കോഴിക്കോട് വിമാനത്താവളവും സ്വകാര്യവത്കരണത്തിന്

Posted on: July 27, 2019 12:53 pm | Last updated: July 27, 2019 at 12:53 pm


കൊണ്ടോട്ടി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നായ കോഴിക്കോട് വിമാനത്താവളവും സ്വകാര്യവത്കരിക്കുന്നു. ഇതു സംബന്ധിച്ച നീക്കങ്ങൾ കേന്ദ്ര സർക്കാറും വ്യോമയാന വകുപ്പും ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ രണ്ട് പൊതുമേഖലാ വിമാനത്താവളങ്ങളാണ് തിരുവനന്തപുരവും കോഴിക്കോടും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് ഒന്നാം മോദി മന്ത്രിസഭ തീരുമാനമെടുക്കുകയും ലേലത്തിൽ മുന്നിലെത്തിയ അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്നതിനുള്ള തുടർ നടപടികൾ നടന്നുവരികയുമാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കുകയും വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്രം ഇതിൽ നിലപാടെടുത്തിട്ടില്ല.

ഇപ്പോൾ കോഴിക്കോട് വിമാനത്താവളവും സ്വകാര്യ ലോബികളെ ഏൽപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. എറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളം എന്ന നിലയിൽ സ്വകാര്യ കമ്പനികൾ കോഴിക്കോട് കണ്ണുവെച്ചിരുന്നു. രാജ്യത്ത് ആദ്യ ഘട്ടത്തിൽ തന്നെ 20 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്ന പട്ടികയിൽ കോഴിക്കോട് ഇടം പിടിച്ചിരുന്നു. ഇതിനെതിരേ എയർപോർട്ട് അതോറിറ്റി ജീവനക്കാർ റിലേ നിരാഹാര സമരമുൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ തയ്യാറുള്ളതുപോലെ കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കാമെന്ന പ്രഖ്യാപനമൊന്നും സംസ്ഥാന സർക്കാറിൽ നിന്നുണ്ടായിട്ടില്ല. സാമ്പത്തിക ബാധ്യത ഇതിനു തടസ്സമാണെങ്കിൽ കോഴിക്കോട് വിമാനത്താവളം വളരെ എളുപ്പത്തിൽ തന്നെ സ്വകാര്യ ലോബികളുടെ അധീനതയിലാകും.

കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്. ഇതോടെ വികസന നടപടികൾ സർക്കാർ നിർത്തിവെക്കുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്.