നികുതി യുദ്ധം രൂക്ഷമാകുന്നതിനിടെ മോദി- ട്രംപ് കൂടിക്കാഴ്ച

Posted on: June 28, 2019 9:29 am | Last updated: June 28, 2019 at 12:35 pm

ഒസാക്ക: ഇന്ത്യ -അമേരിക്ക നികുതി യുദ്ധം രൂക്ഷമാകുന്നതിനിടെ രണ്ടാം വട്ടവും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അഭിനന്ദനം. തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ മോദി-ട്രംപ് കൂടിക്കാഴ്ചയാണിത്. എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു. ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ട്രംപ് പറഞ്ഞു. വ്യാപാരം, പ്രതിരോധം, 5ജി കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയവ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

ഇറാന്‍ വിഷയത്തില്‍ സമ്മര്‍ദമുണ്ടാകില്ലെന്ന് ചര്‍ച്ചയില്‍ ട്രംപ് വ്യക്തമാക്കി. സൈനിക മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയുമായി അമേരിക്ക സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിന്‍വലിക്കണമെന്നും ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വര്‍ധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീര്‍ച്ചയായും പിന്‍വലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ പറയുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയിരുന്നു.