Connect with us

Ongoing News

വിജയത്തുടക്കമിടാൻ

Published

|

Last Updated

നോട്ടിംഗ്ഹാം: ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോൾ പാക്കിസ്ഥാനും വെസ്റ്റ് ഇൻഡീസിനും വിജയങ്ങളുടെ അമിതാവേശത്തിനൊന്നും വകുപ്പില്ല. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്ന ഏകദിന മത്സരങ്ങളിലൊന്നും നല്ല റെക്കോർഡല്ല ഇരു ടീമുകൾക്കും ഉള്ളത്. പാക്കിസ്ഥാന്റെ കാര്യം പരമ കഷ്ടമാണ്. അവസാനമായി കളിച്ച പത്ത് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാതെയാണ് അവർ ഇംഗ്ലണ്ടിലെത്തിയത്. പിന്നാലെ നടന്ന സന്നാഹ മത്സരത്തിലും തുടർച്ച അവസാനിച്ചില്ല. ആ മത്സരത്തിൽ അയൽക്കാരായ അഫ്ഗാനിസ്ഥാന് മുന്നിൽ മൂന്ന് വിക്കറ്റിന് മൂക്കും കുത്തി വീണു.

ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡിസിനെ നേരിടാനിറങ്ങുമ്പോൾ രണ്ട് വർഷം മുമ്പ് നടന്ന ചാമ്പ്യൻസ് ട്രോഫി നേട്ടം ഓർത്തെടുത്ത് വീര്യം കൂട്ടാനാണ് പച്ചക്കുപ്പായക്കാരുടെ ശ്രമം. വലിയ തിരിച്ചടികളുടെ കുഴിയിൽ നിന്ന് ചാടിക്കയറിയാണ് അന്ന് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഇംഗ്ലണ്ടിന്റെ മണ്ണിൽ നിന്ന് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ട് മുമ്പ് ആസ്‌ത്രേലിയയെ നേരിട്ടപ്പോൾ പരമ്പര 4-1ന് കൈവിട്ടു. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയോട് 124 റൺസിന്റെ നാണം കെട്ട തോൽവി. ഒരു ടീം തകർന്നടിയാൻ അത് മതിയായിരുന്നു. പക്ഷേ, പോരാട്ട വീര്യത്തിൽ പാക്കിസ്ഥാനെ വെല്ലാൻ അധികം ടീമുകളില്ല. ടൂർണമെൻിലെ തുടർന്നുള്ള മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകളെ തട്ടിമാറ്റി ഫൈനലിൽ എത്തിയ പാക്കിസ്ഥാൻ അവിടെ ഇന്ത്യയോട് കണക്ക് ചോദിച്ചത് കൈവിട്ട ആദ്യ മത്സരത്തിന്റെ ഇരട്ടി തീവ്രതയിലായിരുന്നു. 180 റൺസിന് ഇന്ത്യയെ മലർത്തിയടിച്ചാണ് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ചുമലേറ്റിയത്.

ആ ത്രസിപ്പിക്കുന്ന ഓർമ ഊർജം പകരുമെന്നാണ് ഈ ലോകകപ്പിലെ കന്നി മത്സരത്തിനിറങ്ങുമ്പോൾ പാക് നായകൻ സർഫറാസ് അഹ്്മദിന്റെ ആത്മവിശ്വാസം. അവസാനം നടന്ന രണ്ട് ടൂർണമെന്റുകളിൽ ആസ്‌ത്രേലിയക്കും ഇംഗ്ലണ്ടിനും മുന്നിൽ പാക്കിസ്ഥാൻ സമ്പൂർണ പരാജയമാണ് രുചിച്ചത്. രണ്ട് ടൂർണമെന്റുകളിലും ഒരു മത്സരം പോലും ജയിക്കാൻ അവർക്കായില്ല.
ഇത്തവണ മികച്ച തയ്യാറെടുപ്പുമായാണ് ടീം എത്തിയിരിക്കുന്നതെന്ന് സർഫറാസ് അഹ്്മദ് പറയുന്നു. ക്യാപ്റ്റനെ കൂടാതെ 2015 ലോകകപ്പിൽ കളിച്ച ഒരാൾ കൂടിയേ (ഹാരിസ് സുഹൈൽ) ടീമിലുള്ളൂ. വാതുവെപ്പ് വിവാദത്തെ തുടർന്നുള്ള വിലക്ക് കാരണം കഴിഞ്ഞ രണ്ട് എഡിഷനുകളിലും അവസരം നഷ്ടപ്പെട്ട മുഹമ്മദ് ആമിറാണ് ടീമിന്റെ കുന്തമുനയെന്ന് ക്യാപ്റ്റൻ തന്നെ പറയുന്നു. ഇന്ന് വിൻഡീസിനെതിരെയിറങ്ങുമ്പോൾ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ലിനെയും ഷായ് ഹോപ്പിനെയും നേരിടാൻ ആമിറിൽ പ്രതീക്ഷയർപ്പിക്കുകയാണ് പാക്കിസ്ഥാൻ. ചാമ്പ്യൻസ് ട്രോഫി ടൂർണമെൻിൽ ഇന്ത്യയെ തറപറ്റിച്ച ശേഷം 15 മാച്ചുകളിൽ നിന്ന് കേവലം അഞ്ച് വിക്കറ്റ് മാത്രമാണ് ആമിറിന്റെ സമ്പാദ്യം എന്നതാണ് രസകരമായ കാര്യം. സ്ഥിരതയില്ലാത്ത ബൗളിംഗ് നിര തന്നെയാണ് പാക്കിസ്ഥാൻ നേരിടുന്ന പ്രധാന വെല്ലുവിളി.

