ഈ വോട്ട് എന്റെ ഇന്ത്യയുടേതല്ല

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇസ്‌റാഈലിന് അനുകൂലമായി വോട്ട് ചെയ്യുന്നത്. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കൊപ്പമല്ല, മതാധിഷ്ഠിതമായും ബലാത്കാരമായും പടുത്തുയർത്തുകയും സയണിസത്തിന്റെ എല്ലാ സ്വഭാവങ്ങളും ഒരു മറയുമില്ലാതെ നടപ്പാക്കുകയും ചെയ്യുന്ന ഇസ്‌റാഈലിനൊപ്പമാണ് ഇന്ത്യയെന്നാണ് ഈ വോട്ട് പ്രഖ്യാപിക്കുന്നത്. ഒന്നാം മോദി സർക്കാർ തുടങ്ങി വെച്ച വിദേശനയത്തിന്റെ വിളവെടുപ്പാണ് ഈ വോട്ട്. കൂടുതൽ വിതക്കുള്ള വിത്താണ് കൊയ്‌തെടുത്തിരിക്കുന്നത്. ഹിന്ദുത്വവും സയണിസവും തമ്മിലുള്ള ആശയപ്പൊരുത്തത്തിൽ നിന്നാണ് ഈ വോട്ട് പിറക്കുന്നത്. അത്‌കൊണ്ട് ഇത് സമാനതയുടെ രാഷ്ട്രീയമാണ്. എല്ലാ ജനകീയ പ്രശ്‌നങ്ങളെയും പിന്നോട്ട് തള്ളി വംശീയതയും വർഗീയതയും കത്തിച്ചു നിർത്തുന്ന രാഷ്ട്രീയം. വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമ്പോൾ ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണ്.
ലോകവിശേഷം
Posted on: June 16, 2019 11:24 am | Last updated: June 16, 2019 at 5:49 pm

സാമൂഹിക പാഠം ക്ലാസിൽ പണ്ടേ പഠിച്ചതാണ്; രാഷ്ട്രത്തിന്റെ ഘടകങ്ങൾ ഭൂമി, ജനത, പരമാധികാരം, സർക്കാർ, അന്താരാഷ്ട്ര അംഗീകാരം എന്നിവയാണെന്ന്. അവയോരോന്നും ഓരോ പാരാഗ്രാഫിൽ വിശദീകരിച്ചാൽ എസ്സേക്കുള്ള പത്ത് മാർക്കിൽ എട്ടൊക്കെ നിശ്ചയമായും കിട്ടും. ഉത്തരക്കടലാസ് നോക്കുന്ന സാർ വിശദീകരണമൊന്നും വായിക്കില്ല, പാരാകളുടെ തലക്കെട്ടേ നോക്കൂ എന്ന് അന്ന് കൂട്ടുകാരൻ ബുദ്ധിയുപദേശിച്ചിരുന്നു. ഈ അഞ്ച് പോയിന്റുകൾ പരീക്ഷയിലെ ഉത്തരം മാത്രമാണെന്നും അതൊന്നുമല്ല രാഷ്ട്രമെന്നും പിന്നീട് ആരൊക്കെയോ പറഞ്ഞും അനുഭവിച്ചും മനസ്സിലായി.

രാഷ്ട്രം ഒരേ സമയം സ്വാതന്ത്ര്യവും തടവറയുമാണെന്നും തിരിഞ്ഞു. പൗരന് അനുഭവപ്പെടുന്നതാണ് രാഷ്ട്രം. പാരമ്പര്യവും മൂല്യങ്ങളും ചരിത്രവുമാണ് രാഷ്ട്രത്തെ സൃഷ്ടിക്കുന്നത്. അവയെച്ചൊല്ലിയുള്ള അഭിമാനമാണ് ദേശസ്‌നേഹം. അങ്ങനെയെങ്കിൽ ഇന്ത്യയെന്ന രാജ്യം മരിച്ചു കൊണ്ടിരിക്കുകയാണ്. “നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി’യെന്ന് ഇപ്പോൾ പാടേണ്ടത് ഈ രാജ്യത്തെ നോക്കിയാണ്. ഇന്ത്യയെന്ന ആശയത്തിന്റെ പതനം കുറിക്കുന്ന നിരവധി അട്ടിമറികളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഈ രാജ്യം സഹസ്രാബ്ദങ്ങൾ പിഴയൊടുക്കിയാലും പരിഹരിക്കാനാകാത്ത അത്തരം പതനങ്ങൾ ഒരു ആഘാതവുമില്ലാതെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് മഹാകഷ്ടം. യു എന്നിന്റെ സാമ്പത്തിക സാമൂഹികകാര്യ സമിതിയിൽ ഇസ്‌റാഈലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തുവെന്നത് അത്തരമൊരു പതനമാണ്. ഒരു സാധാരണ വാർത്തയായി, ആരാലും ശ്രദ്ധിക്കപ്പെടാതെ ക്രൂരമായ ആ അട്ടിമറി സംഭവിച്ചു. ഇക്കാലം വരെ ഇന്ത്യ കാത്തു സൂക്ഷിച്ചിരുന്ന ഒരു മൂല്യം കൂടി മരിച്ചു വീണു.

