Connect with us

Ongoing News

നമ്മുടെ പ്രധാനമന്ത്രിമാര്‍- കഥ ഇതുവരെ

Published

|

Last Updated

1952 ആദ്യ പരീക്ഷണം
സമാനതകളില്ലാത്ത വിധം സങ്കീർണമായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പ്. മുന്നനുഭവങ്ങളുടെ അഭാവം തന്നെയായിരുന്നു സങ്കീർണതയുടെ അടിസ്ഥാനം. 1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയായിരുന്നു തിരഞ്ഞെടുപ്പ്. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം പേറുന്ന കോൺഗ്രസിന് ജവഹർലാൽ നെഹ്‌റുവിന്റെ ജനപിന്തുണ കൂടിയായപ്പോൾ വൻ വിജയം നേടാനായി. 364 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തി. 16 സീറ്റ് നേടിയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു രണ്ടാമത്തെ വലിയ കക്ഷി. 37 സ്വതന്ത്രൻമാർ ആദ്യത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

ശ്യാമപ്രസാദ് മുഖർജിയുടെ ജനസംഘ്, ബി ആർ അംബേദ്കറിന്റെ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ, ആചാര്യ കൃപലാനിയുടെ കിസാൻ മസ്ദൂർ പ്രജാ പരിഷത്ത്, രാംമനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടി എന്നിവയും മത്സരരംഗത്തുണ്ടായിരുന്നു.

1957ലീഡ് ഉയർത്തി കോൺഗ്രസ്
1957ൽ രണ്ടാം ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 371 സീറ്റോടെ നില മെച്ചപ്പെടുത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി 27 സീറ്റിലേക്ക് ഉയർന്നു. 19 സീറ്റുമായി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മൂന്നാമത്തെ വലിയ കക്ഷിയായി. 42 സ്വതന്ത്രരാണ് രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
1962നെഹ്റു യുഗാന്ത്യം
1962ൽ മൂന്നാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 361 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. സി പി ഐ 29 സീറ്റ് നേടി. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി – 12, ഭാരതീയ ജനസംഘ് – 14, സ്വതന്ത്ര പാർട്ടി – 18 എന്നിവയായിരുന്നു മറ്റു പ്രധാനകക്ഷികൾ. സ്വതന്ത്രന്മാരുടെ എണ്ണം 20ലേക്ക് താഴ്ന്നു. 62ലെ ഇന്ത്യ- ചൈന യുദ്ധത്തെ തുടർന്ന് നെഹ്‌റുവിന് പാർട്ടിക്കകത്തും പുറത്തും ഏറെ പഴി കേൾക്കേണ്ടി വന്നു. പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മോനോനെ പുറത്താക്കി. അമേരിക്കൻ സഹായം സ്വീകരിക്കാൻ നിർബന്ധിതനായി. ഒടുവിൽ 1964 മെയ് 27ന് നെഹ്‌റു അന്തരിച്ചതോടെ ഒരു യുഗത്തിന് അവസാനമായി.

ഗുൽസാരിലാൽ നന്ദയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് ലാൽ ബഹാദൂർ ശാസ്ത്രിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് അയ്യൂബ് ഖാനുമായി സമാധാന കരാരിൽ ഒപ്പുവെക്കാൻ അന്നത്തെ സോവിയറ്റ് യൂനിയനിലെ താഷ്‌കന്റിലെത്തിയെ ശാസ്ത്രി അവിടെ വെച്ച് മരിച്ചു. ഗുൽസാരിലാൽ നന്ദ വീണ്ടും ഇടക്കാല പ്രധാനമന്ത്രിയായി. കോൺഗ്രസ് പ്രസിഡന്റ് കെ കാമരാജ് കരുക്കൾ നീക്കിയതോടെ നെഹ്‌റുവിന്റെ പുത്രി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി.

