Connect with us

Gulf

ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് 'ഫ്രീ സിം കാര്‍ഡ്' പദ്ധതിയുമായി ഇമിഗ്രേഷന്‍

Published

|

Last Updated

ദുബൈ: ദുബൈയിലേക്ക് വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കാന്‍ പുതുമയുള്ള പദ്ധതികളുമായി ജി ഡി ആര്‍ എഫ് (ദുബൈ ഇമിഗ്രേഷന്‍ വിഭാഗം) രംഗത്ത്. ഇതിന്റെ ഭാഗമായി ദുബൈയിലെത്തുന്ന വിനോദസഞ്ചാര, സന്ദര്‍ശക വിസകളിലെത്തുന്നവരെ ലക്ഷ്യം വെച്ച് എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ “കണക്ട് വിത്ത് ഹാപ്പിനസ്” എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു.

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവര്‍ക്കാണ് സൗജന്യ പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ്. ഒരു മാസത്തെ സമയ പരിധിയില്‍ നല്‍കുന്ന ഡു സിം കാര്‍ഡ് ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജി സിസി പൗരന്മാര്‍ എന്നിവര്‍ക്കും ലഭ്യമാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് അധികൃതര്‍ പറഞ്ഞു.
18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ. മൂന്നു മിനിറ്റ് ടോക് ടൈം, 20 എംബി മൊബൈല്‍ ഡാറ്റ എന്നിവയും സൗജന്യമായുള്ള സിം കാര്‍ഡ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് ലഭിക്കുമെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. സിം കാര്‍ഡിന് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി ഉള്‍പെടുന്ന ഒരു പാക്കേജ് തന്നെ പദ്ധതിയിലുണ്ടെന്നും അല്‍ മര്‍റി ചൂണ്ടിക്കാട്ടി.
ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1, 2, 3 ലൂടെ എത്തുന്നവര്‍ക്ക് സിം ലഭ്യമാകും. ദുബൈയിലെത്തുന്ന സഞ്ചാരികളുടെ സന്തോഷമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്മാര്‍ട് ദുബൈ ഓഫിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്ര്‍ പറഞ്ഞു.
വിനോദ സഞ്ചാരികള്‍ യു എ ഇയില്‍ നിന്ന് പുറത്തേക്ക് കടക്കുമ്പോള്‍ സിം പ്രവര്‍ത്തന രഹിതമാകുമെന്ന് ഡു എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫവാദ് അല്‍ ഹാസാവി പറഞ്ഞു. സ്‌മോള്‍, മീഡിയം, ലാര്‍ജ് പാക്കേജുകളില്‍ സിം ടോപ് അപ് ചെയ്യാനും സാധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജി ഡി ആര്‍ എഫ് എ ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, പോര്‍ട്‌സ് അഫയേഴ്‌സ് അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ തലാല്‍ അല്‍ ശര്‍ഖ്തി, കോര്‍പറേറ്റ് സപ്പോര്‍ട് സെക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ ഇബ്‌റാഹീം, ദുബൈ എയര്‍പോര്‍ട് മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് അനിതാ മെഹ്‌റ എന്നിവരും മറ്റു ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ വിസിറ്റ് വിസക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് അധികൃതര്‍ നല്‍കിത്തുടങ്ങി.

Latest