Connect with us

Ongoing News

ഇംഗ്ലണ്ട് vs പാക്കിസ്ഥാന്‍; കണക്കിലെ കളിയല്ല മൈതാനത്ത്

Published

|

Last Updated

ട്രെന്റ്ബ്രിഡ്ജ്: ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം ആതിഥേയരായ ഇംഗ്ലണ്ട് ട്രെന്റ്ബ്രിഡ്ജ് സ്റ്റേഡിയത്തിൽ ഇന്ന് വീണ്ടുമെത്തുകയാണ്. പ്രതിയോഗികൾ പാക്കിസ്ഥാൻ. വെസ്റ്റ്ഇൻഡീസിന് മുന്നിൽ തോറ്റ് മുട്ടിലിഴഞ്ഞ ശേഷം പുതുജീവൻ തേടിയാണ് അവരുടെ വരവ്. പക്ഷേ, കരുത്തരും ദുർബലരും തമ്മിലുള്ള പോരാട്ടമല്ല കാണികൾ പ്രതീക്ഷിക്കുന്നത്.

ചരിത്രം പരിശോധിക്കുമ്പോൾ ലോകകപ്പിൽ ഇരു ടീമുകളും ഒമ്പത് തവണ മുഖാമുഖം വന്നിട്ടുണ്ട്. വിജയത്തിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പം. നാല് ഇംഗ്ലണ്ട്, നാല് പാക്കിസ്ഥാൻ. ഒരു മത്സരം ഉപേക്ഷിച്ചിരുന്നു. ലോകകപ്പില്‍ അല്ലാതെ 87 മത്സരങ്ങളാണ് ഇരു ടീമുകളും പരസ്പരം കളിച്ചത്. 53 എണ്ണം ഇംഗ്ലണ്ടും 31 എണ്ണം പാക്കിസ്ഥാനും ജയിച്ചു. കണക്കിലല്ല, കളി മൈതാനത്ത് തന്നെയാണ്.

ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയം ഇംഗ്ലണ്ടിനെ സംബന്ധിച്ച് റെക്കോർഡുകളുടേതാണ്. ഏറ്റവും ഉയർന്ന സ്‌കോർ രണ്ട് തവണ ഭേദിച്ചത് ഈ ഗ്രൗണ്ടിൽ വെച്ചാണ്. ആദ്യ തവണ 2016ൽ പാക്കിസ്ഥാനെതിരെ പടുത്തുയർത്തിയ 444/3 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം ആസ്‌ത്രേലിയക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് തന്നെ അത് തിരുത്തി. 481/6 എന്ന കൂറ്റൻ സ്‌കോർ. 500+ എന്ന റൺസ് കരകവിഞ്ഞൊക്ക് പ്രവചിക്കപ്പെട്ടിട്ടുണ്ട് ഈ ലോകകപ്പിൽ.

ടോസ് അനുകൂലമായാൽ ഇംഗ്ലണ്ടിൽ നിന്ന് തന്നെ അത് പിറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. ആദ്യ കളിയിൽ തന്നെ താളം കണ്ടെത്തിയ മുന്‍നിര താരങ്ങളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കെതിരെ ഉയർത്തിയ 311 റൺസ് ടോട്ടൽ ഇംഗ്ലണ്ട് നൽകുന്ന സൂചന മാത്രമാണ്.
ആ മത്സരത്തിൽ ബെന്‍ സ്റ്റോക്‌സിനെ ഓപ്പണിംഗ് സ്ഥാനത്ത് കൊണ്ടുവന്ന നീക്കം ഗുണം ചെയ്തു. 89 റണ്‍സടിച്ചെടുത്ത സ്റ്റോക്സ് തന്നെയായിരുന്നു കളിയിലെ താരം. നാല് അര്‍ധസെഞ്ച്വറികളാണ് ഈ മത്സരത്തിൽ ഇംഗ്ലണ്ട് പടയാളികൾ അടിച്ചെടുത്തത്. ബെന്‍ സ്റ്റോക്‌സും ഇയാന്‍ മോര്‍ഗനുമാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ. ഇരുവർക്കും പാക്കിസ്ഥാനെതിരെ മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ജോ റൂട്ട്, ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരും തകര്‍പ്പന്‍ ഫോമിലാണ്.

എന്നാൽ, ഇംഗ്ലണ്ടിനെതിരെയിറങ്ങുന്പോൾ പാക്കിസ്ഥാൻ കടുത്ത പ്രതിരോധത്തിലാണ്. ബാറ്റിംഗ് നിര തന്നെയാണ് വില്ലനാകുന്നത്. വിന്‍ഡീസിനെതിരെ നേടാനായത് വെറും 105 റൺസ്. ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 22. ബൗളിംഗ് നിരയിലും താളം കണ്ടെത്താന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ നിരയില്‍ ബാബര്‍ അസമിൽ നിന്നും മുഹമ്മദ് ആമിറിൽ നിന്നുമാണ് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നത്. ആമിര്‍ വിന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റെടുത്തിരുന്നു.
ഏകദിന മത്സരത്തിൽ തുടർച്ചയായ 11 പരാജയവുമായി നിൽക്കുകയാണ് പാക്കിസ്ഥാൻ. ലോകകപ്പിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയ പരമ്പരയിലെ ഏകപക്ഷീയമായ പരാജയവും പാക്കിസ്ഥാന് മുന്നിലുണ്ട്. പക്ഷേ, ഏത് ചെറിയ ടീമുകളോട് പോലും തോൽക്കുമ്പോൾ തന്നെ വമ്പന്മാരെ വീഴ്ത്താനുള്ള ശേഷിയുള്ളവരാണ് പാക്കിസ്ഥാൻ.