Connect with us

Ramzan

പാനീസ് നിലാവുള്ള പെരുന്നാൾ രാവുകൾ

Published

|

Last Updated

“ആയ്ച്ചുമ്മോ, ദാഇയാ, പാത്ത്വോ,
ആ കുട്ട്യോളെ ഒക്കെ വിളിച്ചാ… ഓല്ങ്ങട് എത്താറായി.”
കുട്ട്യേമരാക്ക അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കാതോർത്താൽ ദൂരെ നിന്ന് ഒരെത്തം* കേൾക്കാം. ആലോന്മാരും മുട്ടുംവിളിക്കാരും കൊട്ടിപ്പാടിവരുന്ന ശബ്ദമാണത്.
രാവേറെ ചെന്നിട്ടും പെരുന്നാൾ തിരക്കിലാണ് ചെറോട്‌ത്തെ വട്ക്കിനി. പെണ്ണുങ്ങൾ കൂട്ടംകൂട്ടമായിരുന്ന് സൊറ പറഞ്ഞ് പണികളോരോന്ന് തീർക്കുകയാണ്. മൊളൂട്ടാന് പച്ചമുളക് നുറുക്കുകയാണ് ആയ്ച്ചു. ഉറക്കം വീണുതുടങ്ങിയ കുട്ടികളെ തട്ടിവിളിക്കുന്നതിനിടെ, ചട്ടുകമെടുത്ത് ഉരുളിയിൽ മൂന്നാല് തവണ വട്ടംകറക്കി ദാഇയ. പോത്തിറച്ചി വരട്ടുന്ന മണം ചൂടുളള ആവിക്കൊപ്പം അവിടമാകെ പരന്നു. തീ താണിരിക്കുന്നു. രണ്ട് ചിരട്ടയും ഒരു അരിപ്പക്കൊടിയും അടുപ്പിൽ തിരുകി അവൾ എണീറ്റു.

ആലോന്മാരുടെ കുഴൽവിളി മുറ്റത്തെത്തിയിരിക്കുന്നു. വെളിയങ്കോട്ടേരാണ് ആലോന്മാർ. പെരുന്നാൾരാവിൽ എല്ലാ വീടുകളിലുമെത്തും ഇവരുടെ സംഘം. പുത്തൻപള്ളിക്കലെ നേർച്ചക്ക് ഒരു മാസം മുമ്പെ തമ്പുകെട്ടി സജീവമാകും ഇവർ. പച്ച നിറത്തിലുളള വേഷമണിഞ്ഞാണ് വരവ്. ചെറിയ രണ്ട് ചെണ്ടകളും വളഞ്ഞുതിരിഞ്ഞ് ആകാശത്തേക്ക് തുറന്നിരിക്കുന്ന ഒരു കുഴലുമുണ്ടാകും സംഘത്തിന്റെ കൈയിൽ. ഒരു ഭാഗം തുറന്ന ചെണ്ട ഒരു അറബനയേക്കാൾ അല്പം വലുപ്പമേറും. നോമ്പുമാസം മുഴുവൻ അത്താഴംമുട്ടി വിളിക്കാൻ വീടുവീടാന്തരം കയറിയിറങ്ങുന്നതുകൊണ്ടാണ് ഇവർക്ക് മുട്ടുംവിളിക്കാർ എന്ന് പേരുവന്നത്.

പാട്ടുകഴിഞ്ഞപ്പോൾ നല്ല ചൂടുളള ചീരോക്കഞ്ഞിയെത്തി. ഇല്ലംകെട്ടിയുടെ വേര്, പച്ച കൊത്തമ്പാലി, പുത്തരിച്ചുണ്ട, നല്ല ജീരകം, ചെറിയുള്ളി എന്നിവയെല്ലാം ചേർത്താണ് ജീരകക്കഞ്ഞിയുണ്ടാക്കുന്നത്. തറാവീഹ് കഴിഞ്ഞെത്തിയാൽ ഈ കഞ്ഞിയാണ് കുടിക്കുക. പെരുന്നാൾ രാവിലും ഇതാണ് സ്‌പെഷ്യൽ. ആലോന്മാർ വട്ടളഞ്ഞിരുന്ന് ചീരോക്കഞ്ഞി കുടിച്ചു. കാന്താരിമുളകും ഉപ്പും ചേർത്തരച്ച ചമ്മന്തി തൊട്ടുകൂട്ടി. ഒരു മാസം മുഴുവൻ അത്താഴത്തിന് മുട്ടിവിളിച്ചതിന് ഹദ്‌യ നൽകിയാണ് ആലോന്മാരെ പറഞ്ഞയക്കുക.