പ്രത്യക്ഷത്തിൽ സംഗതി നിസ്സാരമാണ്. ഫലസ്തീന്റെ ‘ശാഹിദ്’ എന്ന മനുഷ്യാവകാശ സംഘടനക്ക് ഐക്യരാഷ്ട്ര സഭയിലെ വിവിധ സംഘടനകളിൽ നിരീക്ഷണ പദവി നൽകരുതെന്ന ഇസ്‌റാഈൽ പ്രമേയത്തെ പിന്തുണച്ചാണ് ഇന്ത്യ വോട്ട് ചെയ്തത്. ഈ മാസം ആറിനായിരുന്നു യു എൻ സാമ്പത്തിക സാമൂഹിക സമിതിയിൽ ഫലസ്തീൻ എൻ ജി ഒ ആയ “ശാഹിദി’ന് നിരീക്ഷക പദവി നൽകുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. ശാഹിദിന് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇസ്‌റാഈൽ രംഗത്തെത്തിയത്.

ലബനാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫലസ്തീൻ സംഘടനയാണ് ശാഹിദ്. മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്ന ഈ സംഘടനയെ ഇസ്‌റാഈൽ വിദേശകാര്യ മന്ത്രാലയം തീവ്രവാദ സംഘടനായി മുദ്ര കുത്തിയിരുന്നു. ഇന്ത്യക്ക് പുറമേ അമേരിക്ക, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളും ഇസ്‌റാഈലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എന്നാൽ ചൈന, റഷ്യ, സഊദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായാണ് വോട്ട് ചെയ്തത്. 14നെതിരെ 28 വോട്ടുകൾക്ക് പ്രമേയം തള്ളി. ഇതിൽ എന്താണ് പ്രശ്‌നം? ഒരു സംഘടന യു എൻ സമിതിയിൽ വന്നാലെന്ത് വന്നില്ലെങ്കിലെന്ത്? ആ സംഘടനക്ക് ഹമാസുമായി ബന്ധമുണ്ടെങ്കിൽ എതിർക്കപ്പെടേണ്ടത് തന്നെയല്ലേ? ഇങ്ങനെയാണ് ശുദ്ധഗതിക്കാരായ ചില നിരീക്ഷകരും പുതിയ ഇന്ത്യയെ പിന്തുണക്കുന്നവരും ചോദിക്കുന്നത്. തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപിത ഇന്ത്യൻ നിലപാടിനോട് ചേർന്നു പോകുന്ന നയമല്ലേ ഇതെന്നും അത്തരക്കാർ ചോദിക്കുന്നു.

ഈ ചോദ്യങ്ങൾ ദശാബ്ദങ്ങൾ പിന്നോട്ട് കിടക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെ ഇരുട്ടിൽ നിർത്തിയാണ് ചോദിക്കപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇസ്‌റാഈലിന് അനുകൂലമായി വോട്ട് ചെയ്യുന്നതെന്നോർക്കണം. ഈ വോട്ടിലൂടെ ഇന്ത്യയിലെ മതരാഷ്ട്രവാദികൾ ഒന്നടങ്കം വലിയൊരു പ്രഖ്യാപനം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കൊപ്പമല്ല, മതാധിഷ്ഠിതമായും ബലാത്കാരമായും പടുത്തുയർത്തുകയും സയണിസത്തിന്റെ എല്ലാ സ്വഭാവങ്ങളും ഒരു മറയുമില്ലാതെ നടപ്പാക്കുകയും ചെയ്യുന്ന ഇസ്‌റാഈലിനൊപ്പമാണ് ഇന്ത്യയെന്നാണ് ഈ വോട്ട് പ്രഖ്യാപിക്കുന്നത്. ഒന്നാം മോദി സർക്കാർ തുടങ്ങി വെച്ച വിദേശനയത്തിന്റെ വിളവെടുപ്പാണ് ഈ വോട്ട്. കൂടുതൽ വിതക്കുള്ള വിത്താണ് കൊയ്‌തെടുത്തിരിക്കുന്നത്. ഹിന്ദുത്വവും സയണിസവും തമ്മിലുള്ള ആശയപ്പൊരുത്തത്തിൽ നിന്നാണ് ഈ വോട്ട് പിറന്നിരിക്കുന്നത്. അത്‌കൊണ്ട് ഇത് സമാനതയുടെ രാഷ്ട്രീയമാണ്. എല്ലാ ജനകീയ പ്രശ്‌നങ്ങളെയും പിന്നോട്ട് തള്ളി വംശീയതയും വർഗീയതയും കത്തിച്ചു നിർത്തുന്ന രാഷ്ട്രീയം. വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമ്പോൾ ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണ്.

