Connect with us

Malappuram

സ്വലാത്ത് നഗറിൽ ഇന്ന് വിശ്വാസി ലക്ഷങ്ങളുടെ സംഗമം

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന റമസാൻ 27ാം രാവ് പ്രാർഥനാ സമ്മേളനത്തിന്റെ ഉദ്ഘാടനം സമസ്‌ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിക്കുന്നു

മലപ്പുറം: ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്‌റിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ ഇന്ന് സ്വലാത്ത് നഗറിൽ ജനസാഗരം തീർക്കും. റമസാനിലെ അവസാന വെള്ളിയാഴ്ചയും 27ാം രാവും ഒരുമിക്കുന്ന വിശുദ്ധ ദിനത്തെ ധന്യമാക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർഥനാ നഗരിയിലേക്കൊഴുകിയെത്തും.

രണ്ട് ദിനങ്ങളിലായി നടക്കുന്ന പ്രാർഥനാ സമ്മേളന പരിപാടികൾ ഇന്നലെ സമസ്‌ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്‌ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽകി. പ്രൊഫ. കെ എം എ റഹീം, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, മുഹമ്മദ് ശരീഫ് നിസാമി മഞ്ചേരി, സി ടി മുഹമ്മദ് മുസ് ലിയാർ, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ലുക്മാനുൽ ഹക്കീം സഖാഫി പുല്ലാര, ദുൽഫുഖാറലി സഖാഫി, അബ്ദു ഹാജി വേങ്ങര പ്രസംഗിച്ചു. തുടർന്ന് അസ്മാഉൽ ഹുസ്‌ന സദസ്, കർമ ശാസ്ത്ര മുഖാമുഖം, സി കെ ഉസ്താദ് അനുസ്മരണം, കർമശാസ്ത്ര പഠന ക്ലാസ്, ഇസ്‌തിഗ്ഫാർ, വിർദുൽലത്വീഫ്, പ്രാർഥന, തസ്ബീഹ് നിസ്‌കാരം, ഖുത്ബിയ്യത്ത്, സ്വലാത്തുൽ ഹുളൂർ തുടങ്ങിയ പരിപാടികൾക്ക് സയ്യിദ് അബ്ദുർറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നേതൃത്വം നൽകി.

മലപ്പുറം സ്വലാത്ത് നഗറിൽ റമളാൻ 27-ാം രാവ് പ്രാർത്ഥനാ സമ്മേളനത്തിനായി പ്രധാന നഗരിയിൽ സ്ഥാപിച്ച പ്രവേശന കവാടം മഅ്ദിൻ ഗ്രാൻഡ് മസ്ജിദിന്റെ പശ്ചാത്തലത്തിൽ

പുലർച്ചെ നാലിന് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടക്കുന്ന ആത്മീയ സദസ്സോടെ ഇന്നത്തെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഖുർആൻ പാരായണം, ഹദീസ് പഠന ക്ലാസ്, ഖുർആൻ ഹിസ്ബ് ക്ലാസ്, സ്വലാത്തുൽ ഇശ്‌റാഖ്, ഖത്മുൽ ഖുർആൻ എന്നിവ നടക്കും. ജുമുഅ ഖുതുബ, പ്രഭാഷണം എന്നിവക്ക് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. തുടർന്ന് അസ്മാഉൽ ബദ്ർ സദസ് നടക്കും. വൈകുന്നേരം നാലിന് ഖത്മുൽ ഖുർആൻ, പ്രാർഥന എന്നിവക്ക് സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി നേതൃത്വം നൽകും. തുടർന്ന് മഅ്ദിൻ തഹ്ഫീളുൽ ഖുർആൻ കോളജ് വിദ്യാർഥികൾ ബുർദ ആലപിക്കും. പ്രാർഥനാ സമ്മേളനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ സമൂഹ ഇഫ്താറിന് സ്വലാത്ത് നഗർ സാക്ഷ്യം വഹിക്കും. രാത്രി ഒമ്പതിന് പ്രധാന വേദിയിൽ പ്രാർഥനാ സമ്മേളന സമാപന പരിപാടികൾക്ക് തുടക്കമാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും.

മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും.
സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തും.

സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ത്വാഹാ തങ്ങൾ കുറ്റ്യാടി, സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, വയനാട് ഹസൻ മുസ്‌ലിയാർ, ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, റാഷിദ് ബുഖാരി സംബന്ധിക്കും. ഭീകരവിധ്വംസക പ്രവണതകൾക്കെതിരെയുള്ള പ്രതിജ്ഞ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ചൊല്ലിക്കൊടുക്കും.
പ്രവാചകരുടെ പ്രകീർത്തനമായ സ്വലാത്ത്, പാപമോചന പ്രാർഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാർത്ഥന എന്നിവയും നടക്കും.
പ്രവാസികൾക്കായി ഗൾഫ് കൗണ്ടറും വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രാർത്ഥനാ സമ്മേളനത്തിനെത്തുന്ന വിശ്വാസികൾക്കായി അത്താഴവിതരണവും ചെയ്യും. അടിയന്തരാവശ്യങ്ങൾക്ക് സൂപ്പർസ്‌പെഷ്യാലിറ്റി ഇന്റൻസീവ് കെയർ യൂനിറ്റ് നഗരിയിൽ ക്യാമ്പ് ചെയ്യും. കൂടാതെ ഫയർഫോഴ്‌സിന്റെയും വളണ്ടിയർ കോറിന്റെയും സേവനവുമുണ്ടാകും. ഹെൽപ്പ് ലൈൻ നമ്പർ: 9633158822, 9645600072