ജയ് ശ്രീറാം പുതിയ ആയുധം

Posted on: July 1, 2019 1:53 pm | Last updated: July 1, 2019 at 1:53 pm


അതീവ ഭീതിദമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ മതേതര വിശ്വാസികള്‍ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏത് സമയത്തും ആര്‍ക്കു നേരെയും കാവിഭീകരര്‍ കൊലവിളിയുമായി പാഞ്ഞടുക്കാമെന്ന അവസ്ഥയാണ് രാജ്യത്തിപ്പോള്‍. പശുവിനെ അറുത്തതിന്, കടത്തിയതിന്, ചത്ത പശുവിന്റെ തോല്‍ പൊളിച്ചതിന് എന്നിങ്ങനെ പശുവുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍. പശുവുമായി ഒരു വിധവും ബന്ധമില്ലാതെ മാറിനിന്നാല്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ജയ് ശ്രീറാം വിളിയാണ് അക്രമികളുടെ പുതിയ ആയുധം. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുക. വിസമ്മതിച്ചാല്‍ മൃഗീയ മര്‍ദനങ്ങള്‍ അഴിച്ചു വിടുക. ഇതാര്‍ക്കും എവിടെയും സംഭവിക്കാം.

ജയ് ശ്രീറാം വിളിക്കാത്തതിന് ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഝാര്‍ഖണ്ഡിലെ തബ്‌രീസ് അന്‍സാരിയും ഡല്‍ഹിയിലെ മദ്‌റസാ അധ്യാപകന്‍ മുഅ്മിനും ഉത്തര്‍ പ്രദേശ് കാണ്‍പൂരിലെ മുഹമ്മദ് താജ് എന്ന പതിനാറുകാരനും മുംബൈ താനയിലെ ടാക്‌സി ഡ്രൈവര്‍ ഫൈസലും പശ്ചിമ ബംഗാളിലെ ഹാഫിസ് മുഹമ്മദ് ഫാറൂഖും ഇവരില്‍ ചിലര്‍ മാത്രം. രണ്ട് വര്‍ഷം മുമ്പ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിക്കുന്നവര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബീഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍ ഡി ടി വിയിലെ റിപ്പോര്‍ട്ടര്‍ മുന്ന ഭാരതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ച സംഭവം അന്ന് ഏറെ വിവാദമായതാണ്. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കാറിനുള്ളിലിട്ട് കത്തിച്ചു കളയുമെന്ന ഭീഷണി മുഴക്കിയപ്പോള്‍ ജീവന്‍ അപകടത്തിലാണെന്ന് ബോധ്യമായ കുടംബം ജയ് ശ്രീറാം ഏറ്റുചൊല്ലാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമബംഗാളിലെ ബല്ലാവ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കെതിരെയുള്ള ജയ് ശ്രീറാം വിളിയും വിവാദമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്കെതിരായ ബി ജെ പിക്കാരുടെ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു മടങ്ങുകയായിരുന്ന മമതയുടെ വാഹനം ബല്ലാവ്പൂരില്‍ തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതോടെ ബി ജെ പി പ്രവര്‍ത്തകര്‍ മമതക്ക് ലക്ഷക്കണക്കിനു ജയ് ശ്രീറാംകാര്‍ഡുകളുമയച്ചു.

പാര്‍ലിമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ ഇത്തിഹാദുശ്ശുബ്ബാന്‍ പ്രസിഡന്റും ഹൈദരാബാദില്‍ നിന്നുള്ള എം പിയുമായ അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞാ ചടങ്ങിന് എഴുന്നേറ്റു വരുമ്പോള്‍ സഭയിലെ ബി ജെ പി എം പിമാര്‍ ജയ് ശ്രീറാം വിളിച്ചു ബഹളം വെക്കുകയുണ്ടായി. പിന്നീട് ഇത് രാജ്യത്തൊട്ടാകെ ‘ദേശീയത’ പരീക്ഷിക്കാനുള്ള അളവുകോലാക്കി മാറ്റുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചാല്‍ ദേശസ്‌നേഹി. അല്ലാത്തവര്‍ ദേശദ്രോഹി.

