ലോകത്തെ ഭിന്നിപ്പിക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റ്

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്നത് റഷ്യയുടെ മാത്രം ആഗ്രഹമൊന്നുമല്ല. നമ്മുടെ രാജ്യവും അത്തരം ആലോചനകളുടെ വക്താക്കളുടെ കൈകളിലാണ്. ഓരോ രാജ്യത്തിനും അവരുടേതായ താത്പര്യങ്ങളുണ്ടെന്ന് മാത്രം. റഷ്യക്ക് അമേരിക്കയുടെയും ഗൂഗിളിന്റെയും ടെക് അധിനിവേശം അവസാനിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ നമ്മുടെ രാജ്യത്ത് സര്‍ക്കാറിനെതിരെയുള്ള അഭിപ്രായ രൂപവത്കരണം തടയുക എന്നതാണ്. രാജ്യത്ത് സര്‍ക്കാറിനെതിരെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മാധ്യമം ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമൂഹിക മാധ്യമങ്ങളാണ്. ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന ആശയത്തിലൂടെ കഴിയും. വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ് ലോകത്ത് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാന്‍ ഏതെങ്കിലും രാജ്യത്തിന് മാത്രമായി കഴിയില്ലല്ലോ. ചില സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയവ നിരോധിക്കുകയെന്നതല്ലാതെ പൂര്‍ണമായുള്ള ഒരു നിയന്ത്രണം ഒരിക്കലും സാധ്യമല്ല. എന്നാല്‍ ഇങ്ങനെ നടത്തുന്ന നാമമാത്ര നിരോധനങ്ങളൊക്കെ തന്നെ അന്താരാഷ്ട്ര തലത്തില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും അത്തരം നിരോധനങ്ങളില്‍ നിന്ന് രാജ്യങ്ങള്‍ക്ക് പിന്മാറേണ്ടി വരികയും ചെയ്യേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് കൊണ്ട് കഴിയുമെന്നാണ് ഇത്തരത്തിലുള്ള ആലോചനകളുടെ പിന്നാമ്പുറ സത്യം.
Posted on: June 18, 2019 12:31 pm | Last updated: June 18, 2019 at 12:31 pm

ലോകജനത ഐക്യത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ് ഇന്റര്‍നെറ്റ് എന്ന മഹാസാമ്രാജ്യം. അവിടെ കറുത്തവനെന്നോ വെളുത്തവനെന്നോ തുടങ്ങി വകഭേദങ്ങളൊന്നുമില്ല. എന്നാല്‍ ഈയടുത്ത കാലത്തായി കേട്ട് കൊണ്ടിരിക്കുന്നതും അനുഭവിക്കുന്നതുമായ ചില വാര്‍ത്തകളില്‍ നിന്ന്, ഇന്റര്‍നെറ്റ് എന്ന വിശാല ലോകത്തും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കപ്പെടുകയോ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയോ ചെയ്തതായാണ് മനസ്സിലാകുന്നത്. കഴിഞ്ഞ മെയ് ഒന്നാം തീയതി സ്വതന്ത്ര ഇന്റര്‍നെറ്റ് രൂപവത്കരിക്കാന്‍ റഷ്യ പാസാക്കിയ ഇന്റര്‍നെറ്റ് പരമാധികാരം (internet sovereignty) ബില്‍ ഇത്തരം ഒരു അതിര്‍ത്തി നിര്‍ണയിക്കലിന്റെ തുടക്കമായി കണക്കാക്കാം. ഇതിനെത്തുടര്‍ന്ന് ലോക സാങ്കേതിക രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും അധികം വൈകാതെ തന്നെ ലോകം ഇത്തരം ഒരു വേര്‍തിരിവിലെത്തുമെന്നാണ് കാണിക്കുന്നത്. ഇന്റര്‍നെറ്റ് എന്ന വേള്‍ഡ് വൈഡ് വെബ് (www) മറ്റ് അക്ഷരങ്ങളാലും ഇനി നമുക്ക് തിരിച്ചറിയേണ്ടിവരും. ഓരോ രാജ്യവും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വാവെയ്‌ക്കെതിരെ അമേരിക്കയും ഗൂഗിളും എടുത്തിരിക്കുന്ന നിലപാടുകളും റഷ്യയുടെ സ്വതന്ത്ര ഇന്റര്‍നെറ്റ് നീക്കവുമൊക്കെ ചേര്‍ത്ത് വായിക്കപ്പെടേണ്ട ഘടകങ്ങളാണ്. വാവെയ് ഫോണുകള്‍ക്ക് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒ എസുകള്‍ നല്‍കില്ലെന്ന തീരുമാനവും അതിനെ അതിജീവിക്കാനുള്ള വാവെയുടെ ശ്രമങ്ങളുമാണ് ഇന്ന് ടെക് ലോകത്തിന്റെ ചര്‍ച്ചാ വിഷയം. ഇത് എവിടെ കൊണ്ടെത്തിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. തീര്‍ച്ചയായും ഈയൊരു മല്‍പ്പിടിത്തത്തിനിടയില്‍ ലോകത്തിന് ചില ഗുണങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ അതിനേക്കാളേറെ വലുത് ഈ മത്സരം അതിജയിക്കാനായി ഇത്തരം കമ്പനികളെ ലോകത്തെ മുന്‍നിരയിലുള്ള രാജ്യങ്ങള്‍ തന്നെയാണ് പിന്തുണക്കുന്നത് എന്നതാണ്. അത് ലോകത്ത് പലതരത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കും വഴിവെച്ചേക്കാം.

