Connect with us

National

പ്രധാന മന്ത്രിയായി മോദിയുടെ രണ്ടാമൂഴം; 24 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തില്‍ വീണ്ടും നരേന്ദ്ര ദാമോദര്‍ദാസ് മോദി. ഇന്ന് വൈകീട്ട് ഏഴിന് രാഷ്ട്രപതിഭവന്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാന മന്ത്രിയായി അദ്ദേഹം അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്കു മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് എന്നിവര്‍ക്കും രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മൃതി മണ്ഡപത്തിലും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാജ്‌നാഥ് സിംഗ്, അമിത് ഷാ, സദാനന്ദ ഗൗഢ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ തുടങ്ങിയ പ്രമുഖര്‍ മോദിക്കു ശേഷം സത്യപ്രതിജ്ഞ ചെയ്തു. വിദേശ രാഷ്ട്ര തലവന്മാരും രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിനു പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുന്നതായി ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നു. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി എം കെ എം പിമാരും ചടങ്ങ് ബഹിഷ്‌കരിച്ചു.

രാജ്‌നാഥ് സിംഗാണ് മോദിക്കു ശേഷം സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമത് അമിത് ഷായും നാലാമതായി സദാനന്ദ ഗൗഢയും സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിസഭയിലെ കാബിനറ്റ് അംഗങ്ങള്‍ ഇവരാണ്:

1. രാജ്‌നാഥ് സിംഗ്

ഒന്നാം മോദി സര്‍ക്കാറിലെ ആഭ്യന്തര മന്ത്രി. ലക്‌നൗവില്‍ നിന്നുള്ള എം പി. വാജ്‌പെയ് സര്‍ക്കാറിലെ കാര്‍ഷിക വകുപ്പു മന്ത്രി, യു പി മുഖ്യമന്ത്രി, ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

2. അമിത് ഷാ

ബി ജെ പി ദേശീയ അധ്യക്ഷനായ അമിത് ഷാ മന്ത്രിസഭയിലെ പുതുമുഖമാണ്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള ലോക്‌സഭാംഗം.

3. നിതിന്‍ ഗഡ്കരി

മുന്‍ മോദി സര്‍ക്കാറിലെ ഉപരിതല ഗതാഗത വകുപ്പു മന്ത്രി. ജലസേചനം, നദീ വികസനം തുടങ്ങിയ വകുപ്പുകളിലെയും മന്ത്രിയായിരുന്നിട്ടുണ്ട്. യു പി യിലെ നാഗ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗം.

4. സദാനന്ദ ഗൗഡ

കഴിഞ്ഞ മന്ത്രിസഭയിലെ രാസവസ്തു-വളം വകുപ്പ് മന്ത്രി. സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗ്രാം, നിയമ മന്ത്രാലയം, റെയിലവേ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബെംഗളൂരു നോര്‍ത്തില്‍ നിന്നുള്ള എം പി.

5. നിര്‍മല സീതാരാമന്‍

ഒന്നാം മോദി സര്‍ക്കാറില്‍ പ്രതിരോധ വകുപ്പു മന്ത്രി. വ്യവസായ വാണിജ്യ വകുപ്പിന്റെയും മന്ത്രിയായിരുന്നിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ്.

6. രാംവിലാസ് പസ്വാന്‍

എന്‍ ഡി എ സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍. മുന്‍ സര്‍ക്കാറില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചു

7. നരേന്ദ്ര സിംഗ് തോമര്‍

കഴിഞ്ഞ സര്‍ക്കാറില്‍ ഗ്രാമ വികസനം, പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി. പാര്‍ലിമെന്ററി വകുപ്പിന്റെ അധിക ചുമതലയും വഹിച്ചു. മധ്യപ്രദേശിലെ മൊറീന മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം.

8. രവിശങ്കര്‍ പ്രസാദ്

മുന്‍ സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പു മന്ത്രി. മാനവ വിഭവശേഷി, ടെക്‌സ്‌റ്റൈല്‍സ്, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നു വിജയിച്ചു.

