Connect with us

Kerala

കെവിന്‍ വധം: എസ് ഐ. എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷനിലായിരുന്ന കോട്ടയം ഗാന്ധിനഗര്‍ എസ് ഐ. എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രി, ഡി ജി പി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ജൂനിയര്‍ എസ് ഐയായി തരംതാഴ്ത്തിക്കൊണ്ട് ഷിബുവിനെ കോട്ടയം ജില്ലയില്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് ഇടുക്കിയിലേക്കു സ്ഥലം മാറ്റി. കൊച്ചി റെയ്ഞ്ച് ഐ ജി. വിജയ് സാക്കറെയാണ് ഷിബുവിനെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയത്. നടപടിക്കെതിരെ വിവിധ തലങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയതായി പിതാവുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിട്ടും ഷിബു നടപടി സ്വീകരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തില്‍ ഷിബു ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും കാട്ടിയെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണം ശക്തമായതോടെ ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കോട്ടയം ഭരണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ട്, എസ് പിയുടെ ശിപാര്‍ശ എന്നിവ സഹിതമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്.

Latest