കേരളത്തിന്റെ കുടിവെള്ള വാഗ്ദാനം സ്വീകരിച്ച് തമിഴ്‌നാട്

Posted on: June 21, 2019 9:04 pm | Last updated: June 21, 2019 at 10:53 pm

ചെന്നൈ:കനത്ത ചൂടിലും വരള്‍ച്ചയിലും ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളം വാഗ്ദാനം ചെയ്ത കുടിവെള്ളം സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം. തീവണ്ടി മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ വാഗ്ദാനം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടായിരുന്നു ഇന്നലെ തമിഴ്‌നാടിന് കുടിവെള്ള വാഗ്ദാനം ചെയ്തത്. എന്നാല്‍ വാഗ്ദാനത്തിന് നന്ദി പറഞ്ഞ തമിഴ്‌നാട് ഇപ്പോള്‍ വേണ്ടെന്നായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കേരളത്തിന്റെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു. ഒരു ദിവസം മില്യണ്‍ ലിറ്റര്‍ വെള്ളം തരാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്.മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ പിന്തുണയും വേണം. ഓരോ തുള്ളിവെള്ളവും തമിഴ്‌നാടിന് പ്രധാനപ്പെട്ടതാണെന്നും പളനിസ്വാമി പറഞ്ഞു.

കേരളത്തിന്റെ വാഗ്ദാനം സ്വീകരിക്കാതിരിക്കുന്നത് അപലപനീയമാണെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. വലയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ എടപ്പാടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് യോഗം ചേര്‍ന്ന് തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലും മറ്റും കുടിനീരിനായി ജനം വലയുകയാണ്. നദികളെല്ലാം വറ്റിവരണ്ട അവസ്ഥയിലാണ്. കിണറുകളില്‍ കുടിവെള്ളമില്ല. രാത്രി വൈകിയും സര്‍ക്കാറിന്റെ കുടിവെള്ള വണ്ടിയെയും കാത്ത് ജനം ഉറക്കമൊഴിച്ച് നില്‍ക്കുന്ന കാഴ്ചയാണ് എങ്ങും. ചെന്നൈ നഗരത്തിലെ പല ഹോട്ടലുകളും വെള്ളമില്ലാത്തതിനാല്‍ പൂട്ടി. വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അതീവ ഗരുതര സാഹചര്യമാണ് തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.