ന് കേരള രാഷ്ട്രീയമറിയുന്ന ആരെയും പ്രത്യേകം ബോധിപ്പിക്കേണ്ടതില്ല.

മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുന്‍ഗണന എന്താണ് എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടേ ലീഗ് ഇന്നെത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയിലേക്ക് നമുക്ക് വഴിതുറന്നു കിട്ടുകയുള്ളൂ. ഇന്നത്തെ ലീഗിന്റെ മുന്‍ഗണനയില്‍ മുസ്‌ലിം സമുദായവും അവരനുഭവിക്കുന്ന നാനാവിധ പ്രശ്നങ്ങളുമുണ്ടോ? ഇല്ല എന്നതാണ് സത്യസന്ധമായ ഉത്തരം. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് സമുദായത്തിന്റെ വോട്ടും പിന്തുണയും വേണം. വേണ്ടിവന്നാല്‍ സാമുദായിക വികാരം യഥേഷ്ടം കുത്തിയൊഴുക്കി വിടും. അതുകഴിഞ്ഞാല്‍ പിന്നെ സമുദായത്തെ പെരുവഴിയില്‍ തള്ളും. ഇതാണനുഭവം. ലീഗിന്റെ പോരായ്മകളെ പര്‍വതീകരിക്കുകയല്ല. ആ പാര്‍ട്ടിയുടെ നന്മകള്‍ കാണാതെയുമല്ല. ഭൂതകാലത്തിന്റെ ഓര്‍മകളില്‍ മാത്രം അഭിരമിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയുമെന്ന ചോദ്യം ഉന്നയിക്കാതെങ്ങനെ?

മൗനം പുതച്ച രാജ്യത്ത്
ലീഗ് ചെയ്യേണ്ടത്

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിറകെ ആള്‍ക്കൂട്ട ആക്രമണങ്ങളിലുണ്ടായ വര്‍ധന അതിശയിപ്പിക്കുന്നതാണ്. അത് യാദൃച്ഛികമല്ല. സംഭവങ്ങളൊന്നും അപ്രതീക്ഷിതവുമല്ല. ആള്‍ക്കൂട്ടമെന്ന് സൗകര്യപൂര്‍വം നമ്മള്‍ ഉപയോഗിക്കുകയാണ്. അവര്‍ക്ക് പേരുണ്ട്, മുഖമുണ്ട്, രാഷ്ട്രീയവുമുണ്ട്. അത് സ്വകാര്യമോ ദുരൂഹമോ അല്ല. അക്രമികളെ സഹായിക്കുന്നതും സംരക്ഷിക്കുന്നതും ആരെന്നതും രഹസ്യമല്ല. കൊലക്കേസ് പ്രതികളെ പൂമാലയിട്ടു സ്വീകരിക്കാന്‍ മടി കാട്ടാത്ത മനോഭാവം എല്ലാ ജനാധിപത്യ, മാനവിക മൂല്യങ്ങളെയും കാറ്റില്‍ പറത്തുന്നതാണ്. ഒരു നൂറ്റാണ്ടു കാലമായി ആര്‍ എസ് എസ് നടത്തിയ വിദ്വേഷ പ്രചാരണങ്ങളുടെ കായികമായ പ്രയോഗങ്ങളാണ് തെരുവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ജയ്ശ്രീറാം വിളിക്കാത്തതിന് 15 വയസ്സ് മാത്രം പ്രായമുള്ള മുസ്‌ലിം ബാലന്‍ ചുട്ടുകൊല്ലപ്പെടുന്ന കാലത്താണ് ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി ഇമ്മട്ടില്‍ സമുദായത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഗൗരവതരമായ കാര്യം.!

