നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ കൂടി അറസ്റ്റില്‍

Posted on: July 24, 2019 8:21 pm | Last updated: July 24, 2019 at 10:58 pm

ഇടുക്കി: നെടുങ്കണ്ടം സ്‌റ്റേഷനിലെ കസ്റ്റഡി മരണക്കേസില്‍ മൂന്നു പോലീസുകാരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സ്‌റ്റേഷനിലെ എ എസ് ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലീസുദ്യോഗസ്ഥന്‍ ജിതിന്‍ കെ ജോര്‍ജ്ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ മുന്‍ എ എസ് ഐ ഉള്‍പ്പടെയുള്ള നാല് ഉദ്യോഗസ്ഥരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളായ മുഴുവന്‍ പോലീസുദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാത്തത് കടുത്ത വിമര്‍ശനങ്ങളുയരാന്‍ ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം 21നാണ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശിയായ രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെങ്കിലും പോലീസ് കസ്റ്റഡിയിലുണ്ടായ മര്‍ദനമാണ് അസുഖത്തിനിടയാക്കെിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മൃതദേഹത്തില്‍ 22 പരുക്കുകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാറിന് ക്രൂര മര്‍ദനമേറ്റതായി സ്ഥിരീകരിച്ചിരുന്നു.