ദുർബലമായ ഒരു പ്രതിപക്ഷവും തീവ്രദേശീയതയുടെ ആന്ധ്യം ബാധിച്ച രാഷ്ട്രീയ ഭൂരിപക്ഷവും നിലനിൽക്കുമ്പോൾ ചരിത്രം ആവർത്തിച്ച് പറയുകയെന്നത് മാത്രമാകും ഏറ്റവും ജനാധിപത്യപരമായ പ്രതിരോധം. ‘രാഷ്ട്രമില്ലാത്ത ജൂതർ’ക്കായി അറബ് മണ്ണ് കവർന്ന് വാഗ്ദത്ത ഭൂമി സൃഷ്ടിക്കാൻ ബ്രിട്ടീഷ്, അമേരിക്കൻ സാമ്രാജ്യത്വം സർവ കുതന്ത്രങ്ങളും പുറത്തെടുത്തപ്പോൾ മതാധിഷ്ഠിത രാഷ്ട്രത്തെ ആദ്യം എതിർത്തത് മഹാത്മാ ഗാന്ധിയായിരുന്നു. ഗാന്ധിയുടെ ആ നിലപാടിൽ കാലാകാലത്തേക്കുമുള്ള ഇന്ത്യയുടെ മൂല്യം ഉൾച്ചേർന്നിരുന്നു. പിടിച്ചു വാങ്ങിയല്ല രാഷ്ട്രം പണിയേണ്ടതെന്നും സഹവർത്തിത്വമായിരിക്കണം രാഷ്ട്രങ്ങളുടെ ആണിക്കല്ലെന്നും ഗാന്ധി പറഞ്ഞു. അതിർത്തിക്കകത്ത് തളച്ചിട്ടതായിരുന്നില്ല അദ്ദേഹത്തിന്റെ ദേശീയത. 1948 മെയ് 15ന് ഇസ്‌റാഈൽ നിലവിൽ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തിൽ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങൾ നിർബാധം തുടർന്നു, ചെറുത്തുനിൽപ്പുകളും. കൊന്നു തള്ളിയാണ് ഈ ചെറുത്തു നിൽപ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കിയത്. ഇസ്‌റാഈൽ നിലവിൽ വന്ന ശേഷം എത്രയെത്ര കൂട്ടക്കൊലകൾ. ഓരോന്നും ഇസ്‌റാഈലിന്റെ നിലനിൽപ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. അതുകൊണ്ട്, അധിനിവേശത്തെ അഹിംസ കൊണ്ട് ചെറുത്ത ഇന്ത്യക്ക് ഇസ്‌റാഈലിനായി കൈയുർത്താൻ സാധിക്കുമായിരുന്നില്ല. നെഹ്‌റുവിയൻ യുഗത്തിൽ ഈ മൂല്യം കൃത്യമായി പാലിക്കപ്പെട്ടു. 1949ൽ ഇസ്‌റാഈലിന്റെ യു എൻ പ്രവേശത്തെയും ഇന്ത്യ ശക്തമായി എതിർത്തു. തുടക്കത്തിൽ തങ്ങളുടെ അറബ് സുഹൃത്തുക്കളുടെ അപ്രീതി സമ്പാദിക്കാതിരിക്കാനാണ് പ്രധാനമായും ഇന്ത്യ ഇങ്ങനെ ഒരു നിലപാട് എടുത്ത് പോന്നിരുന്നതെങ്കിലും പിന്നീട് ഫലസ്തീന് മേലുള്ള ഇസ്‌റാഈലിന്റെ ആക്രമണങ്ങളും അധിനിവേശ ശ്രമങ്ങളും ഇന്ത്യയുടെ എതിർപ്പിന് കാരണമായി. ഒടുവിൽ രാജ്യം രൂപവത്കൃതമായി രണ്ട് വർഷത്തിന് ശേഷമാണ് ഇസ്‌റാഈലിന്റെ പിറവിയെ ഇന്ത്യ ഔപചാരികമായി അംഗീകരിക്കാൻ തയ്യാറായത്, 1950ൽ.