ഇനി വെസ്റ്റ് ഇൻഡീസിലേക്ക് വരികയാണെങ്കിൽ അവിടെയും കാര്യങ്ങൾ അത്ര സുഖകരമല്ല. മാർച്ച്- മെയ് മാസങ്ങളിൽ നടന്ന രണ്ട് ടൂർണമെന്റുകളും വലിയ മാർജിനിൽ അവർ കൈവിട്ടു. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് തൊട്ട് മുമ്പ് നടന്ന പരമ്പര ബംഗ്ലാദേശിനോട് 3-1ന് വിൻഡീസ് തോറ്റത്. അതിന് മുമ്പ് ഇംഗ്ലണ്ടിനെ നേരിട്ടപ്പോഴും സ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല. പത്ത് മത്സരങ്ങളിൽ നാലെണ്ണം മാത്രമേ കരീബിയൻ നിരക്ക് തോളിലേറ്റാൻ സാധിച്ചുള്ളൂ.
പക്ഷേ, രണ്ട് തവണ ലോകകപ്പുയർത്തിയ ചരിത്രമുള്ള വിൻഡീസിനെ എഴുതിത്തള്ളാൻ കഴിയില്ല. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ പവർഹൗസ് എന്ന വിശേഷണം ചാർത്തിക്കൊടുക്കാൻ പറ്റിയ ടീം ചരിത്രം അവർക്ക് അവകാശപ്പെടാനുണ്ട്. 1983ന് ശേഷം ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ലെങ്കിലും ഇടക്ക് ആർക്കും പ്രവചിക്കാൻ പറ്റാത്ത വിധം കരുത്താർജിക്കാറുണ്ട് അവർ. 20 ഓവർ ക്രിക്കറ്റിൽ ആ ശക്തി വിൻഡീസ് താരങ്ങൾ തെളിയിച്ചിട്ടുണ്ട്. തനിച്ച് വിജയം എത്തിപ്പിടിക്കാൻ പോന്ന ഗെയ്‌ലും ആൻഡ്രെ റസ്സലും ടീമിലുണ്ട്. ഇവരുടെ കൈക്കരുത്ത് കഴിഞ്ഞ ഐ പി എൽ മത്സരങ്ങളിൽ കണ്ടതാണ്. പഞ്ചാബിന് വേണ്ടി ഗെയ്ൽ 34 സിക്‌സറുകൾ പായിച്ചപ്പോൾ, റസ്സൽ കൊൽക്കത്തക്ക് വേണ്ടി തൊടുത്തത് 52 സിക്‌സറുകളായിരുന്നു. ജേസൺ ഹോൾഡർ നയിക്കുന്ന ടീമിന്റെ ഉപനായക പട്ടവുമുണ്ട് ഇത്തവണ ഗെയ്‌ലിന്. മുതിർന്ന താരമെന്ന നിലയിൽ ക്യാപ്റ്റനെ സഹായിക്കുക എന്നത് തന്റെ കടമയാണെന്ന് ഗെയ്ൽ പറയുന്നു. ഈ ലോകകപ്പിൽ 500 റൺസ് മറികടക്കുന്ന ആദ്യ ടീമായി മാറുന്നതിനുള്ള തീക്കരുത്ത് വിൻഡീസിനുണ്ടെന്ന് ഹോപ്പ് പ്രതീക്ഷ പങ്കുവെക്കുന്നു. സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 421 റൺസ് വരെ അവർ എത്തിയിട്ടുണ്ട്. മത്സരം ഒന്നുകൂടി ആവേശകരമാകുമ്പോൾ വെടിക്കെട്ടുകൾക്ക് തന്നെയാണ് ഇന്ന് ക്രിക്കറ്റ് ലോകം കാതും കണ്ണും കൂർപ്പിക്കുന്നത്.

സാധ്യതാ ടീം
പാക്കിസ്ഥാൻ: ഇമാമുൽ ഹഖ്, ഫഖർ സമാൻ, ബാബർ അസം, ഹാരിസ് സുഹൈൽ/മുഹമ്മദ് ഹഫീസ്, സർഫറാസ് അഹ്്മദ് (ക്യാപ്റ്റൻ), ഇമാദ് വസീം, ആസിഫലി, ശദാബ് ഖാൻ, മുഹമ്മദ് ആമിർ, ഹസൻ അലി, ശഹീം അഫ്രീദി
വെസ്റ്റ് ഇൻഡീസ്: ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ഷായ് ഹോപ്പ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ഡാരൺ ബ്രോവോ, ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ആൻഡ്രെ റസ്സൽ, ആഷ്്‌ലെ നർസെ, കെമാർ റോച്, ഷെൽഡൺ കോട്ടറെൽ, ഒഷാനെ തോമസ്/ഷാനോൺ ഗബ്രിയേൽ.

Read Also:

ദക്ഷിണാഫ്രിക്കക്ക് ബെന്‍ ‘ഷോക്ക്’; ആതിഥേയര്‍ക്ക് 104 റണ്‍സ് ജയം