Connect with us

Editorial

യൂറോപ്യന്‍ ജനവിധി

Published

|

Last Updated

യൂറോപ്യന്‍ യൂനിയന്‍ പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പലതുകൊണ്ടും ആഗോള പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്നതാണ്. തീവ്രവലതുപക്ഷ രാഷ്ട്രീയം അതിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചുവെന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ അത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ സംഭവിച്ചത് പോലെ സമ്പൂര്‍ണ വിജയം നേടിയതുമില്ല. കുടിയേറ്റ വിരുദ്ധത, അതിതീവ്ര ദേശീയത, അടച്ചിട്ട വിപണി, മതേതരവിരുദ്ധത, വംശീയത തുടങ്ങിയ ജനാധിപത്യവിരുദ്ധമായ നിരവധി ആശയഗതികളാണ് തീവ്രവലതുപക്ഷ കക്ഷികളുടെ അടിസ്ഥാന സവിശേഷത. മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളല്ല, വൈകാരിക വിഷയങ്ങളാണ് അവക്ക് പഥ്യം. ഇന്ത്യയില്‍ ബി ജെ പിയെ ഒരു തീവ്രവലതുപക്ഷ കക്ഷിയെന്ന് വിളിക്കാനാകില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ആ പാര്‍ട്ടിയെ നയിക്കുന്നത് ആര്‍ എസ് എസ് ആണെന്നതിനാല്‍ അതിന്റെ സ്ഥായിയായ ആയുധം തീവ്രദേശീയതയും ഹിന്ദുത്വവും തന്നെയാണ്. ഇന്ത്യയില്‍ ഇത്തരം വൈകാരിക പോപ്പുലിസ്റ്റ് രാഷ്ട്രീയം കളിച്ചു തന്നെയാണ് ഇത്തവണ കണ്ണഞ്ചിപ്പിക്കുന്ന വിജയം ആ പാര്‍ട്ടി നേടിയത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതും ഇസ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയം തന്നെ.
28 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂനിയന്‍ ഇടുങ്ങിയ ദേശീയതക്ക് എതിരായ ആശയമാണ്. സഹകരണത്തിന്റെയും ആശ്രിതത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയ ആശയമാണത്. ഈ കൂട്ടായ്മ എങ്ങനെ മുന്നോട്ട് പോകണമെന്ന് നിശ്ചയിക്കുന്ന ഇ യു പാര്‍ലിമെന്റിലേക്ക് എല്ലാ അംഗരാജ്യങ്ങളിലെയും വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നു. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ തണുത്ത പ്രതികരണമാണ് വോട്ടര്‍മാര്‍ നടത്തി വരുന്നത്. ഇത്തരമൊരു പാര്‍ലിമെന്റിന്റെ ആവശ്യകതയെന്തെന്ന് ചോദിക്കുന്നവരായിരുന്നു ഏറെയും. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. 50 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. 1994ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ശതമാനമാണത്. ഇറ്റലിയിലെ മാറ്റിയോ സാല്‍വിനി, ഫ്രാന്‍സിലെ മാരിനേ ലീ പെന്‍ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കള്‍ അഴിച്ചു വിട്ട പ്രചണ്ഡ പ്രചാരണമായിരുന്നു ഈ ഉയര്‍ന്ന പോളിംഗ് ശതമാനത്തിന്റെ കാരണം. ഇവര്‍ മുന്നോട്ട് വെച്ച ആശയം യൂറോപ്യന്‍ യൂനിയന് തന്നെ എതിരായതിനാല്‍ അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത പരമ്പരാഗത മധ്യ, ഇടതുപക്ഷ പാര്‍ട്ടികളും ലിബറലുകളും ശക്തമായി ജനമധ്യത്തിലെത്തിച്ചു. അങ്ങനെ, ഏതാനും പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് എന്നതില്‍ നിന്ന് രണ്ട് നിലപാടുകള്‍ തമ്മിലുള്ള പോരാട്ടമായി വോട്ടെടുപ്പ് പരിണമിച്ചു. യൂറോപ്യന്‍ യൂനിയന്‍ ഇന്നത്തെ നിലയില്‍ നിലനില്‍ക്കണോ വേണ്ടയോ എന്ന റെഫറണ്ടമായി മാറുകയായിരുന്നു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്.
