എം ഫിൽ വേണ്ട; പി ജി കൂടുതൽ ഗവേഷണാധിഷ്ഠിതം

Posted on: June 9, 2019 8:10 am | Last updated: June 9, 2019 at 1:19 pm

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറായി. നിലവിൽ രാജ്യത്തെ സർവകലാശാലകൾ നൽകുന്ന ഗവേഷണത്തിന്റെ ആദ്യ ഘട്ടമായ എം ഫിൽ ഡിഗ്രി നിർത്തലാക്കി പകരം ബിരുദാനന്തര ബിരുദകോഴ്‌സ് ഗവേഷണത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന രീതിയാണ് കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി തയ്യാറാക്കിയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ടതായി നിർദേശിക്കുന്നത്. പി എച്ച് ഡിക്കുള്ള യോഗ്യതയായി ബിരുദാനന്തര ബിരുദമോ ഗവേഷണത്തോടെയുള്ള നാല് വർഷത്തെ ബിരുദമോ മതിയെന്നും നിർദേശിക്കുന്നു. എം ഫിൽ തുടരേണ്ടതില്ലെന്നും കരട് നിർദേശിക്കുന്നു. എം ഫിൽ നിർത്തലാക്കുന്നതോടൊപ്പം തന്നെ ഇതിന് ബദലായി ബിരുദാനന്തര ബിരുദ പഠനം കൂടുതൽ ഗവേഷണപരമാക്കുന്നതിനും ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും സമിതി നിർദേശിക്കുന്നുണ്ട്. രണ്ട് വർഷത്തെ ബിരുദാനന്തര പഠനത്തിൽ രണ്ടാം വർഷം പൂർണമായി ഗവേഷണത്തിന് മാറ്റിവെക്കുന്ന രീതിയാണ് ഒന്ന്. മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കുന്നവർക്ക് വേണ്ടിയാണ് ഈ നിർദേശം.

അതേസമയം, ഗവേഷണത്തോടെയുള്ള നാല് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പഠനം മതിയെന്നും കരടിൽ പറയുന്നു. ഇത് ബിരുദവും ബിരുദാനന്തരവും ഉൾപ്പെടുന്ന അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സാക്കാമെന്നും സമിതി നിർദേശിക്കുന്നു.

ബിരുദ മേഖലയിൽ നാല് ഗവേഷണത്തോടെയുള്ള നാല് വർഷത്തെ പഠനം നിർദേശിക്കുന്നതോടൊപ്പം തന്നെ ബിരുദകോഴ്‌സുകളിലേക്കുള്ള പ്രവേശനം പൂർണമായും ദേശീയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകണമെന്നും നിർദേശിക്കുന്നു. രാജ്യത്തെ സർക്കാർ ഫണ്ട് സീകരിക്കുന്ന സർവകലാശാലകളിലും േകാളജുകളിലും ബിരുദ കോഴ്‌സുകളിലേക്ക് ദേശീയ പ്രവേശന പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിലുള്ള അറിവും അഭിരുചിയും അടിസ്ഥാനമാക്കി 2020 ഓടെ ദേശീയ പ്രവേശന പരീക്ഷാ സംവിധാനത്തിലേക്ക് മാറണം. നിലവിൽ ദേശീയ പരീക്ഷ ഏജൻസി (എൻ ടി എ) ക്കു കീഴിൽ മെഡിക്കൽ മേഖലയിൽ നീറ്റും എൻജിനീയറിംഗ് മേഖലയിൽ ജെ ഇ ഇ അടക്കം ദേശീയ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.

കൂടാതെ, ഡൽഹി സർവകലാശാലക്ക് കീഴിൽ 12ഒാളം ബിരുദ കോഴ്‌സുകൾക്കടക്കം ദേശീയ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഇതേസംവിധാനം രാജ്യത്തെ എല്ലാ സർവകലാശാലകളിലും നടപ്പാക്കണം. ദേശീയ പ്രവേശന പരീക്ഷ നടപ്പാക്കിയാൽ 12ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത് അവസാനിപ്പിക്കാനാകും. ഇത് അനാവശ്യ സമയം നഷ്ടപ്പെടുന്നത് ഇല്ലാതാവുകയും സമ്മർദം കുറക്കാനും സാധിക്കുമെന്നും കരട് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്‌കൂൾ വിഭാഗത്തിലും സമഗ്രമായ മാറ്റമാണ് കരട് നിർദേശിക്കുന്നത്. സ്‌കൂൾ തലത്തിൽ അമ്പത് വർഷമായി രാജ്യത്ത് തുടരുന്ന 10+2 സംവിധാനം മാറ്റി 5+3+3+4 എന്ന മാതൃക കൊണ്ടുവരണമെന്ന് നിർദേശമുണ്ട്. പുതിയ കാലഘട്ടത്തിൽ തൊഴിലിനും അപ്പുറത്തായി മെച്ചപ്പെട്ട രീതിയിലുള്ള ചിന്തകൾക്ക് പുതിയ കണ്ടുപിടിത്തങ്ങൾ നടത്താൻ പ്രാപ്തമാക്കുന്ന വിധത്തിൽ വിദ്യാഭ്യാസം നവീകരിക്കണമെന്നും റിേപ്പാർട്ടിൽ പറയുന്നു.

പുതിയ വിദ്യാഭ്യാസ നയത്തിൽ 5+3+3+4 എന്ന ഘടനയാണ് ആവശ്യപ്പെടുന്നത്. പ്രീ പ്രൈമറി (മൂന്ന് വർഷം) മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടം. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകൾ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകൾ അപ്പർ പ്രൈമറിയിലും ഒമ്പത്, 10, 11, 12 ഗ്രേഡുകൾ ഹൈ സ്റ്റേജിലും ഉൾപ്പെടും. ആദ്യത്തെ അഞ്ച് വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയ്യാറാക്കുക. ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ തയ്യാറാക്കുക. സെക്കൻഡറി സ്‌റ്റേജിൽ ഓരോ വർഷവും സെമസ്റ്ററുകളായി തിരിക്കും. എട്ട് സെമസ്റ്ററുകൾ ആയിരിക്കും സെക്കൻഡറി സ്റ്റേജിൽ ഉണ്ടാകുക. ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ച് മുതൽ ആറ് വരെ വിഷയങ്ങൾ പഠിക്കേണ്ടി വരുമെന്നും കരട് രേഖയിൽ പറയുന്നു.