ആലോന്മാർ പോയാൽ അധികം വൈകാതെ ഓത്തുപള്ളീലെ ഉസ്താദും കൂട്ടരും വരും. അറബനയുമായാണ് അവരുടെ വരവ്. അറബിബൈത്തുകളുടെ ഈണത്തിനനുസരിച്ച് അറബന മുട്ടാൻ നിപുണരായ ചെറുപ്പക്കാരുടെ ഒരു നിരയുണ്ടാകും ഉസ്താദിന്റെ കൂടെ. അരിയും പൈസയും കൊടുത്താണ് അവരെ മടക്കുക.

എഴുപത് കൊല്ലം മുമ്പത്തെ വന്നേരിയിലെ പെരുന്നാൾ രാവിന്റെ കഥയാണിത്. ചിമ്മിനിവിളക്കിന്റെ നുറുങ്ങുവെട്ടത്തിലും അന്നത്തെ പെരുന്നാളിന് തിളക്കമേറെയായിരുന്നു. വെല്ലിമ്മയുടെ കുട്ടിക്കാലത്തെ പെരുന്നാളോർമകളിൽ നിന്നാണ് ഞാൻ ആലോന്മാരെക്കുറിച്ച് കേൾക്കുന്നത്.

നരണിപ്പുഴ കടവിനപ്പുറമുളള വന്നേരിനാട് ഞങ്ങൾക്ക് അക്കരെയായിരുന്നു. വെല്ലിമ്മയുടെ ജന്മദേശമാണത്. എരമംഗലം നാക്കോലയിൽ നിന്നുളള വഴിയിലൂടെ പോയാൽ ചങ്ങണാത്ത് തറവാട് നിന്ന ചെറോട്‌ത്തെ പറമ്പിലെത്താം. വെല്ലിമ്മാടെ ജ്യേഷ്ഠത്തി തിത്തായിയുടെ മകൾ ബീവാത്തുകുട്ടിയുടെ മക്കളാണ് ഇപ്പോൾ അവിടെ പാർക്കുന്നത്. കഴിഞ്ഞയാഴ്ച കല്യാണം വിളിക്കുന്നതിന് അവിടെപ്പോയി.

ആ പറമ്പിൽ ഇപ്പോൾ നാല് വീടുകളുണ്ട്. പുതിയൊരു വീടിന്റെ പണി നടക്കുന്നു. ഇവിടെയാണല്ലോ ആലോന്മാരുടെ കൂട്ടങ്ങൾ പെരുന്നാൾ രാവുകളിൽ മേളപ്പെരുക്കം തീർത്തത്!

മെല്ലെ ചെവി വട്ടംപിടിച്ചുനോക്കി. ഇല്ല. എത്ര കാതോർത്താലും കേൾക്കാനാകാത്തത്ര ദൂരത്താണ് ഇപ്പോൾ മുട്ടുംവിളിക്കാരുടെ ആ സംഘം. ആലോന്മാരുടെ കാലടിപ്പാടുകൾ വീണ ആ വഴികളിലൂടെ ഞാൻ തിരിഞ്ഞുനടന്നു. വറ്റിവരണ്ടുകിടക്കുന്ന നരണിപ്പുഴ കണ്ടപ്പോൾ ആലോന്മാർ മാത്രമല്ല മഴമേഘങ്ങളും ഈ നാടിനെ ഉപേക്ഷിച്ചുവെന്ന് തോന്നി. പുഴയെ ഈ പൊരിവെയിലത്ത് നിർത്തിപ്പോയത് നമ്മൾ തന്നെയാണെന്ന് മനസ്സ് ഇടങ്കോലിട്ടു.