തീവ്രവലതുപക്ഷ പോപ്പുലിസ്റ്റ് കക്ഷികള്‍ അവരുടെ സീറ്റ് ശതമാനം 20ല്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ ആശങ്കപ്പെട്ടത് പോലെ അട്ടിമറി വിജയം നേടിയില്ല. അതുകൊണ്ട് യൂറോപ്യന്‍ യൂനിയനെ അംഗീകരിക്കുന്ന കക്ഷികള്‍ക്ക് തന്നെയാണ് ഇപ്പോഴും പാര്‍ലിമെന്റില്‍ മേല്‍ക്കൈ. പോളണ്ടിലും ഹംഗറിയിലും ഇറ്റലിയിലുമാണ് തീവ്രവലതുപക്ഷക്കാര്‍ വലിയ വിജയം നേടിയത്. ഇറ്റലിയില്‍ സാല്‍വിനിയുടെ ലീഗ് പാര്‍ട്ടി 34 ശതമാനം വോട്ട് ഒറ്റക്ക് നേടി. ഫ്രാന്‍സില്‍ ലീ പെന്നിന്റെ പാര്‍ട്ടി 23 ശതമാനവും. രണ്ട് വര്‍ഷം മുമ്പ് അവര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇമ്മാനുവല്‍ മാക്രോണിനോട് തോറ്റപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ നേടുകയും പ്രസിഡന്റിന്റെ പാര്‍ട്ടിയെ മറികടക്കുകയും ചെയ്തു. ഫ്രാന്‍സ് എന്ന ലക്ഷണമൊത്ത ലിബറല്‍ യൂറോപ്യന്‍ രാഷ്ട്രം അതിവേഗം ആ മൂല്യങ്ങളില്‍ നിന്ന് അകലുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. മധ്യ- ഇടത്, മധ്യ- വലത് പരമ്പരാഗത കക്ഷികള്‍ക്ക് ഇ യു ചരിത്രത്തിലാദ്യമായി മേല്‍ക്കൈ നഷ്ടപ്പെട്ടു. പകരം നേടിയത് ഗ്രീന്‍ പാര്‍ട്ടികളും ലിബറല്‍ പാര്‍ട്ടികളുമാണ്. ജര്‍മനിയിലെ ആഞ്ചലാ മെര്‍ക്കലിന്റെ പാര്‍ട്ടിയും തിരിച്ചടി നേരിട്ടവയുടെ കൂട്ടത്തിലാണ്.
ഈ തിരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് ജനത എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു ഏറ്റവും കൗതുകകരം. ഇ യു വിടാന്‍ തയ്യാറായി നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റ് കരാറില്‍ അന്തിമ തീരുമാനമാകാത്തതു കൊണ്ട് മാത്രമാണ് വോട്ടിംഗില്‍ പങ്കെടുക്കേണ്ടി വന്നത്. നോ ഡീല്‍ ബ്രെക്സ്റ്റിനായുള്ള പ്രധാനമന്ത്രി തെരേസ മെയുടെ ശ്രമം പരാജയമടഞ്ഞതോടെ അവര്‍ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ ഘട്ടത്തില്‍ ഇ യു തിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ വോട്ടിംഗ് പാറ്റേണ്‍ പ്രത്യേക വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ബ്രിട്ടീഷ് ജനത ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഫലം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം പിറന്നു വീണ ബ്രെക്‌സിറ്റ് അനുകൂല പാര്‍ട്ടി 31 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ യൂനിയന്‍ വിടുന്നതിനെ എതിര്‍ക്കുന്ന ചെറു ഗ്രൂപ്പുകളെല്ലാം ചേര്‍ന്ന് 47 ശതമാനം വോട്ട് നേടി. ഇന്ത്യയില്‍ കോണ്‍ഗ്രസിനെപ്പോലെ വമ്പന്‍ ചരിത്രമുള്ള കണ്‍സര്‍വേറ്റീവുകളും ലേബറുകളും യഥാക്രമം 9.1, 14.1 ശതമാനത്തില്‍ ഒതുങ്ങി.
മതം, വംശം, ഏകശിലാത്മക ദേശീയത, യുദ്ധോത്സുകത തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ജനവികാരം തട്ടിയുണര്‍ത്തുകയും ജയിച്ചു വരികയും ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ് നഷ്ടമാകുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊക്കെ അത് സംഭവിക്കുന്നുവെന്നത് ജനാധിപത്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരെ നിരാശരാക്കുന്നു.

Latest