Connect with us

Kerala

സര്‍ക്കാര്‍ തീരുമാനങ്ങള്‍ പക്ഷപാതപരമാവരുത്, മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ്

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന കാമ്പസ് ചേംബര്‍ മീറ്റ് ദേശീയ സെക്രട്ടേറിയറ്റംഗം ഡോ. നൂറുദ്ധീന്‍ റാസി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കാമ്പസ് ചേംബര്‍ മീറ്റ് കോഴിക്കോട്ട് അവസാനിച്ചു. മലബാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയോട് ഇടത് വലത് സര്‍ക്കാറുകള്‍ കാണിച്ചുകൊണ്ടിരിക്കുന്ന അവഗണന ഇനിയും അനുവദിച്ചുകൂടെന്ന് മീറ്റ് വ്യക്തമാക്കി. മലബാര്‍ അവഗണനക്കെതിരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ആഹ്വാനം ചെയ്ത കലക്ടറേറ്റ് മാര്‍ച്ചില്‍ കാമ്പസ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

പ്ലസ്ടു ജയിച്ച 47664 വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ മാത്രമുള്ളപ്പോള്‍ മലബാറിലെ ആകെ ഡിഗ്രി സീറ്റുകള്‍ 20224 മാത്രമാണ്. 217 സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ ആകെ 79 എണ്ണം മാത്രമാണ് മലബാറിലുള്ളത്. ഇഫ്ളു കാമ്പസ് എടുത്തൊഴിവാക്കപ്പെട്ടതും അലിഗഢ് ഓഫ് കാമ്പസ് പരിതാപകരമായ അവസ്ഥയില്‍ തുടരുന്നതും അവഗണനയല്ലാതെ മറ്റൊന്നുമല്ല. ആകെ യൂനിവേഴ്സിറ്റികളില്‍ 17ല്‍ 5, എന്‍ജിനീയറിംഗ് കോളജുകള്‍ 185ല്‍ 45, മെഡിക്കല്‍ കോളജുകള്‍ 32ല്‍ 11, ഹോമിയോ കോളജുകള്‍ 5ല്‍ 1, ലോ കോളജ് 32ല്‍ 11 എന്നിങ്ങനെയാണ് മലബാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിതരണം. ഇതിനാല്‍ സര്‍ക്കാറില്‍ നിന്നും എടുക്കുന്ന തീരുമാനങ്ങള്‍ ഇനിയും പക്ഷപാതപരമാവാന്‍ അനുവദിക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.

കേരള കാമ്പസ് അസംബ്ലിയുടെ ഔദ്യോഗിക പ്രഖ്യാപനം കാമ്പസ് ക്ലാരിയോണ്‍ എന്ന പേരില്‍ നീലഗിരിയടക്കം സംസ്ഥാനത്തെ 17 കേന്ദ്രങ്ങളില്‍ ജൂണ്‍ 16 ന് നടത്താനും യോഗത്തില്‍ ധാരണയായി. എസ് എസ് എഫ് ദേശീയ സെക്രട്ടേറിയറ്റംഗം ഡോ. നൂറുദ്ധീന്‍ റാസി ചേംബര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. ശമീറലി മീറ്റില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശബീറലി പയ്യനാട്, സമീര്‍ സൈദാര്‍പള്ളി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ റമീസ് പുളിക്കല്‍, അബ്ദുല്‍ ബാരി ബുഖാരി പുല്ലാളൂര്‍, നജ്മുദ്ദീന്‍ ഐക്കരപ്പടി, റാശിദ് കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest