ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

Posted on: July 2, 2019 11:48 pm | Last updated: July 3, 2019 at 10:39 am

ബെര്‍മിങ്ഹാം: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിച്ചു. 28 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സെമി ഉറപ്പാക്കിയ രണ്ടാമത്തെ ടീമാണ് ഇന്ത്യ. ആസ്‌ത്രേലിയ നേരത്തെ സെമിയില്‍ കടന്നിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് നേടിയ 13 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. ബാറ്റു കൊണ്ട് നിറഞ്ഞാടി സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും പന്തു കൊണ്ട് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ എറിഞ്ഞൊതുക്കിയ ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ബുംറ നാലും പാണ്ഡ്യ മൂന്നും വിക്കറ്റുകള്‍ നേടി. മന്ദഗതിയിലാണെങ്കിലും ഓപ്പണിംഗില്‍ കെ എല്‍ രാഹുല്‍ സംഭാവന ചെയ്ത 77 റണ്‍സും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

315 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഇന്ത്യയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. 74 പന്തില്‍ 66 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. എട്ടാമനായെത്തി 38ല്‍ 51 നേടിയ മുഹമ്മദ് സെയ്ഫുദ്ദീന്‍ പുറത്താകാതെ നിന്നു. 36ല്‍ 36 നേടിയ സാബ്ബിര്‍ റഹ്മാനും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഏഴാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത സാബ്ബിര്‍-സെയ്ഫുദ്ദീന്‍ കൂട്ടുകെട്ട് ഒരവസരത്തില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി. എന്നാല്‍, രക്ഷകനായി അവതരിച്ച ബുംറ സാബ്ബിറിന്റെ വിക്കറ്റെടുത്ത് കൂട്ടുകെട്ട് തകര്‍ത്തു. തമീം ഇഖ്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിറ്റണ്‍ ദാസ് (22) എന്നിവരും ബംഗ്ലാദേശിനു വേണ്ടി നല്ല രീതിയില്‍ ബാറ്റേന്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും മികച്ച തുടക്കത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്‌കോറിലേക്കു കുതിച്ച ഇന്ത്യയെ ബംഗ്ലാദേശ് മധ്യ-അവസാന ഓവറുകളില്‍ വരിഞ്ഞുകെട്ടി. തുടക്കത്തില്‍ യാഗാശ്വത്തെ പോലെ കുതിച്ച ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റുകള്‍ ബലികഴിച്ച് 314 റണ്‍സ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. കിടയറ്റ ഷോട്ടുകളിലൂടെ സെഞ്ച്വറി നേടിയ ഹിറ്റ്മാന്‍ രോഹിതാണ് ഈയൊരു ടോട്ടലിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ബംഗ്ലാദേശ് ബൗളര്‍മാരെ നിലംതൊടാന്‍ അനുവദിക്കാതെ കിടിലന്‍ ഷോട്ടുകളുതിര്‍ത്ത രോഹിത് 92 പന്തില്‍ അഞ്ച് സിക്സും ഏഴു ബൗണ്ടറിയും സഹിതം 104 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏകദിനത്തിലെ 26 ാം സെഞ്ച്വറി കുറിച്ച താരം സൗമ്യ സര്‍ക്കാറിന്റെ പന്തിലാണ് മടങ്ങിയത്.

രോഹിത്തും രാഹുലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 180 റണ്‍സിന്റെ കൂട്ടുകെട്ടിനോട് പിന്നീടുള്ള ബാറ്റ്സ്മാന്മാര്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യക്ക് വിനയായത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇവരുടെത്. രോഹിതിനെ അപേക്ഷിച്ച് മെല്ലെ പോയ രാഹുല്‍ 92 പന്തില്‍ നിന്ന് 77 റണ്‍സ് സംഭാവന ചെയ്ത ശേഷം റുബൈല്‍ ഹുസൈന്റെ പന്തില്‍ വീണു. അവസാന ഓവറുകളില്‍ ശൗര്യം പുറത്തെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് സ്‌കോര്‍ 350 കടത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയത്. ഇന്ത്യയുടെ അഞ്ച് താരങ്ങളെയാണ് മുസ്തഫിസുര്‍ കൂടാരം കയറ്റിയത്. നായകന്‍ വിരാട് കോലിയെ 26ല്‍ തിരിച്ചയച്ച താരം കൂറ്റനടികളുടെ ഇഷ്ടതോഴന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ പോലും അനുവദിച്ചില്ല. പിന്നീടെത്തിയ ഋഷഭ് പന്താണ് റണ്‍റേറ്റിന് വേഗം കൂട്ടി. 41 പന്തില്‍ 48 റണ്‍സാണ് ഋഷഭ് തന്റെ പേരില്‍ കുറിച്ചത്. ധോണി 35 റണ്‍സ് നേടി.