Connect with us

National

നാസിക്കിലെ പണമിടപാടു സ്ഥാപനത്തില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരനും കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ മാവേലിക്കര സ്വദേശി സജു സാമുവലാണ് മരിച്ചത്. കൊള്ള സംഘത്തിന്റെ ആക്രമണത്തില്‍ ബ്രാഞ്ച് മാനേജര്‍ സി ബി ദേശ്പാണ്ഡെ, ജീവനക്കാരന്‍ കൈലാഷ് ജയിന്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കും പരുക്കേറ്റു.

നാസിക്കിലെ ഉന്‍ത്വാഡി പ്രദേശത്തുള്ള സ്ഥാപനത്തിലാണ് സംഭവം. രാവിലെ 11.30ഓടെ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സായുധ സംഘം ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഇതിനിടയില്‍ ജീവനക്കാരിലൊരാള്‍ അപകട മുന്നറിയിപ്പു നല്‍കുന്ന സൈറണ്‍ ഓണാക്കി. ഇതോടെ പ്രകോപിതരും പരിഭ്രാന്തരുമായ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലക്ഷ്മികാന്ത് പാട്ടീല്‍ വെളിപ്പെടുത്തി.

അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച സജുവിന്റെ മൃതദേഹം നാസിക്കിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ നാട്ടിലെത്തിക്കും.

Latest