Connect with us

National

മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചേക്കും; കര്‍ണാടകയിലെ അനിശ്ചിതാവസ്ഥ പര്യവസാനത്തിലേക്ക്

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയുള്ള എം എല്‍ എമാരുടെ രാജിക്കും അണിയറ നാടകങ്ങള്‍ക്കും പിന്നാലെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിക്കൊരുങ്ങുന്നതായി സൂചന. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനു ശേഷം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കാനാണ് സാധ്യത. അതല്ലെങ്കില്‍ വെള്ളിയാഴ്ച നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം രാജിവെക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. സംസ്ഥാന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കുമെന്നും അഭ്യൂഹമുണ്ട്.

ഭരണം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിനിടെ, ബുധനാഴ്ച രണ്ട് എം എല്‍ എമാര്‍ കൂടി രാജിവച്ചതോടെ മറ്റു ഗത്യന്തരമില്ലാതായതാണ് താഴെയിറങ്ങാന്‍ സഖ്യ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മുഖ്യമന്ത്രി കുമാരസ്വാമി, ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നടത്തിക്കഴിഞ്ഞു. കര്‍ണാടക പാര്‍ട്ടിയുടെ ചുമതലയുള്ള കെ സി വേണുഗോപാലും യോഗത്തില്‍ സംബന്ധിച്ചു.