ബല്ലാവ്പൂരില്‍ മമതക്കെതിരെയും പാര്‍ലിമെന്റിനകത്ത് അസദുദ്ദീന്‍ ഉവൈസിക്കെതിരെയും നടന്ന നീക്കങ്ങള്‍ ആസൂത്രിതമായിരുന്നു. നേരത്തെ അയോധ്യയായിരുന്നു സംഘ്പരിവാറിന്റെ ആയുധം. അപ്പേരില്‍ രാജ്യത്ത് നിരവധി കലാപങ്ങള്‍ നടന്നു. മുസ്‌ലിം യുവാക്കള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഒട്ടേറെ മുസ്‌ലിം സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. അയോധ്യ ഉപയോഗപ്പെടുത്തി ബി ജെ പി രാഷ്ട്രീയമായി നേട്ടമുണ്ടാക്കുകയും ചെയ്തു. 2014ല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ‘പശുമാഹാത്മ്യ’ത്തിലേക്ക് തിരിഞ്ഞു അവര്‍. ഇപ്പേരില്‍ നിരവധി ആള്‍ക്കൂട്ട കൊലകള്‍ അരങ്ങേറി. അക്രമികളെ വെറുതെ വിട്ടു. ഇരകളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്ത് ഭരണകൂടങ്ങളും കാവി ഭീകരരുടെ തുണക്കെത്തി. രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ ക്ഷീരകര്‍ഷകനായിരുന്ന പെഹ്‌ലുഖാനെ അടിച്ചു കൊന്ന കേസില്‍ അക്രമികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയും കൊല്ലപ്പെട്ട പെഹ്‌ലുഖാനെ പ്രതിചേര്‍ത്തും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് രണ്ട് ദിവസം മുമ്പാണല്ലോ. കാവി ഭീകരര്‍ക്ക് സധൈര്യം തങ്ങളുടെ ഗുണ്ടായിസം തുടരാനുള്ള അനുവാദമാണ് ഇതിലൂടെ പോലീസും ഭരണകൂടവും നല്‍കുന്നത്.

ജയ് ശ്രീറാം ഹൈന്ദവ മതത്തിന്റെ മന്ത്രവും മുദ്രാവാക്യവുമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മത, വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് മറ്റുള്ളവരുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കുന്നതും നിര്‍ബന്ധിച്ച് വിളിപ്പിക്കുന്നതും. വന്ദേമാതരം ചൊല്ലിയോ ശ്രീറാം വിളിച്ചോ ജയ് ഭാരത് മാതാ കീ പറഞ്ഞോ തെളിയിക്കേണ്ടതല്ല ദേശസ്‌നേഹം. പിറന്നുവീണ മണ്ണിനോടുള്ള വൈകാരികമായ അടുപ്പത്തില്‍ നിന്ന് ഉടലെടുക്കുന്ന ദേശസ്‌നേഹം മുസ്‌ലിംകള്‍ എല്ലാ സമയത്തും തെളിയിച്ചിട്ടുണ്ട്.

ദേശീയ സമര കാലത്ത് നിരവധി മുസ്‌ലിംകള്‍ രാജ്യത്തിനു വേണ്ടി ജീവനും സ്വത്തും ബലിയര്‍പ്പിച്ചു. ഇപ്പോള്‍ ദേശസ്‌നേഹത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്നവര്‍ അന്ന് ദേശീയ സമരത്തോട് പുറംതിരിഞ്ഞു നിന്ന് ബ്രിട്ടീഷുകാര്‍ക്ക് കുഴലൂത്ത് നടത്തുകയായിരുന്നു. ബഹുസ്വരതയാണ് ഇന്ത്യന്‍ ദേശീയതയുടെ അകക്കാമ്പ്. അതിനെതിരെ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് യഥാര്‍ഥത്തില്‍ രാജ്യദ്രോഹം. ഇത് രാജ്യത്തെ ഹിന്ദുത്വ ഫാസിസത്തിലേക്ക് വഴിനടത്തുന്നതിന്റെ ഭാഗമാണ്. അധികാര പദവിയില്‍ ബി ജെ പി സര്‍ക്കാറിന്റെ രണ്ടാമൂഴം ഇന്ത്യയുടെ ആത്മാവിനെ കറുത്ത രാഷ്ട്രീയത്തിന് അടിയറ വെക്കലാണെന്ന് ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രത്തിന്റെ മുഖപ്രസംഗം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.