പ്രവാസി വ്യവസായിയുടെ ആത്മഹത്യ;ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted on: June 21, 2019 11:29 am | Last updated: June 21, 2019 at 3:39 pm

കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പ്രവാസിയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കും. നഗരസഭ അനുമതി നിഷേധിച്ചതിന് പിന്നില്‍ നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മര്‍ദങ്ങളാണോ അനുമതി നിഷേധിക്കാന്‍ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹൈകോടതി പരിശോധിക്കുക.

ആന്തൂര്‍ നഗരസഭ പരിധിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതില്‍ മനംനൊന്താണ് ഉടമയായ പ്രവാസി വ്യവസായി പാര്‍ഥ ബില്‍ഡേഴ്‌സ് എംഡി സാജന്‍(48) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആന്തൂര്‍ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ ടി അഗസ്റ്റിന്‍, ബി സുധീര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.