എന്താണ് സർഫാസി നിയമ‌ം?

Posted on: June 10, 2019 11:37 am | Last updated: June 10, 2019 at 11:54 am

ധനകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് സർ‌ഫാസി. സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർ‌ഫാസി(SARFAESI). വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ, പ്രസ്തുത അക്കൗണ്ട് നോൺ പെർഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാൻ ബാങ്കിന് സാധിക്കുന്നു. വായ്പ തിരിച്ചടക്കുന്നതിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്​തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വിൽക്കാനും നിയമം അധികാരം നൽകുന്നു. ഈട് വസ്​തു പിടിച്ചെടുക്കാൻ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്​തുവിൽ നോട്ടീസ്​ പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. കടമെടുത്തയാൾ 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. നിശ്ചിത സമയപരിധിയിൽ കുടിശ്ശികസംഖ്യ പൂർണമായി തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം. കടമെടുത്തയാളിൽ നിന്ന് ജപ്തി മുഖാന്തരം സംഖ്യ ഈടാക്കാനായില്ലെങ്കിൽ, ജാമ്യക്കാരുടെ സ്ഥാവരജംഗമങ്ങൾ ജപ്തി ചെയ്യുന്നതിനും ബാങ്കിന് അധികാരമുണ്ടായിരിക്കും. ഒരു ലക്ഷത്തിൽ താഴെയുള്ള, വസ്​തുഈട് നൽകാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തിൽ താഴെയാണെങ്കിലും നിയമം ബാധകമാകില്ല.

കൃത്യമായ നടപടിക്രമം പാലിച്ചുമാത്രമേ ഈ നിയമപ്രകാരം പണം തിരിച്ചുപിടിക്കാൻ പാടുള്ളൂ. ഇതിന് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. താത്ക്കാലികമായ വീഴ്ചകൾ നോൺ പെർഫോമിങ് അസ്സറ്റായി പ്രഖ്യാപിക്കരുത്. സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് നൽകുന്നത് വൈകൽ, സ്ഥാപനത്തിന്റെ ക്രയശേഷിയെ കവിഞ്ഞു നിൽക്കുന്ന വായ്പാബാക്കി തുടങ്ങിയവ, ഒരു വായ്പയെ നോൺ പെർഫോമിങ് അസറ്റായി പ്രഖ്യാപിക്കാൻ പര്യാപ്തമല്ല. ഒരു ആസ്തിയെ നോൺ പെർഫോമിങ് അസറ്റായി പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകൾ ഉടൻ ജപ്തി നടത്തരുത്. വായ്പയെടുത്തയാൾ 90 ദിവസം തുടർച്ചയായി തിരിച്ചടവ് മുടക്കുകയും ഇത് വീണ്ടും 12 മാസത്തോളം പോകുകയും ചെയ്താൽ അയാളുടെ ഈടു നൽകിയ ആസ്തി നോൺ പെർഫോമിങ് അസറ്റായി മാറുന്നു. ഇതോടെ ബാങ്കിന് നിയനടപടികൾ നടത്താം. ഇതിന്, അടുത്ത അറുപത് ദിവസത്തിനകം വായ്പ തിരിച്ചടയ്ക്കണമെന്ന നോട്ടീസ് നൽകണം. അതായത്, ഒരു വായ്പ നോൺ പെർഫോമിങ് അസറ്റായി മാറുന്നതിനും അതിനു ശേഷമുള്ള മറ്റു നിയമനടപടികൾ നടക്കുന്നതിനുമെല്ലാം സമയക്രമം പാലിക്കണം. വായ്പയെടുത്തയാൾക്ക് 17 മാസത്തോളം ലഭിക്കുന്നു.

2016 ആഗസ്റ്റ് 2 ന് സർഫാസി നിയമത്തിൽ ഭേദഗതി വരുത്തി “Enforcement of Security Interest and Recovery of Debts Laws and Miscellaneous Provisions (Amendment) Bill, 2016”, ലോകസഭ പാസാക്കി. രാജ്യസഭ 2016 ആഗസ്റ്റ് 10 ന് ഇത് അംഗീകരിച്ചു.

2004ൽ, സർഫാസി നിയമത്തിന്റെ ഭരണഘടനാപരമായ സാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മാർദിയ കെമിക്കൽസുമായി ഐസിഐസിഐ ബാങ്ക് നടത്തിയ കേസിൽ, ബാങ്കിന് അനുകൂലമായി കോടതി വിധിയുണ്ടായി. ലോണിന്റെ 75 ശതമാനം തിരിച്ചടയ്ക്കാതെ കിടക്കുന്നതിനാൽ ജപ്തിനടപടികളുമായി മുമ്പോട്ടു പോകാമെന്നും സർഫാസി നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി യാതൊന്നുമില്ലെന്നും സുപ്രീം കോടതി വിധിച്ചു.