Connect with us

Ongoing News

വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്; ലഭിക്കുക സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രി സ്ഥാനം

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പിയുടെ രാജ്യസഭാംഗം വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്. അദ്ദേഹം സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാകുമെന്നാണ് അറിയുന്നത്. പ്രധാന മന്ത്രിയുടെ വസതിയിലെത്താന്‍ ക്ഷണം ലഭിച്ചതായി മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നിയുക്ത മന്ത്രിമാര്‍ക്കുള്ള വൈകീട്ടത്തെ ചായ സത്കാരത്തിലേക്ക് തന്നെ ക്ഷണിച്ചതായി അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് കേരളത്തിലേക്ക് കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരുമെന്ന് മുരളീധരന്‍ പറഞ്ഞു.  രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസന കാര്യങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.

തലശേരി സ്വദേശിയായ മുരളീധരന്‍ എ ബി വി പി യിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. പിന്നീട് സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ബി ജെ പി യിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്റു യുവകേന്ദ്രയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മത്സരിച്ച കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളും മുരളീധരനൊപ്പം
കേന്ദ്ര മന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ മുരളീധരന് നറുക്കു വീഴുകയായിരുന്നു.

മുതിര്‍ന്ന നേതാവ്‌, നേരത്തെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുള്ള പരിചയം, മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം, ദീര്‍ഘകാലം ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്നതിന്റെ അനുഭവ സമ്പത്ത് തുടങ്ങിയവയെല്ലാം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായ മുരളീധരന് അനുകൂല ഘടകമാവുകയായിരുന്നു. നിയുക്ത മന്ത്രിമാര്‍ക്കുള്ള ചായ സത്കാരത്തില്‍ പങ്കെടുക്കാന്‍ മുരളീധരന്‍ ഉടന്‍ ഡല്‍ഹിക്കു തിരിക്കും.