9. ഹര്‍സിമ്രത് കൗര്‍ ബാദല്‍

എന്‍ ഡി എ സഖ്യ കക്ഷിയായ ശിരോമണി അകാലിദള്‍ എം പി. മുന്‍ മന്ത്രിസഭയില്‍ ഭക്ഷ്യസംസ്‌കരണ-വ്യവസായ വകുപ്പിന്റെ ചുമതല വഹിച്ചു. പഞ്ചാബിലെ ഭാതിന്ദ മണ്ഡലത്തില്‍ നിന്നുള്ള എം പി.

10. തവാര്‍ ചന്ദ് ഗെഹോത്

ഒന്നാം മോദി സര്‍ക്കാറില്‍ സാമൂഹിക നീതി-ശാക്തീകരണ വകുപ്പു മന്ത്രി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം.

11. സുബ്രഹ്മണ്യം ജയശങ്കര്‍

മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കര്‍ കേന്ദ്ര മന്ത്രിസഭയിലെ പുതുമുഖമാണ്. യു എസ് എസ, ചൈന, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

12. രമേഷ് പൊഖ്‌റിയാന്‍ നിഷാങ്ക്

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായ രമേശ് ആദ്യമായാണ് കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. ഹരിദ്വാറില്‍ നിന്നുള്ള എം പി.

13. അര്‍ജുന്‍ മുണ്ട

കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് ആദ്യമായി. രണ്ട് തവണ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നിട്ടുള്ള മുണ്ട കുന്തി മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

14. സ്മൃതി ഇറാനി

കഴിഞ്ഞ സര്‍ക്കാറില്‍ ടെക്‌സ്റ്റൈല്‍സ്, വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി. മാനവ വിഭവശേഷി വകുപ്പിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. യു പിയിലെ അമേഠിയില്‍ നിന്നുള്ള ലോക്‌സഭാംഗം.

15. ഡോ. ഹര്‍ഷവര്‍ധന്‍

മുന്‍ സര്‍ക്കാറില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതല നിര്‍വഹിച്ചു. പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വകുപ്പുകളുടെയും മന്ത്രിയായിരുന്നിട്ടുണ്ട്. ഡല്‍ഹിയിലെ ചാന്ദ് ചൗക്കില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ടു.

16. പ്രകാശ് ജാവേദ്കര്‍

കഴിഞ്ഞ മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പു മന്ത്രി. പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിഊര്‍ജ സഹ മന്ത്രി പദവികളും വഹിച്ചിട്ടുണ്ട്.

17. പിയൂഷ് ഗോയല്‍

ഒന്നാം മോദി സര്‍ക്കാറില്‍ റെയില്‍വേ, കല്‍ക്കരി വകുപ്പു മന്ത്രി. ഇടക്കാലത്ത് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം പി.

18. ധര്‍മേന്ദ്ര പ്രധാന്‍

മുന്‍ സര്‍ക്കാറിലെ പെട്രോളിയം, പ്രകൃതി വാതക വകുപ്പു മന്ത്രി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം.

19. മുക്താര്‍ അബ്ബാസ് നഖ്‌വി

കഴിഞ്ഞ സര്‍ക്കാറില്‍ ന്യൂനപക്ഷ വകുപ്പു മന്ത്രി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗം.

20. പ്ലഹ്ലാദ് ജോഷി

കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് ആദ്യമായി. കര്‍ണാടക ബി ജെ പി മുന്‍ അധ്യക്ഷനായ പ്രഹ്ലാദ് കര്‍ണാടകയിലെ ധര്‍വാദ് മണ്ഡലത്തില്‍ നിന്നാണ് എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

21. മഹേന്ദ്രനാഥ് പാണ്ഡെ

കഴിഞ്ഞ സര്‍ക്കാറില്‍ മാനവവിഭവ ശേഷി വകുപ്പു സഹമന്ത്രി. ബി ജെ പിയുടെ യു പി അധ്യക്ഷന്‍. ചന്ദൗലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം പി.

22. അരവിന്ദ് സാവന്ത്

കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് ആദ്യം. മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം പി.

23. ഗിരിരാജ് സിംഗ്

മുന്‍ സര്‍ക്കാറില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. ബിഹാറിലെ ബെഗുസരായില്‍ നിന്നുള്ള ലോക്‌സഭാംഗം.

24. ഗജേന്ദ്ര സിംഗ് ശെഖാവത്ത്

മുന്‍ മന്ത്രിസഭയില്‍ കാര്‍ഷിക വകുപ്പ് സഹ മന്ത്രി. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ടു.

 

 

Latest