Connect with us

National

രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍;ശരിവെച്ച് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണെന്ന കണക്ക് ശരിവച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ജനുവരിയില്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്ന കരട് റിപ്പോര്‍ട്ടില്‍ രാജ്യത്തെ 6.1ശതമാനം പേര്‍ക്ക് തൊഴിലില്ലെന്ന കണക്കുകള്‍ പുറത്തു വന്നിരുന്നു. നീതി ആയോഗ് വൈസ് ചെയര്‍മാനടക്കം ഈ വാര്‍ത്ത അന്ന് നിഷേധിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പുതിയ മന്ത്രിസഭാരൂപീകരണം കഴിഞ്ഞ ശേഷമാണ് കണക്കുകള്‍ പുറത്തുവിടുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച ഒളിച്ചുകളി വെളിപ്പെടുത്തുന്നതാണ്. 2017-18 വര്‍ഷത്തെ കണക്കാണ് ഇപ്പോള്‍ ഔദ്യോഗികമായി പുറത്തു വന്നിരിക്കുന്നത്.

നഗരങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ . നഗരത്തില്‍ 7.8ശതമാനം പേരും തൊഴില്‍ രഹിതരാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ 5.3ശതമാനം പേര്‍ക്കും തൊഴിലില്ല. ആകെ കണക്കാക്കിയാല്‍ രാജ്യമെങ്ങും 6.1 ശതമാനം പേര്‍ തൊഴില്‍രഹതിരാണ്. പുരുഷന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 6.2 ശതമാനമാണെങ്കില്‍ സ്ത്രീകള്‍ക്കിടയില്‍ 5.7ശതമാനം പേര്‍ക്കും തൊഴിലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനുവരിയില്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കരുതി റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു .ദേശീയ സാംപിള്‍ സര്‍വേ ഓഫീസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനം നടപ്പാക്കിയ ശേഷം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിലുണ്ടായ മാറ്റമായിരുന്നു ഈ ഏജന്‍സി പഠിച്ചത്. ഡിസംബറില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ടംഗങ്ങള്‍ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.