Connect with us

Malappuram

പഴമയുടെ പ്രൗഢിയില്‍ പരപ്പനങ്ങാടി അങ്ങാടി വലിയ ജുമുഅ മസ്ജിദ്

Published

|

Last Updated

പരപ്പനങ്ങാടി അങ്ങാടി വലിയ ജുമുഅ മസ്ജിദ്

പരപ്പനങ്ങാടി: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടലാക്രമണത്തില്‍ തകര്‍ന്ന അങ്ങാടി വലിയ ജുമുഅ മസ്ജിദ് ഇന്നും പഴമയുടെ പുതുമ നിലനിര്‍ത്തികൊണ്ട് തന്നെയാണ് നിലകൊള്ളുന്നത്. ഒന്നര നൂറ്റാണ്ട് മുമ്പ് കടലാക്രമണത്തില്‍ തകര്‍ന്ന പള്ളിയുടെ ശേഷിച്ച ഭാഗങ്ങള്‍ കൊണ്ടാണ് ഈ പുരാതന പള്ളി പുതുക്കി പണിതത്. ഹിജ്‌റ 112ല്‍ ഇവിടെ പള്ളിയുണ്ടായിരുന്നതായി ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ പള്ളിയിലെ മിഹ്‌റാബ് പണികഴിപ്പിച്ച തീയതിയും ഇത് വഖ്ഫ് ചെയ്ത ആളുടെ പേരും മിമ്പറിന്റെ ചാരുപടിയില്‍ അറബിയില്‍ കൊത്തി വെച്ചിട്ടുണ്ട്. ഹിജ്‌റ 1283ല്‍ കിഴക്കിനിയകത്ത് കുഞ്ഞികോയാമുട്ടി നഹയാണ് ഇത് പണികഴിപ്പിച്ചത്.

കേരളക്കരയില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുന്ന കാലത്ത് നിലവില്‍ വന്ന മുസ്‌ലിം കോളനികളിലൊന്നായിരുന്നു പരപ്പനങ്ങാടി. മഹാരഥന്മാരായ ഒട്ടേറെ പണ്ഡിത മഹത്തുക്കളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ പ്രദേശമാണിത്. ആദ്യകാലത്ത്തന്നെ ദര്‍സ്‌ നടത്തിപോന്ന ഈ ജുമുഅ മസ്ജിദ് പണ്ഡിത ശ്രേഷ്ട്‌നും സൂഫി വര്യനുമായ അവുകോയ മുസ്‌ലിയാരാണ് പണികഴിപ്പിച്ചത്.
ഹിജ്‌റ 1257ലുണ്ടായ വന്‍ കടലാക്രമണത്തിലാണ് ഈ പള്ളി തകരുകയും കടലില്‍ ഒലിച്ചുപോകുകയും ചെയ്തത്. ശേഷിച്ച മര ഉരുപ്പടികളും മറ്റുഭാഗങ്ങളും കൊണ്ടുവന്നാണ് കിഴക്കുമാറി ഇപ്പോഴത്തെ പള്ളി പുതുക്കിപണിതത്. ഈ പള്ളിയില്‍ ജുമുഅക്കും മറ്റും പരപ്പനങ്ങാടിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ കാല്‍ നടയായി എത്തിച്ചേര്‍ന്നിരുന്നു. അവുകോയ മുസ്‌ലിയാര്‍ ഈജിപ്ത്, ബാഗ്ദാദ് എന്നിവിടങ്ങളില്‍നിന്ന് മത പഠനംനടത്തുകയും ശൈഖ് ഇബ്‌റാഹീമുല്‍ ബാജിരിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ ഉസ്താത് ഉമര്‍ഖാസി താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ മുദര്‍രിസായി നിയമിച്ചു.

ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് തുടങ്ങിയ ദീനീ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ പ്രാഗത്ഭ്യം നേടിയ മഹാനവര്‍കള്‍ക്ക് വന്‍ ശിഷ്യഗണങ്ങളുണ്ടായിരുന്നു. മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, താനൂര്‍ അബ്ദുറഹിമാന്‍ ശൈഖ് തുടങ്ങിയവര്‍ അവരില്‍ പ്രധാനികളായിരുന്നു.
പരപ്പനങ്ങാടിയിലെ പൗരാണിക കുടുംബാംഗം കൂടിയാണ് അവുക്കോയ മുസ്‌ലിയാര്‍. ഇദ്ദേഹത്തിന്റെ മഖ്ബറ അങ്ങാടി വലിയ ജുമുഅ മസ്ജിദിനോട് ചേര്‍ന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിദര്‍സ് ഇന്നും ഇവിടെ തുടരുന്നുണ്ട്. വാസ്തു ശില്‍പ്പ ചാതുരിയും കരവിരുതും സമന്വയിച്ച മിമ്പര്‍ ഏറെ ആകര്‍ഷകവും നയനാന്തകരവും വിസ്മയ കാഴ്ചയുമാണ്.