തോല്‍വി ഗൗരവമേറിയത്; പരിശോധിക്കും, തിരുത്തും- കാനം

Posted on: June 13, 2019 3:30 pm | Last updated: June 13, 2019 at 8:56 pm

തിരുവനന്തപുരം: എല്‍ ഡി എഫിനെ വിശ്വാസികള്‍ വിശ്വസിച്ചില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിശ്വാസികളുടെ പ്രതികരണം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച അവലോഗനത്തിനായിചേര്‍ന്ന സി പി ഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ല. പരമാവധി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു.

എല്‍ ഡി എഫിനുണ്ടായ വോട്ട് ചോര്‍ച്ച വളരെ ഗൗരവമേറിയതാണ്. യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ വോട്ടിംഗ് ശതമാനത്തില്‍ ഇത്തര വലിയ അന്തരം ആദ്യമാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ബൂത്ത്തലത്തില്‍ വരെ പഠനം നടത്തി, കാരണങ്ങള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും കാനം പറഞ്ഞു. എല്‍ ഡി എഫിനുണ്ടായ തോല്‍വി സംബന്ധിച്ച് പഠനം നടത്താന്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി പി ഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ച നാല് മണ്ഡലങ്ങളിലെ തോല്‍വി പ്രത്യേകം പരിശോധിക്കും.

തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കുന്നിന് മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യു ഡി എഫിനും ബി ജെ പിക്കും അനുകൂലുമായി മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി. മാധ്യമ പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്ന് കരുതുന്നില്ല. മാധ്യമങ്ങളുടെ അജന്‍ഡ തീരുമാനിക്കുന്നത് മാധ്യമ പ്രവര്‍ത്തകരല്ലെന്ന വ്യക്തമായ ധാരണയുണ്ട്. കോര്‍പറേറ്റ് അജന്‍ഡയുടെ ഭാഗമാണിതെന്നും കാനം കൂട്ടിച്ചേര്‍ത്തു.