സമാധാന നീക്കങ്ങള്‍ക്ക് യു എ ഇ മുന്നിലുണ്ടാകും; ഇറാന്റെ നീക്കങ്ങള്‍ മേഖലയെ അസ്ഥിരപ്പെടുത്തുന്നു

Posted on: June 1, 2019 9:25 pm | Last updated: June 1, 2019 at 9:25 pm

അബുദാബി: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിളിച്ചുചേര്‍ത്ത അടിയന്തിര അറബ്, ഗള്‍ഫ് ഉച്ചകോടി മക്കയില്‍ സമാപിച്ചു. അറബ്, ഗള്‍ഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഉന്നത സംഘങ്ങളാണ് ഉച്ചകോടിയില്‍ സംബന്ധിച്ചത്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് യു എ ഇ സംഘത്തെ നയിച്ചത്. യു എ ഇ പ്രതിനിധി സംഘം വ്യാഴാഴ്ച ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയിരുന്നു.

ഗള്‍ഫ് മേഖല അസ്ഥിരപ്പെടാന്‍ ഇറാന്റെ നീക്കങ്ങള്‍ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലാണ് പൊതുവെ ഗള്‍ഫ് രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട്. ഇതിനെതിരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതുള്‍പെടെയുള്ള അറബ്, ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നു ഉച്ചകോടിയിലെ അജണ്ട. ഇറാന്റെ നീക്കങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത് വരികയും അമേരിക്കന്‍ നാവികസേനാ കപ്പലുകള്‍ ഇറാനെ ലക്ഷ്യം വെച്ച് ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുകയും ചെയ്ത കലുഷിതമായ സാഹചര്യത്തിലാണ് ഉച്ചകോടി നടന്നത് എന്നത് മക്ക ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.
അതിനിടെ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ അറബ്, ഗള്‍ഫ് കൂട്ടായ്മ നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും മുമ്പില്‍ യു എ ഇ ഉണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു. യു എ ഇയിലെ ഫുജൈറ തുറമുഖത്തിനടുത്ത് സഊദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും സഊദിയിലെ ചില പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുണ്ടായ ഹൂത്തി മിസൈലാക്രമണവും മേഖലയില്‍ തീവ്രവാദ പ്രവണതയുടെ സാന്നിധ്യം ശക്തമാണെന്നതിന്റെ സൂചനകളാണെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും മേഖലയില്‍ നിന്ന് ഈ പ്രവണത പൂര്‍ണമായും തുടച്ചുനീക്കണമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുകയും ഉചിതമായ നിലപാടുകള്‍ കൈകൊള്ളുകയുമാണ് ഉച്ചകോടി ലക്ഷ്യം വെക്കുന്നതെന്നും സല്‍മാന്‍ രാജാവ് വ്യക്തമാക്കി.