അധിനിവേശത്തിന്റെ കെടുതികൾ അനുഭവിച്ച നവ സ്വതന്ത്ര രാഷ്ട്രങ്ങൾ അവയുടെ വിദേശ നയത്തിൽ കൃത്യമായ ഒരു നിലപാട്തറ സൃഷ്ടിച്ചിരുന്നു. അധിനിവേശം ആരൊക്കെ അനുഭവിക്കുന്നുവോ അവരോടൊപ്പം എക്കാലവും അടിയുറച്ച് നിൽക്കുക എന്നതായിരുന്നു ആ നയം. അതുകൊണ്ടാണ് ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്‌റാഈലിനെ അംഗീകരിക്കുമ്പോഴും അതിന്റെ പിടിച്ചടക്കൽ നയത്തെ ഇന്ത്യ കൃത്യമായി തുറന്ന് കാണിച്ചത്. ഫലസ്തീന്റെ മണ്ണ് കവർന്നെടുക്കുന്ന അതിർത്തി വ്യാപന നയത്തെ ഇന്ത്യ യു എന്നിൽ ശക്തമായി എതിർത്തു. കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്നത് ലോകത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യ എക്കാലവും നിലപാടെടുത്തു. 1967ൽ ഗാസയും വെസ്റ്റ്ബാങ്കും ഇസ്‌റാഈൽ പിടിച്ചടക്കിയപ്പോൾ ഇന്ത്യൻ മുൻ കൈയിലാണ് യു എന്നിൽ പ്രമേയം കൊണ്ടുവന്നത്. ഫലസ്തീൻ ജനതയുടെ ഔദ്യോഗിക പ്രതിനിധിയായി പി എൽ ഒയെ അംഗീകരിച്ച ആദ്യ അറബേതര രാജ്യമായിരുന്നു ഇന്ത്യ- 1974ൽ. ഫലസ്തീന്റെ രാഷ്ട്ര പദവി ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നുമാണ് ഇന്ത്യ- 1988ൽ. പോരാട്ടത്തിന്റെ മഹത്തായ പ്രചോദനമായാണ് യാസർ അറഫാത്തിനെ ഇന്ത്യൻ ജനത കണ്ടത്. പടിഞ്ഞാറൻ ഏഷ്യയിൽ ഇന്ത്യ പിൽക്കാലത്ത് കൈകൊണ്ട എല്ലാ നയതന്ത്ര തീരുമാനങ്ങളുടെയും അടിസ്ഥാനമായി ഫലസ്തീൻ ഉണ്ടായിരുന്നു.

ജൂതരാഷ്ട്രവുമായി സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനും ടെൽ അവീവിലെ എംബസി കെട്ടിടത്തിൽ ത്രിവർണ പതാക പറക്കാനും 1992വരെ കാത്തിരിക്കേണ്ടി വന്നുവെന്നോർക്കണം. ആഗോളവത്കരണത്തിന്റെ പാനപാത്രം മോന്താൻ തീരുമാനിച്ച് അമേരിക്കൻ പക്ഷത്തേക്ക് ചായുകയും ഐ എം എഫിന്റെ കാരുണ്യത്തിനായി കൈനീട്ടി നിൽക്കുകയും ചെയ്ത മൻമോഹൻ- റാവു യുഗത്തിലും ഫലസ്തീന് വേണ്ടിയുള്ള കരുതൽ പുറമേക്കെങ്കിലും ഇന്ത്യ പുലർത്തിയിരുന്നു. അന്ന് കോർപറേറ്റ് മൂലധനത്തിനായി ദാഹിച്ച് നടന്നപ്പോൾ തികച്ചും സാമ്പത്തിക കാരണങ്ങൾ കൊണ്ടാണ് അമേരിക്കൻ സമ്മർദത്തിൽ ഇസ്‌റാഈലുമായി സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇന്ത്യൻ നേതാക്കൾ ഇസ്‌റാഈൽ സന്ദർശിച്ചപ്പോൾ പോലും ഫലസ്തീനോടുള്ള കരുതൽ കൃത്യമായി അടയാളപ്പെടുത്താൻ ശ്രദ്ധിച്ചു. 2000ത്തിൽ എൽ കെ അഡ്വാനിയും 2008ൽ എ പി ജെ അബ്ദുൽ കലാമും 2014ൽ രാജ്‌നാഥ് സിംഗും 2015ൽ പ്രണാബ് മുഖർജിയും 2016ൽ സുഷമാ സ്വരാജും ഇസ്‌റാഈലിലെത്തി.