ചൈനീസ് കമ്പനിയായ വാവെയ്ക്ക് എല്ലാവിധ സഹായവും നല്‍കി ചൈനീസ് സര്‍ക്കാര്‍ നിലകൊള്ളുകയും ചൈനയും റഷ്യയും ഈ രംഗത്ത് സഹകരണത്തിലേര്‍പ്പെടുകയും ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അമേരിക്കക്കും ഇന്റര്‍നെറ്റ് അടക്കിഭരിക്കുന്ന ഗൂഗിളിനുമെതിരെ ആദ്യമേ തന്നെ രംഗത്തുള്ള രാജ്യമാണ് ചൈന. ഗൂഗിള്‍ ഉത്പന്നങ്ങള്‍ക്കെതിരെ തദ്ദേശീയമായ ബദലുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് ചൈന. അവിടെ നിന്നുതന്നെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന് ബദലായി പുതിയ ഓപറേറ്റിംഗ് സിസ്റ്റവും വരുന്നത്.

രാജ്യങ്ങളുടെ താത്പര്യം

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്നത് റഷ്യയുടെ മാത്രം ആഗ്രഹമൊന്നുമല്ല. നമ്മുടെ രാജ്യവും അത്തരം ആലോചനകളുടെ വക്താക്കളുടെ കൈകളിലാണ്. ഓരോ രാജ്യത്തിനും അവരുടേതായ താത്പര്യങ്ങളുണ്ടെന്ന് മാത്രം. റഷ്യക്ക് അമേരിക്കയുടെയും ഗൂഗിളിന്റെയും ടെക് അധിനിവേശം അവസാനിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ നമ്മുടെ രാജ്യത്ത് സര്‍ക്കാറിനെതിരെയുള്ള അഭിപ്രായ രൂപവത്കരണം തടയുക എന്നതാണ്. രാജ്യത്ത് സര്‍ക്കാറിനെതിരെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മാധ്യമം ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമൂഹിക മാധ്യമങ്ങളാണ്.

ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന ആശയത്തിലൂടെ കഴിയും. വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ് ലോകത്ത് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാന്‍ ഏതെങ്കിലും രാജ്യത്തിന് മാത്രമായി കഴിയില്ലല്ലോ. ചില സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയവ നിരോധിക്കുകയെന്നതല്ലാതെ പൂര്‍ണമായുള്ള ഒരു നിയന്ത്രണം ഒരിക്കലും സാധ്യമല്ല. എന്നാല്‍ ഇങ്ങനെ നടത്തുന്ന നാമമാത്ര നിരോധനങ്ങളൊക്കെ തന്നെ അന്താരാഷ്ട്ര തലത്തില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും അത്തരം നിരോധനങ്ങളില്‍ നിന്ന് രാജ്യങ്ങള്‍ക്ക് പിന്മാറേണ്ടി വരികയും ചെയ്യേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് കൊണ്ട് കഴിയുമെന്നാണ് ഇത്തരത്തിലുള്ള ആലോചനകളുടെ പിന്നാമ്പുറ സത്യം.

വൈകുന്ന 5ജി

വാവെയ്‌ക്കെതിരെയുള്ള അമേരിക്കന്‍ നടപടി അഞ്ചാം തലമുറ ഇന്റര്‍നെറ്റിന്റെ (5ജി) വരവ് വൈകിപ്പിക്കുന്നു എന്നതാണ് ടെക് ലോകത്തിന്റെ വേവലാതി. ലോകത്ത് 5ജി സാങ്കേതിക വിദ്യ കരസ്ഥമാക്കിയ കമ്പനികളില്‍ പ്രമുഖനാണ് വാവെയ്. 2019 തുടക്കത്തില്‍ ലോകത്ത് 5ജി സേവനം ലഭ്യമാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. ടെക് ലോകത്ത് അമേരിക്ക തങ്ങളുടെ താത്പര്യ സംരക്ഷണത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ 5ജിയുടെ രംഗപ്രവേശം വൈകിപ്പിക്കുകയാണ്. മൊബൈല്‍ വില്‍പ്പനയിലും സാങ്കേതികതയിലും മുന്‍പന്തിയിലുള്ള വാവെയ് ഒഴിവാക്കി 5ജി നടപ്പാക്കല്‍ അത്ര എളുപ്പമാകില്ല. കാരണം ലോകത്ത് 5ജി സാങ്കേതികവിദ്യ കരസ്ഥമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ പലതും വാവെയുടെ സാങ്കേതികവിദ്യയുടെ പിന്‍ബലമാണ് തേടുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകത്തെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ശരാശരി വേഗം 26.96 (ഡൗണ്‍ലോഡ്), 10.40 (അപ്‌ലോഡ്) എന്നിവയാണ്. 121ാം സ്ഥാനത്തുള്ള ഇന്ത്യയിലാണെങ്കില്‍ ഇത് 10.71ഉം 4.20 മാണ്. 110ാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ 13.39ഉം 9.84 മാണ്. ഇന്ത്യയില്‍ ജിയോ അല്ലാത്ത സേവനദാതാക്കളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം 10 എം ബി പി എസിന് താഴെയാണെങ്കിലും ജിയോയുടെത് 20 എം ബി പി എസില്‍ കൂടുതലാണ്.
എന്നാല്‍ 5ജി സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇന്റര്‍നെറ്റ് വേഗം ഒരു ജി ബി മുതല്‍ 10 ജി ബി വരെ വര്‍ധിക്കും. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേഗത്തേക്കാള്‍ പത്ത് മടങ്ങ് വേഗം 5ജിയില്‍ ലഭിക്കുമെന്നര്‍ഥം. ഇത്തരത്തില്‍ വളരെ വേഗത്തില്‍ ലോകത്തെ വിവര കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികതയാണ് അമേരിക്കയുടെ വാവെയ് പേടിയില്‍ നേരം വൈകുന്നത്.