അക്കരയിലെ പെരുന്നാൾ വിശേഷങ്ങളിൽ നിന്ന് നേരെ ഉപ്പയുടെ നാടായ പൊന്നാനിയിലേക്ക് പോയാൽ കതിനവെടികളുടെ മുഴക്കമാണ് വരവേൽക്കുക. ശവ്വാൽ മാസപ്പിറ കണ്ടതായി ഖാസിമാർ ഉറപ്പിച്ചാൽ വലിയ ജുമാ മസ്ജിദിനു സമീപം ഏഴ് കതിനകൾ പൊട്ടിക്കും. അതോടെ നാടാകെ പെരുന്നാളിന്റെ പൊലിവിലേക്ക് ഉണരും. ഇടവഴികൾ നിറയെ വെളിച്ചമായിരിക്കും. വർണക്കടലാസ് കൊണ്ട് കെട്ടിയുണ്ടാക്കിയ പാനീസുകളും കൈകളിലേന്തി കുട്ടികളുടെ കൂട്ടങ്ങൾ ഓരോ ഇടവഴിയിലുമുണ്ടാകും. പാട്ടും ബൈത്തുമായി അവർ വീടുകൾ കയറിയിറങ്ങും.

മുത്തുനബിയെ കുറിച്ചും ഔലിയാക്കളെ കുറിച്ചുമൊക്കെയുളള പാട്ടുകളാണ്. പെരുന്നാൾപണം നൽകി കുട്ടികളെ സന്തോഷിപ്പിക്കാൻ വീട്ടുകാരും മറക്കില്ല.
ജെ എം റോഡ് മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ ജനനിബിഡമാകും. കുപ്പിവളകളും കല്ലുമാലകളും കളിക്കോപ്പുകളും നിരത്തിവെച്ച തമ്പുകളാകും റോഡിനിരുവശവും. തൊപ്പി, അത്തർ, തസ്ബീഹ് മാല തുടങ്ങിയവ കച്ചവടം ചെയ്യുന്നവരുമുണ്ടാകും. മാപ്പിളപ്പാട്ടുകളുടെയും മതപ്രഭാഷണങ്ങളുടെയും കാസറ്റുകൾ വിൽക്കുന്നവർ ഏറെയുണ്ടായിരുന്നു. ഡിജിറ്റൽ ഫോണുകളുടെ വരവോടെ ഇവരുടെ നല്ലകാലം പോയി. പക്ഷേ, നേരംപുലരും വരെ മാപ്പിളപ്പാട്ടിന്റെ ഇശലുകളും ബൈത്തുകളും പൊന്നാനിയുടെ ഓരോ കോണിലും ഇടമുറിയാതെ തിരതല്ലും. വിവിധ നിറങ്ങളിലുളള അലങ്കാരവിളക്കുകളുടെ പ്രഭയിൽ പുലരുംവരെ കനോലി കനാലിന് കുറുകെ ജനം ഒഴുകിക്കൊണ്ടേയിരിക്കും.
ഇവിടെ കൊള്ളനൂരിൽ പക്ഷേ, പാനീസുകളില്ല. പെരുന്നാൾ രാവിൽ കുട്ടികളും മുതിർന്നവരും പള്ളികളിൽ കൂട്ടമായിരുന്ന് തക്ബീർ മുഴക്കും. ഇരുപത് കൊല്ലം മുമ്പ് പടിഞ്ഞാറങ്ങാടിക്കാരുടെ വക ലോറികൾ അലങ്കരിച്ച് തക്ബീർ ജാഥ നടത്തുമായിരുന്നു. ഞങ്ങൾ ആ ലോറികൾ വരുന്നത് കാത്തിരിക്കും. ട്യൂബ് ലൈറ്റിന്റെ ധവളപ്രഭയിൽ മുങ്ങിക്കുളിച്ച ലോറികളിൽ നിറയെ കുട്ടികളായിരിക്കും. അവർ മൈക്കിലൂടെ തക്ബീർ മുഴക്കുന്നത് കേൾക്കുമ്പോൾ അതിലൊന്ന് കയറിപ്പറ്റാൻ കൊതിക്കും.

