Connect with us

Ongoing News

കാലാവസ്ഥ പറ്റിച്ച പണിയാ !

Published

|

Last Updated

ലോകകപ്പില്‍ റണ്‍സൊഴുകും എന്നായിരുന്നു നിഗമനം. വേണ്ടി വന്നാല്‍ പവര്‍ ബാറ്റിംഗ് ലൈനപ്പുള്ള ടീമുകള്‍ അഞ്ഞൂറ് റണ്‍സ് വരെ അടിച്ചേക്കാം എന്ന തള്ളും ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ ലോകകപ്പിന് മുമ്പ് നടത്തി. ഇതോടെ, ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ പ്രചാരമേറി. 300-350 വരെ സ്‌കോറുകള്‍ മിക്ക മല്‍സരങ്ങളിലും പിറക്കുമെന്നാണ് നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത്.

എന്നാല്‍, ഒരാഴ്ചയിലെ ഒമ്പത് മത്‌സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് കൂടുതല്‍ റണ്‍സൊഴുകിയത്.
ദക്ഷിണാഫ്രിക്ക,ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് മത്സരങ്ങളിലായിരുന്നു ഇത്. ലോകപ്പിനു മുമ്പ് നടന്ന ഇംഗ്ലണ്ട് -പാക് ഏകദിന പരമ്പരയിലെ നാലു കളികളിലും 350ന് മുകളില്‍ സ്‌കോറിംഗുണ്ടായി. എന്നാല്‍ ലോകകപ്പില്‍ ഓവര്‍ പോലും തികയ്ക്കുന്നില്ല !

ഇംഗ്ലണ്ടിലെ കാലാവസ്ഥയും പിച്ചുകളുമായും പൊരുത്തപ്പെടാന്‍ കഴിയാത്തത് ടീമുകള്‍ക്കു തിരിച്ചടിയാവുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥയും പന്ത് സ്വിംഗ് ചെയ്യുന്നതുമെല്ലാം ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ തുടര്‍ തോല്‍വികള്‍ ലോകകപ്പ് ചരിത്രം ഓര്‍മയിലേക്ക് കൊണ്ടു വരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ തോറ്റത്.

കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ടതോടെ ഫഫ് ഡുപ്ലെസിയും സംഘവും കടുത്ത സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടു തോറ്റു കൊണ്ടു തുടങ്ങിയ ദക്ഷിണാഫ്രിക്ക തികച്ചും അപ്രതീക്ഷിതമായാണ് രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ പരാജയത്തിലേക്കു കൂപ്പുകുത്തിയത്.
മൂന്നാമത്തെ കളിയില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്ക നിരുപാധികം കീഴടങ്ങുകയായിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളില്‍ നേരത്തേ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക.

Latest