Connect with us

National

മമതക്കെതിരെ ജയ് ശ്രീ റാം വിളിയുമായി പ്രതിഷേധം: ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കാറില്‍ കടന്നുപോകുമ്പോള്‍ ജയ് ശ്രീ റാം, ജയ് മോദി വിളികളുമായി പ്രതിഷേധിച്ച ഏഴ് ബി ജെ പി പ്രവര്‍ത്തകെ പോലീസ് അറസ്റ്റു ചെയ്തു. ബാരക്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചുള്ള ഒരു കുത്തിയിരിപ്പു ധര്‍ണയെ അഭിസംബോധന ചെയ്യാന്‍ പോകുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളികളുമായി മമതയുടെ കാറിനടുത്തേക്ക് എത്തിയത്. രണ്ടു തവണ കാറില്‍ നിന്നിറങ്ങിയ മമത ബി ജെ പി സംഘത്തോട് കയര്‍ത്തു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പ്രദേശത്തെ വീടുകളില്‍ തിരച്ചില്‍ നടത്താനും പോലീസിന് നിര്‍ദേശം നല്‍കി.

ബി ജെ പിയുടെ തലപ്പാവ് ധരിച്ച ചിലര്‍ ജയ് ശ്രീ റാം വിളികളുമായി തന്റെ കാറിനടുത്തേക്ക് വരികയായിരുന്നുവെന്ന് മമത പറഞ്ഞു. “അവര്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരായിരുന്നു. ഹിന്ദി ഭാഷക്കാരോട് തനിക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ അവരില്‍ ചിലര്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പ് സമയത്ത് ആരംഭിച്ചതാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഇവര്‍ തന്നെ ശല്യപ്പെടുത്തുന്നത്. ബംഗാളികളും അല്ലാത്തവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് ഇത്തരം ശ്രമങ്ങള്‍. നമ്മുടെ മുദ്രാവാക്യം ജയ് ഹിന്ദ് ആണ്, ജയ് ശ്രീ റാം അല്ല”- മമത പറഞ്ഞു.

Latest