Connect with us

Kerala

നായ ഓരിയിടുന്നത് എന്തുകൊണ്ട്? പരാതിക്കാരന് വിവരാവകാശ കമ്മീഷണറുടെ താക്കീത്

Published

|

Last Updated

പത്തനംതിട്ട: നായ ഓരിയിടുന്നത് എന്തുകൊണ്ട്? എന്ന ചേദ്യവുമായി വിവരാവകാശ കമ്മിഷനെ സമീപിച്ച അപേക്ഷകനെ കമ്മിഷണര്‍ വിന്‍സെന്റ് എം.പോള്‍ താക്കീത് ചെയ്തു. ചോദ്യം വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും പൊതു അധികാരിയില്‍ ലഭ്യമായ രേഖകള്‍, രജിസ്റ്ററുകള്‍ എന്നിവയില്‍ നിന്ന് മാത്രമേ വിവരാവകാശ നിയമപ്രകാരം മറുപടി തരാന്‍ കഴിയൂവെന്നും അപേക്ഷകനെ രണ്ടു തവണ അറിയിച്ച കാര്യം വ്യക്തമാക്കി കൊണ്ടാണ് കമ്മീഷണറുടെ താക്കീത്. പന്തളം മുടിയൂര്‍ക്കോണം ലക്ഷ്മിഭവനില്‍ അശോകനാണ് അയല്‍ക്കാരന്റെ നായ ഓരിയിടുന്നതു സംബന്ധിച്ച പരാതിക്കാരന്‍.

അശോകന്റെ ചോദ്യത്തിന് മറുപടി വിവരാവകാശ നിയമപ്രകാരം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണവകുപ്പാണ് മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് അശോകന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മറ്റു പരാതികളോടൊപ്പം ഇന്നലെ തിരുവനന്തപുരത്തെ വിവരാവകാശ കമ്മിഷണര്‍ ഓഫീസിലിരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അശോകന്റെ പരാതിയും പരിഗണിച്ചത്. കളക്ടറേറ്റിലെ വീഡിയോ കോണ്‍ഫറന്‍സ് മുറിയില്‍ പരാതിക്കാരുമെത്തിയിരുന്നു.

അശോകന്റെ പരാതി പരിഗണിച്ചപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് വെറ്റിറനറി സര്‍ജന്‍ ഡോ. ബിജുമാത്യു, ലൈവ് സ്റ്റാേക് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിന്ദു എന്നിവരും ഹാജരായിരുന്നു. വിവരാവകാശ നിയമം ദുര്‍വിനിയോഗം ചെയ്യരുതെന്ന് കമ്മിഷണര്‍ അശോകനോട് പറഞ്ഞു. വിവരാവകാശ നിയമത്തെപ്പറ്റി ഒരു വിവരവും മനസിലാക്കാതെയാണ് അപേക്ഷ നല്‍കിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും തന്റെയും സമയം പാഴാവുകയാണ്. അറിയാനുളള അവകാശം കൊണ്ടാണ് അപേക്ഷ നല്‍കിയതെന്ന് അശോകന്‍ വിശദീകരിച്ചു. എന്നാല്‍, പൊതു അധികാരിയില്‍ ഉളള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാന്‍ കഴിയൂവെന്ന് കമ്മിഷണര്‍ മറുപടി നല്‍കി.