Connect with us

Kerala

രാജ്യവ്യാപകമായ ഡോക്ടര്‍മാരുടെ പണിമുടക്ക് പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി/ തിരുവനന്തപുരം: ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വിഭാഗവും സ്തംഭിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) നേതൃത്വത്തിലാണ് പണിമുടക്ക്.
ഡോക്ടര്‍മാരുടെയും മെഡിക്കല്‍ മേഖലയിലെ മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രതലത്തില്‍തന്നെ നിയമം രൂപീകരിക്കണമെന്നാണ് ഐ എം എ ആവശ്യം.

സംസ്ഥാനത്ത് കെ ജി എം ഒയുടെ നേതൃത്വത്തില്‍ രോഗികളെ വലച്ചുള്ള പണിമുടക്ക് തുടരുകയാണ്. നിരവധി രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ തേടി ക്യൂ നില്‍ക്കുന്നത്. എന്നാല്‍ പലയിടത്തും േേഡാക്ടര്‍ ഇല്ലെന്ന അറിയിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്.

ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള ഒപിക്കായി വന്നവരാണ് ക്യൂ നില്‍ക്കുന്നവരില്‍ പലരും. ഇന്ന് ഡോക്ടറെ കാണാനായില്ലെങ്കില്‍ ഇവര്‍ പരിശോധനക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.
രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്.

രാവിലെ പത്ത് വരെയാണ് സര്‍ക്കാര്‍ ഡോക്ടര്‍ ഒ പി ബഹിഷ്‌ക്കരിച്ചത്. എന്നാല്‍ കെ ജി എസ് ഡി എയുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒ പിയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.

സ്വകാര്യ ആശുപത്രികളിലെ പരിശോധന പൂര്‍ണമായും നിലച്ച അവസ്ഥയാണ്. മഴ തുടങ്ങിയതോടെ പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങളുമായി നൂറ്കണക്കിന് രോഗികള്‍ ആശുപത്രിയിലെത്തുന്ന സമയത്ത് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.