അങ്ങനെയിരിക്കെയാണ് മദ്‌റസയിൽ മാപ്പിള കലാകാരനായ ശംസുക്കാന്റെ നേതൃത്വത്തിൽ ഹിദായത്തുൽ ഇസ്‌ലാം ബാല സംഘം എന്ന പേരിൽ കുട്ടികളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നത്. ചെറിയ പെരുന്നാൾക്ക് ഈദ് നൈറ്റ് സംഘടിപ്പിക്കാൻ സംഘം തീരുമാനിച്ചു. പെരുന്നാൾ ദിവസം രാത്രിയാണ് പരിപാടി. പ്രചരണാർഥം വീടുകളിലേക്ക് കുട്ടികളുടെ കലാസംഘങ്ങൾ പോയി. അബ്ബാസും നൗഷാദും ഷാഹുലുമെല്ലാം ചേലൊത്ത മാപ്പിളപ്പാട്ടുകൾ പാടി. “സംഗൃതപമഗമ”യുടെ മുറുക്കത്തിൽ ചടുലമായ ചുവടുകളോടെ ദഫ് സംഘം കലാജാഥ കെങ്കേമമാക്കി. കുട്ടികളുടെ ജാഥക്ക് പിന്തുണയുമായി യുവാക്കളുമെത്തി. പന്തംവീശുന്നതിൽ വിദഗ്ധരായവർ കൂടി ചേർന്നതോടെ ജാഥ നാടിന്റെ ഹൃദയം കവർന്നു.

പിറ്റേന്ന് ഈദ്‌നൈറ്റ് വേദിയിലേക്ക് ജനമൊഴുകിയെത്തി. പ്രതീക്ഷകൾക്കപ്പുറത്തെ വിജയം വരുംവർഷങ്ങളിലും കലാജാഥയും ഈദ്‌നൈറ്റും സംഘടിപ്പിക്കാൻ ബാലസംഘത്തിന് പ്രചോദനമായി. കൊള്ളനൂർ കുന്നത്തും കപ്പൂർ സ്‌കൂൾ മൈതാനിയിലും രാഗം സ്‌റ്റോപ്പിലെ മൈതാനിയിലുമെല്ലാം പിന്നീട് ഈദുനൈറ്റുകൾ നടന്നു. അറേബ്യൻ സർഗസംഘമെന്ന പേരിൽ ഒരു പ്രൊഫഷനൽ ഗായകസംഘം കൊള്ളനൂരിൽ നിന്ന് പിറവിയെടുക്കുന്നതിലേക്ക് നയിച്ചു, ഈ പരിപാടികൾ. ചെർപ്പുളശ്ശേരി ആശിഖ ഓഡിറ്റോറിയത്തിൽ ടിക്കറ്റൊക്കെ വെച്ച് ആദ്യ പരിപാടി നടത്തി. കല്യാണത്തലേന്ന് ധാർമിക കലാസംഘമായി നിരവധി വേദികളിൽ അറേബ്യൻ സർഗസംഘത്തിന്റെ കുട്ടികളെത്തി.

ഓഡിയോ കാസറ്റുകളിറങ്ങി. പരിശീലനങ്ങൾ നടന്നു. നാട്ടിൻപുറത്തെ പെരുന്നാൾ രാവുകളിൽ പിറന്ന കലയുടെ ശബ്ദം അതിരുകൾക്കപ്പുറം വളർന്നു. കാലം ആ സംഘത്തേയും വിസ്മൃതിയുടെ ഇരുളിലേക്ക് നയിച്ചു. ആഘോഷത്തിന്റെ ഓരോ പൂക്കാലവും കലയുടെ ഒരു വസന്തം ബാക്കിയാക്കുന്നുണ്ട്, എക്കാലത്തേക്കുമായി. വരുന്ന തലമുറകൾക്കായി ഒരിത്തിരി പാനീസ് വെട്ടം ഈ മണ്ണിൽ ഇനിയും ശേഷിക്കുന്നുണ്ടെന്ന് ഓരോ ശവ്വാൽപിറയും നമ്മെ ഓർമിപ്പിക്കുന്നു.

*എത്തം- ശബ്ദം.

ഗസൽ റിയാസ് • gazalriyas@gmail.com 

---- facebook comment plugin here -----

Latest