വിമര്‍ശങ്ങളെ ഭയക്കുന്ന ഭരണ കൂടമാണ് അധികാരത്തില്‍. പ്രതിപക്ഷവും പ്രതിസ്വരങ്ങളുമില്ലാത്ത ഒരു രാജ്യമാണ് അവര്‍ കിനാവ് കാണുന്നത്. മൗനം എത്രമേല്‍ ഘനമുള്ള ആവരണമായി രാജ്യത്തെ പൊതിയുന്നുവോ, അത്രമേല്‍ സുരക്ഷിതമായ ഒരു ഒളിയിടം ഫാസിസത്തിന് വേറെ കിട്ടില്ല. അമ്മട്ടില്‍ സ്വാസ്ഥ്യം ആഗ്രഹിക്കുന്ന ഭരണകൂടത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിക്കൂടാ. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജാഗ്രത പോലും സമുദായത്തിന്റെ മേല്‍വിലാസം കൂടെ കൊണ്ടുനടക്കുന്ന മുസ്‌ലിം ലീഗിനില്ലാതെ പോയി.
പാര്‍ലിമെന്റിലേക്ക് നോക്കൂ. എത്ര അഭിമാന ബോധത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അസദുദ്ദീന്‍ ഉവൈസിയെ പോലുള്ളവര്‍ സഭയെ അഭിമുഖീകരിക്കുന്നതും സ്വന്തം വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതും. രാഷ്ട്രീയമായി അദ്ദേഹത്തോടും എം ഐ എമ്മിനോടും വിയോജിക്കുന്നവര്‍ക്ക് പോലും സാമുദായിക വിഷയങ്ങളില്‍ അവര്‍ കാണിക്കുന്ന ജാഗ്രത കാണാതിരിക്കാനാകില്ല. മുസ്‌ലിം ലീഗിനില്ലാത്തതും ഈ ജാഗ്രതയാണ്. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനും സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി ഒച്ചവെക്കാനുമാകാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ഖാഇദെ മില്ലത്തിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുക? സാഹചര്യവശാല്‍ പൊയ്ക്കാലില്‍ മുടന്തിയും തെന്നിവീണുമാണ് മുസ്‌ലിം ലീഗ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. എത്ര ദൂരം ഇങ്ങനെ സഞ്ചരിക്കാന്‍ കഴിയുമെന്ന് നേതൃത്വം ആലോചിക്കണം. ഇസ്മാഈല്‍ സാഹിബും സുലൈമാന്‍ സേട്ടുവും ഇരുന്ന കസേരകളില്‍ ഇപ്പോഴിരിക്കുന്നവരെ ഒരനാവശ്യ ഭീതി പിടികൂടിയിരിക്കുന്നു. സമുദായ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നത് വര്‍ഗീയ മുദ്ര ചാര്‍ത്തപ്പെടാനിടയാക്കുമോ എന്ന ഭീതിയില്‍ നിന്ന് പുറത്തു കടക്കാത്തിടത്തോളം ദേശീയ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിക്കോ ഇ ടി ബശീറിനോ പ്രത്യേകമായി ഒന്നും ചെയ്യാനില്ല. നിയമ നിര്‍മാണത്തിന്റെ നിര്‍ണായക നേരങ്ങളില്‍ സഭയില്‍ നിന്ന് അപ്രത്യക്ഷനാകുന്ന വഹാബിനെ പോലുള്ളവരെയും കൊണ്ട് ഫാസിസത്തിനെതിരെ എന്ത് പോരാട്ടമാണ് ലീഗ് നടത്താനുദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പേട്ടുതേങ്ങകള്‍ എന്ന വിളിപ്പേര് തന്നെയാണ് ലീഗിന്റെ പാര്‍ലിമെന്റ് മെമ്പര്‍മാരെ കാത്തിരിക്കുന്നത്.
കേരളത്തില്‍ ചില ഭാഗങ്ങളിലെങ്കിലും ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു ജനവിഭാഗം മലബാറിലുണ്ട്. അവരുടെ പിന്തുണയിലും വോട്ടിലുമാണ് ലീഗ് പടര്‍ന്നുപന്തലിച്ചതും തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു കയറിയതും. ഈ പിന്തുണ ബ്ലാങ്ക് ചെക്കല്ല എന്ന് ലീഗിനെ ജനം ഓര്‍മിപ്പിച്ച കാലവും കടന്നു പോയിട്ടുണ്ട്. വീണിടത്തു നിന്ന് കൈപിടിച്ച് വീണ്ടും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവരോട് സത്യസന്ധരായിരിക്കാനാണ് ലീഗിനോട് കാലം ആവശ്യപ്പെടുന്നത്. അതിന് ചെവി കൊടുക്കാന്‍ നേതാക്കള്‍, വിശിഷ്യാ പാര്‍ലിമെന്റ് മെമ്പര്‍മാര്‍ തയ്യാറാകുമോ എന്നതാണ് ലീഗിന്റെ വിധി നിര്‍ണയിക്കുന്ന പ്രധാന ചോദ്യം.

മുഹമ്മദലി കിനാലൂര്‍