ഗൂഗിളിന്റെ പേടി

എന്നാല്‍ വാവെയ്ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒ എസ് നിഷേധിച്ചുകൊണ്ടുള്ള അമേരിക്കന്‍ നടപടിയില്‍ ഗൂഗിള്‍ അത്ര സംതൃപ്തരല്ല. കാരണം ലോകത്ത് എന്തൊക്കെ ഉത്പന്നങ്ങളുണ്ടോ അതിന്റെയൊക്കെ “ഫോട്ടോസ്റ്റാറ്റ്’ കോപ്പി ഇറക്കി പരിചയമുള്ള ചൈനക്കാരന്‍ ഇതിനെയും മറികടക്കുമെന്നതാണ് ഗൂഗിളിന്റെ പേടി. അങ്ങനെ സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഗൂഗിളിനെ തന്നെയായിരിക്കും. ഇന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നവനൊക്കെ ഗൂഗിളിന്റെ ഏതെങ്കിലും ഉത്പന്നം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാണ്. ഈയൊരു കുത്തകയാണ് ഗൂഗിളിനെ മൊബൈല്‍ ടെക്‌നോളജി രംഗത്ത് അനിഷേധ്യമാക്കി നിര്‍ത്തുന്നത്. ഗൂഗിളിന്റെ ഓപറേറ്റിംഗ് സിസ്റ്റം നിഷേധിക്കുന്നതിലൂടെ വാവെയ് തങ്ങളുടേതായ ഒ എസ് ഇറക്കിയാല്‍ അത് ഏറ്റവും ബാധിക്കുക ഗൂഗിളിനെ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ നിരോധനം പിന്‍വലിക്കണമെന്നാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ചിന്ത.

ചൈന-റഷ്യ ഭായ് ഭായ്

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന ആശയത്തിനായി ചൈന സ്വീകരിച്ചിരിക്കുന്ന പലതിനും സമാനമാണ് ഇപ്പോള്‍ റഷ്യ അവതരിപ്പിക്കുന്ന ഇന്റര്‍നെറ്റ് പരമാധികാര ബില്‍. രാജ്യത്തിനകത്ത് നിന്നുള്ള എതിര്‍ ശബ്ദങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും കൊണ്ടുവന്ന ചൈനയുടെ ഗ്രേറ്റ് ഫയര്‍വാളിന് സമാനമാണ് റഷ്യ അവതരിപ്പിച്ചിരിക്കുന്ന ബില്ലിലെ പല നിര്‍ദേശങ്ങളും. രാജ്യ രഹസ്യങ്ങള്‍ ചോരുന്നത് തടയാനും പൗരന്മാര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ അറിയുന്നതിനു വേണ്ടി എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളും തങ്ങളുടെ ശൃംഖലയില്‍ ഡി പി ഐ ഉപകരണമായ ബ്ലാക്ക് ബോക്‌സുകള്‍ ഘടിപ്പിക്കണമെന്നതാണ് നിര്‍ദേശം. വിവര സാങ്കേതിക രംഗത്ത് റഷ്യയും ചൈനയും തമ്മിലുള്ള ഈ കൂട്ടുകെട്ട് പല പ്രത്യാഘാതങ്ങളുമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ റഷ്യ 5ജി സാങ്കേതികവിദ്യ കരസ്ഥമാക്കുന്നതിനായി വാവെയുടെ സഹായം തേടിയിരിക്കുകയാണ്. വാവെയെ ഒറ്റപ്പെടുത്താനിറങ്ങി അവസാനം അമേരിക്ക ഒറ്റപ്പെടുന്നിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കാരണം 5ജി സാങ്കേതികവിദ്യ നടപ്പാക്കണമെങ്കില്‍ വാവെയുടെ സഹായമില്ലാതെ നടക്കാത്ത അവസ്ഥയാണ്. വാവെയെ മാറ്റിനിര്‍ത്തിയാല്‍ അമേരിക്കക്ക് 5ജി നടപ്പാക്കണമെങ്കില്‍ 2021 വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. അപ്പോഴേക്കും ചൈനയുടെ സഹായത്തോടെ റഷ്യയെ പോലോത്ത ഐ ടി രംഗത്ത് പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ അഞ്ചാം തലമുറ ഇന്റര്‍നെറ്റിന്റെ ഉപഭോക്താക്കളായി മാറിയിരിക്കും. ഏതായാലും ടെക്‌നോളജി രംഗത്തെ ഈ പോരാട്ടം എവിടെയെത്തുമെന്ന് കണ്ടറിയുക തന്നെ വേണം.