മോശം കാലാവസ്ഥ: യു എ ഇ ഉപഗ്രഹ വിക്ഷേപണം വൈകും

Posted on: July 6, 2019 9:50 pm | Last updated: July 6, 2019 at 9:50 pm

അബുദാബി: മോശം കാലാവസ്ഥയും തെക്കേ അമേരിക്കയിലെ വടക്കന്‍ അറ്റ്‌ലാന്റിക് തീരത്തുള്ള ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിന് മുകളിലൂടെ ഉയര്‍ന്ന കാറ്റും കാരണം ‘ഫാല്‍ക്കണ്‍ ഐ 1’ ഉപഗ്രഹത്തിന്റെ വിക്ഷേപണം ജൂലൈ എട്ട് തിങ്കളാഴ്ച യു എ ഇ സമയം രാവിലെ 05:53:03 വരെ വൈകിപ്പിക്കാന്‍ അരീന ബഹിരാകാശ കമ്പനി തീരുമാനിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം ഇന്ന് (ശനി) ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും യുഎ ഇ പൂര്‍ത്തിയാക്കിയിരുന്നു.
നിരവധി ഘട്ടങ്ങളിലൂടെ ഉപഗ്രഹം തയ്യാറാകാന്‍ യു എ ഇ നാല് വര്‍ഷമെടുത്തു. സൈനിക, സിവിലിയന്‍ ഉപയോഗത്തിനായി അടുത്ത 10 വര്‍ഷത്തേക്ക് ആഗോള കവറേജ് നല്‍കുന്നതിനാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൈ-ഡെഫനിഷന്‍ ഇമേജിംഗ് സംവിധാനവും കൃത്യതയുമാണ് ഫാല്‍കണ്‍ ഐ 1 യുടെ സവിശേഷത. ലോകത്തെ ഏത് പ്രദേശത്തുനിന്നും ചിത്രങ്ങള്‍ അയക്കാനും സ്വീകരിക്കാനും പ്രാപ്തിയുള്ള ഒരു മൊബൈല്‍ സ്റ്റേഷനും ഇതിലുണ്ട്.