പെണ്‍കുട്ടി അപകടത്തില്‍പെട്ടു; ഉദ്യാനത്തിന് 80,000 ദിര്‍ഹം പിഴ

Posted on: July 9, 2019 9:20 pm | Last updated: July 9, 2019 at 9:20 pm

അബുദാബി: സുരക്ഷാ നടപടികള്‍ അവഗണിച്ചതിന് അമ്യൂസ്മെന്റ് പാര്‍ക്കിന് 80,000 ദിര്‍ഹം പിഴ. പാര്‍ക്കിലെ ഒരു ഉപകരണത്തില്‍ കളിക്കുന്നതിനിടെ ആറ് മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണ് ഒമ്പത് വയസുകാരിയായ സ്വദേശി പെണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നു. കളിസ്ഥലത്തെ കുട്ടികളുടെ സുരക്ഷ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള പാര്‍ക്കിലെ ജീവനക്കാരന് അവഗണനക്ക് ഒരു വര്‍ഷം തടവും മൂന്ന് വര്‍ഷത്തെ സസ്‌പെന്‍ഷനും അബുദാബി കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് വിധിച്ചു.

സംഭവത്തിന്റെ ഫലമായി തങ്ങള്‍ക്കുണ്ടായ ഭൗതികവും മാനസികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം തേടുന്നതിന് യോഗ്യതയുള്ള കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കുട്ടിയുടെ മാതാപിതാക്കളെ ജഡ്ജി ഉപദേശിച്ചു. സ്വദേശി കുട്ടി കുടുംബത്തോടൊപ്പമാണ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോയത് കോടതി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് കുട്ടികളുടെ കളിസ്ഥലത്തെ ഉയര്‍ന്ന ഉപകരണങ്ങളില്‍ കളിക്കാന്‍ പോയ കുട്ടി അവിടെ നിന്ന് ആകസ്മികമായി താഴെ വീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ മുതുകിനും കൈക്കും കാലിനും പരിക്കേറ്റു. പിതാവും പാര്‍ക്ക് മാനേജ്മെന്റും അത്യാഹിത സംഘത്തെ വിളിച്ചു ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ സുരക്ഷപരിപാലിക്കുന്നതില്‍ പാര്‍ക്കിനും അവരുടെ ജീവനക്കാരനിലും അശ്രദ്ധയുണ്ടായെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഉപകരണങ്ങളില്‍ കയറുന്നതിന് മുമ്പ് കുട്ടിക്ക് സംരക്ഷണ കയറുകള്‍ നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടിയെ സുരക്ഷാ കയറുമായി ബന്ധിക്കുന്നത് സുരക്ഷാ പ്രവര്‍ത്തകന്‍ മറന്നതായും അത് കുട്ടി താഴെ വീഴാന്‍ കാരണമായി കാണുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.