Connect with us

International

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

കൈറോ: ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ്മുഹമ്മദ് മുർസി അന്തരിച്ചു. കോടതിയിൽ ഹാജരാകുന്നതിനിടെ കുഴഞ്ഞുവീണ മുർസിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് ഈജിപ്ഷ്യൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

അര ഡസൻ കേസുകളിൽ വിചാരണ നേരിടുന്ന 67കാരനായ മുർസി ആറ് വർഷമായി തടവിലായിരുന്നു. 20 വർഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് കോടതി വിധിച്ചിരുന്നത്. ഹമാസുമായി ചേർന്ന് ഈജിപ്തിനെതിരെ പ്രവർത്തിച്ചുവെന്ന കേസിലാണ് അദ്ദേഹത്തെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. 20 മിനുട്ട് നേരം ന്യായാധിപന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ മുർസി കോടതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഹുസ്‌നി മുബാറക്കിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് 2012ൽ മുഹമ്മദ് മുർസി ഈജിപ്തിന്റെ പ്രസിഡന്റായത്.

ബ്രദർഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ടിക്കറ്റിലാണ് അദ്ദേഹം ജനവിധി തേടിയത്. പ്രക്ഷോഭകാരികൾ മുന്നോട്ട് വെച്ച വിപ്ലവ പ്രതീക്ഷകൾ ചുമലിലേറ്റി അധികാരത്തിലെത്തിയ മുർസിക്ക് ഈ ദിശയിൽ ഏറെ മുന്നോട്ട് പോകാനായില്ല.

നിരാശരായ ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയതോടെ സൈന്യം അധികാരം പിടിക്കുകയായിരുന്നു. ഒരു വർഷം മാത്രമാണ് മുർസിക്ക് അധികാരത്തിൽ തുടരാനായത്.

Latest