Connect with us

Eranakulam

ആവാസ വ്യവസ്ഥ നശിക്കുന്നു; പ്രജനനകാലം കഴിഞ്ഞാലും മത്തിക്ക് ക്ഷാമം തന്നെ

Published

|

Last Updated

കൊച്ചി: കടലിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റംവരെ സാരമായി ബാധിക്കുന്നതിനാൽ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞാലും മത്തിയുടെ ലഭ്യത കുറയും. കേരളതീരങ്ങളിലെ മത്തിയിൽ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചതാണ് അളവ് ശോഷിപ്പിച്ചത്. കേരള-കർണാടക തീരങ്ങളിലാണ് മത്തി നേരത്തേ തന്നെ കുറഞ്ഞു കൊണ്ടിരുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽപ്പോലും ഇവിടെ നിന്ന് ലഭിക്കുന്ന മത്തിയിൽ പ്രജനന ലക്ഷണങ്ങളില്ലെന്ന് സി എം എഫ് ആർ ഐയിലെ ശാസ്ത്രജ്ഞൻ ഡോ. ഇ എം അബ്ദുസമദ് സിറാജിനോട് പറഞ്ഞു. എന്നാൽ തമിഴ്‌നാട് തീരങ്ങളിലുള്ള മത്തിയിൽ പ്രജനന ലക്ഷണങ്ങൾ കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങളാണ് മത്തിയുടെ പ്രജനന കാലം. ഈ മീൻ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് മുട്ടയിടുക. പെൺമത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്. 24 മണിക്കൂറിനുള്ളിൽ മുട്ടവിരിയും. സമുദ്ര പ്രതല ഊഷ്മാവ് ഉയർന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മത്തിയുടെ പ്രജനനത്തെയും വളർച്ചയെയും ബാധിച്ചതാണ് പ്രശ്്‌നങ്ങൾക്കിടയാക്കുന്നത്. സമുദ്ര ജലത്തിന് ചൂടേറുന്ന എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്ന നിരീക്ഷണം നേരത്തേ തന്നെ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം നടത്തിയിരുന്നു.

10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി കൂടുതലായും കണ്ടു വരുന്നത്. കൂട്ടമായാണു സഞ്ചാരം. സസ്യപ്ലവകങ്ങളിൽ നിന്നാണ് മത്തി ആഹാരം കണ്ടെത്തുന്നത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു. കാലവർഷമായാൽ മത്തി പറ്റംപറ്റമായി ഉൾക്കടലിൽ നിന്ന് തീരക്കടലിലേക്ക് വരും. കടൽ വെള്ളം അടിയിൽ നിന്ന് മുകളിലേക്ക് പൊന്തി അടിത്തട്ടിലെ വളങ്ങൾ വെയിലുള്ള വെള്ളത്തിലെത്തി അവിടെ പ്ലാങ്ക്ടണായി വളരുന്നതാണ് മത്തിയുടെ ഭക്ഷണലഭ്യതയെ വളരെയേറെ സഹായിച്ചിരുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പ്ലാങ്ക്ടൺ ലഭ്യത കുറച്ച് മത്തിയുടെ ആവാസ വ്യവസ്ഥയെ തന്നെ ശോഷിപ്പിച്ചതായും ഗവേഷകർ കണ്ടെത്തി. തീരക്കടലിലെ ലവണാംശം വളരെക്കുറയുന്നതും മത്തിയുടെ പ്രജനനത്തെയും കുഞ്ഞുങ്ങളുടെ അതിജീവനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഗവേഷകർ വിലയിരുത്തുന്നു.
2012ൽ കേരളത്തിൽ റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നു. എൽനിനോയുടെ വരവോടെ അടുത്ത ഓരോ വർഷവും ഗണ്യമായി കുറവുണ്ടായതായാണ് കണക്കുകൾ. 2016ന് ശേഷമാണ് വൻതോതിൽ കുറഞ്ഞതായി കാണുന്നത്.