ഇവരിൽ മിക്കവരും ജറൂസലമിലും ടെൽ അവീവിലും പോയപ്പോൾ തന്നെ ഫലസ്തീൻ അതോറിറ്റി ആസ്ഥാനമായ രാമല്ലയിലും ചെന്നിരുന്നു. ഭരണകർത്താക്കൾ മാറുമ്പോഴും മാറാതെ നിൽക്കേണ്ട രാജ്യത്തിന്റെ നിലപാടുകളെയാണ് ഈ രാമല്ലാ സന്ദർശനങ്ങൾ പ്രതീകവത്കരിക്കുന്നത്. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ഈ നേതാക്കളുടെ കൂടിക്കാഴ്ചകൾ ഇന്ത്യയുടെ ചേരി ചേരായ്മയെയും ചരിത്രപരമായ ദൗത്യത്തെയും ഉയർത്തിപ്പിടിക്കുന്നു.

2014ലെ ഗാസാ കൂട്ടക്കുരുതിയിൽ ഇസ്‌റാഈലിന് മേൽ യുദ്ധക്കുറ്റം ചുമത്തുന്ന പ്രമേയം യു എൻ മനുഷ്യാവകാശ സമിതിയിൽ വോട്ടിനിട്ടപ്പോൾ ഇന്ത്യ വിട്ടു നിൽക്കുകയാണ് ചെയ്തത്. ഫലസ്തീൻ പക്ഷത്തെ അപ്പാടെ കൈയൊഴിയാൻ നരേന്ദ്ര മോദി സർക്കാറിന് പോലും സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വിട്ടുനിൽക്കൽ. എന്നാൽ, 2017 ജൂലൈ നാലിന് ഏല്ലാ കെട്ടുകളും പൊട്ടി. ഇസ്‌റാഈൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി അന്ന് നരേന്ദ്ര മോദി ടെൽ അവീവിൽ വന്നിറങ്ങി. “ഈ ബന്ധം സ്വർഗത്തിൽ എഴുതപ്പെട്ടതാണ്. ഭൂമിയിൽ നടപ്പാക്കുന്നുവെന്നേയുള്ളൂ’ എന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. നോക്കൂ, എത്ര മനോഹരമായാണ് അലൗകികതയും വിശ്വാസവുമൊക്കെ നയതന്ത്ര ബന്ധത്തിലേക്ക് കൊണ്ടു വന്നത്. മോദിയും ബിബി (നെതന്യാഹു)യും പല തവണ കെട്ടിപ്പിടിച്ചു. ലോകം വാഴ്ത്തി, ഇങ്ങനെയൊരു സൗഹൃദം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന്. തീർച്ചയായും ആ സന്ദർശനം ചരിത്രപരമായിരുന്നു. ചരിത്രത്തെ സമ്പൂർണമായി നിരാകരിച്ചുവെന്ന അർഥത്തിൽ.

അതി ശക്തനായി മോദി പ്രധാനമന്ത്രി കസേരയിൽ തിരിച്ചെത്തിയപ്പോൾ ആദ്യം അഭിനന്ദിച്ചത് നെതന്യാഹുവായിരുന്നു. മോദിയുടെ പടം വെച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. സഖ്യ കക്ഷിയെ കണ്ടെത്താനാകാതെ നെതന്യാഹു തത്കാലം താഴെയിറങ്ങുകയും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന ഇസ്‌റാഈലിൽ ഇന്ത്യയുടെ യു എൻ വോട്ട് വലിയ ആഘോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തീർച്ചയായും അതിന്റെ രാഷ്ട്രീയ ഗുണം നെതന്യാഹുവിന് കിട്ടും. ലോകം കണ്ട ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധനായ അവിഗ്‌ദോർ ലീബർമാനും. വർഗീയ രാഷ്ട്രീയം പരസ്പരം പുറം ചൊറിയുകയാണ്.