Connect with us

Kerala

വി മുരളീധരന്‍ വിദേശ-പാര്‍ലിമെന്ററി കാര്യ സഹ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറില്‍ വി മുരളീധരന് വിദേശകാര്യ, പാര്‍ലിമെന്ററി കാര്യ സഹമന്ത്രി സ്ഥാനം. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിദേശകാര്യ വകുപ്പിന്റെയും പ്രഹ്‌ളാദ് ജോഷി പാര്‍ലിമെന്ററി കാര്യ വകുപ്പിന്റെയും കാബിനറ്റ് റാങ്കുള്ള മന്ത്രിമാരാണ്.
ബി ജെ പിയുടെ മുതിര്‍ന്ന നേതാവ്, നേരത്തെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുള്ള പരിചയം, മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം, ദീര്‍ഘകാലം ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്നതിന്റെ അനുഭവ സമ്പത്ത് തുടങ്ങിയവയെല്ലാം മന്ത്രി പദവിയില്‍ മുരളീധരന് മുതല്‍ക്കൂട്ടാകും.

തലശേരി സ്വദേശിയായ മുരളീധരന്‍ എ ബി വി പി യിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. പിന്നീട് സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ബി ജെ പി യിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളും മുരളീധരനൊപ്പം
കേന്ദ്ര മന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ മുരളീധരന് നറുക്കു വീഴുകയായിരുന്നു.

ആദ്യമായി കേന്ദ്ര മന്ത്രിസഭാംഗമാകുന്ന ഒരാള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് വിദേശ കാര്യ വകുപ്പിലെ മന്ത്രി പദവി. മുമ്പ് കേരളത്തില്‍ നിന്നുള്ള എം പിമാരായ ഇ അഹമ്മദും ശശി തരൂരും യു പി എ സര്‍ക്കാറില്‍ വിദേശകാര്യ സഹ മന്ത്രിയായിരുന്നിട്ടുണ്ട്. നിലവില്‍ മന്ത്രിസഭയിലെ ഏക മലയാളിയാണ് മുരളീധരന്‍.

സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് കേരളത്തിലേക്ക് കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരുമെന്ന് മുരളീധരന്‍ മന്ത്രിയാകാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസന കാര്യങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest