Connect with us

National

അവരുടെ ഭാവിയില്‍ ആശങ്കയുണ്ടെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല; മകളുടെ ആരോപണം നിഷേധിച്ച് ബി ജെ പി എം എല്‍ എ

Published

|

Last Updated

ലക്‌നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുന്നുവെന്ന മകളുടെ ആരോപണം യു പിയിലെ ബിതാരി ചെയിന്‍പൂരില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ. രാജേഷ് മിശ്ര നിഷേധിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള എല്ലാ അവകാശവും അവള്‍ക്കുണ്ട്. യുവാവിനെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് താനോ, താനുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ മകളില്‍ സമ്മര്‍ദം ചെലുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍, യുവാവിന് മകളെക്കാള്‍ ഒമ്പതു വയസ് കൂടുതലാണെന്നതാണ് തന്നെ അലട്ടുന്ന പ്രശ്‌നം. അതുകൊണ്ടു തന്നെ പിതാവെന്ന നിലയില്‍ അവരുടെ ഭാവിജീവിതത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ട്.

താന്‍ ദളിത് യുവാവിനെ വിവാഹം ചെയ്തതില്‍ ദുരഭിമാനത്തിന്റെ പേര് പറഞ്ഞ് എം എല്‍ എയായ പിതാവ് ഭീഷണിപ്പെടുത്തുന്നതായാണ് മകള്‍ സാക്ഷി മിശ്രയുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവിനെ സാക്ഷി വിവാഹം കഴിച്ചത്. വിവാഹത്തോട് എം എല്‍ എയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തന്നെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് പിതാവ് പറയുന്നതായാണ് സാക്ഷിയുടെ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചാണ് സാക്ഷി ആരോപണം ഉന്നയിച്ചത്. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും സാക്ഷി പറയുന്നുണ്ട്. തനിക്ക് പോലീസ് സംരക്ഷണം വേണം. തന്റെ പിതാവിനെ ബി ജെ പി എം പിമാരോ, എം എല്‍എമാരോ ആരും സഹായിക്കരുതെന്നും വീഡിയോയിലുണ്ട്.

 

Latest