Connect with us

Ramzan

സുന്നത്ത് നിസ്‌കരിക്കാം; മനം മടുക്കാതെ

Published

|

Last Updated

ഫർള് നിസ്‌കാരങ്ങൾക്ക് പുറമേ നിരവധി സുന്നത്ത് നിസ്‌കാരങ്ങളും നാം നിർവഹിക്കാറുണ്ട്. മദ്‌റസകളിൽ നിന്ന് പഠിച്ചതോ അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കളോ മുതിർന്നവരോ ചെയ്യുന്നത് കണ്ടോ ആരുടെയെങ്കിലും ഉപദേശം നമ്മുടെ മനസ്സിൽ തറച്ചോ പ്രവൃത്തി പദത്തിൽ കൊണ്ടുവന്നവയായിരിക്കുമത്. എന്നാൽ ഈ സുന്നത്ത് നിസ്‌കാരങ്ങൾ കൊണ്ടുള്ള യഥാർഥ ഗുണമറിയുന്നത് നിസ്‌കാരങ്ങളോടുള്ള നമ്മുടെ മനോഭാവം മാറ്റിയെടുക്കാനുപകരിക്കും. സുന്നത്ത് നിസ്‌കാരങ്ങൾ നിർവഹിക്കുന്നതിലുള്ള അലസത ഒഴിവാക്കുന്നതിനും ജീവിതത്തിൽ നിത്യമാക്കുന്നതിനും അതുപകരിക്കും.
അഞ്ച് നേരത്തെ ഫർള് നിസ്‌കാരത്തിൽ അറിയാതെ സംഭവിക്കുന്ന അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫർള് നിസ്‌കാരത്തോടനുബന്ധിച്ചുള്ള സുന്നത്ത് നിസ്‌കാരങ്ങൾ നിർവഹിക്കുന്നത്. റവാത്തിബ് സുന്നത്തുകൾ എന്നറിയപ്പെടുന്ന ഈ നിസ്‌കാരങ്ങൾ ആകെ 22 റക്അത്താണുള്ളത്. ളുഹ്്‌റിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്‌രിബിന്റെയും ഇശാഇന്റെയും മുമ്പും ശേഷവുമായി രണ്ട് വീതം റക്അത്തുകൾ.

സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ് അവ. എന്നാൽ ഇതിൽ ശക്തമായ സുന്നത്തുള്ള നിസ്‌കാരങ്ങൾ പത്ത് റക്അത്താണ്. സുബ്ഹിക്ക് മുമ്പ് രണ്ട്, ളുഹ്‌റിന് മുമ്പും ശേഷവും രണ്ട് വീതം, മഗ് രിബിന്റെയും ഇശാഇന്റെയും ശേഷം രണ്ട് വീതം എന്നിവയാണ് അവ.

ഇവ നിർവഹിക്കുന്നവർക്ക് നിരവധി പ്രതിഫലങ്ങൾ ഇസ്്‌ലാം വാഗ്ദാനം ചെയ്യുന്നു. മുസ്്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം: നബി (സ) പറഞ്ഞു: ഇവയെല്ലാം നിസ്‌കരിക്കുന്നവന് സ്വർഗത്തിൽ ഒരു മണിമാളിക തന്നെ നിർമിക്കപ്പെടും. ഓരോ നിസ്‌കാത്തിന്റെയും ശേഷം ഇത് നിർവഹിക്കുന്നവർക്ക് പ്രത്യേകമായ പ്രതിഫലങ്ങളാണ് ലഭിക്കുന്നത്. സുബ്ഹിന്റെ മുമ്പ് രണ്ട് റക്അത്ത് നിസ്‌കരിക്കുന്നത് ദുനിയാവും അതിലുള്ളതിനേക്കാളും ഉത്തമമായതാണ്. ളുഹ്്‌റിന് മുമ്പും ശേഷവും അസറിന് മുമ്പും നാല് റക്അത്ത് വീതം പതിവായി നിസ്‌കരിക്കുന്നവർക്ക് നരകം നിഷിദ്ധമാകും.

മഗ്‌രിബിന്റയും ഇശാഇന്റെയും ശേഷം രണ്ട് റക്അത്ത് നിസ്‌കരിക്കുന്നവരുടെ പേര് പ്രത്യേകം രേഖപ്പെടുത്തപ്പെടും.
റവാത്തിബ് നിസ്‌കാരങ്ങളെപ്പോലെത്തന്നെ പ്രത്യേകം സുന്നത്തുള്ള നിസ്‌കാരമാണ് ളുഹാ എന്ന രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം. സൂര്യൻ ഉദിച്ചുയർന്നത് മുതലാണ് ഇതിന്റെ സമയം ആരംഭിക്കുന്നത്. ളുഹാ നിസ്‌കരിക്കുന്നവരുടെ ദോഷങ്ങൾ എത്ര അധികമാണെങ്കിലും പൊറുക്കപ്പെടുമെന്ന് ഹദീസിൽ കാണാം. അബൂഹുറൈറ (റ) വിൽ നിന്നുള്ള നിവേദനം കാണുക: ളുഹാ നിസ്‌കാരം പതിവാക്കുന്നവരുടെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമാണെങ്കിലും പൊറുക്കപ്പെടുക തന്നെ ചെയ്യും. മറ്റൊരു ഹദീസിൽ കാണാം: അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെട്ട ഹജ്ജിന്റെയും ഉംറയുടെയും സ്ഥാനത്താണ് ളുഹാ നിസ്‌കാരത്തിന്റെ മഹത്വമെന്ന്.

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണം.

സബ് എഡിറ്റർ, സിറാജ്