1967പിളർപ്പും തളർച്ചയും
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1967ലേത്. വൻ ഭൂരിപക്ഷത്തോടെ ഇത്രയും കാലം അധികാരത്തിലെത്തിയ കോൺഗ്രസ് ആധിപത്യം വെല്ലുവിളിക്കപ്പെട്ടു. കോൺഗ്രസിന്റെ സീറ്റ് 283ലേക്ക് ചുരുങ്ങി. സി പി ഐ 23ഉം പിളർന്നുണ്ടായ സി പി എം 19ഉം സീറ്റ് നേടി. 44 സീറ്റോടെ സ്വതന്ത്ര പാർട്ടി രണ്ടാമത്തെ വലിയ കക്ഷിയായപ്പോൾ ഭാരതീയ ജനസംഘ് 35 സീറ്റുമായി വളർച്ച തെളിയിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 13ഉം സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 23ഉം സീറ്റ് നേടി. തമിഴ്‌നാട്ടിൽ നിന്നുള്ള ദ്രാവിഡ മുന്നേറ്റ കഴകം 25 സീറ്റുമായി കരുത്ത് തെളിയിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. നാലാം ലോക്‌സഭയിൽ 35 സ്വതന്ത്രരുണ്ടായിരുന്നു.

ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി. വിമതസ്വരം തണുപ്പിക്കാൻ മൊറാർജി ദേശായിയെ ഉപപ്രധാനമന്ത്രിയാക്കി. ധനവകുപ്പും നൽകി. ജനപ്രിയത വീണ്ടെടുക്കാൻ ഇന്ദിര കൊണ്ടുവന്ന നടപടികൾ പാർട്ടി നേതൃത്വത്തിന് അവരെ അനഭിമതയാക്കി. കോൺഗ്രസിലെ അസ്വസ്ഥതകൾ വളർന്നതോടെ ഇന്ദിരയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി പിളർന്നു. ഇന്ദിരയും മൊറാർജിയും രണ്ട് വിഭാഗങ്ങൾക്ക് നേതൃത്വം നൽകി. ഇടത് പിന്തുണയോടെ ഇന്ദിര അവിശ്വാസം ജയിച്ചെങ്കിലും കാലാവധി പൂർത്തിയാക്കും മുമ്പ് സഭ പിരിച്ചുവിട്ടു.

1971ഇന്ദിരാ ഹഠാവോ, ഗരീബി ഹഠാവോ
പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് നയപരിപാടികളുമായാണ് ഇന്ദിര കളത്തിലിറങ്ങിയത്. ഗരീബി ഹഠാവോ (ദാരിദ്ര്യ നിർമാർജനം) എന്ന മുദ്രാവാക്യം ഇന്ദിര ഉയർത്തിപ്പിടിച്ചു. ഇന്ദിരാ ഗാന്ധിയോടുള്ള വ്യക്തിവിരോധമായിരുന്നു സംഘടനാ കോൺഗ്രസിന്റെ മുഖ്യ അജൻഡ. ഇന്ദിരാ ഹഠാവോ എന്ന മുദ്രാവ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. കോൺഗ്രസ് 352 സീറ്റുമായി വീണ്ടും അധികാരത്തിലെത്തി. സി പി ഐ 23 സീറ്റ് നേടിയപ്പോൾ സി പി എം 25 സീറ്റുമായി രണ്ടാമത്തെ വലിയകക്ഷിയായി. കോൺഗ്രസ് പിളർന്നുണ്ടായ സംഘടനാ കോൺഗ്രസിന് (ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഓർഗനൈസേഷൻ) 16 സീറ്റേ നേടാനായുള്ളൂ. ഭാരതീയ ജനസംഘം 22 സീറ്റിലേക്ക് താണപ്പോൾ ഡി എം കെ 23 സീറ്റ് നേടി. സ്വതന്ത്രൻമാർ 14ആയി കുറഞ്ഞു.

സമ്പൂർണ വിപ്ലവം എന്ന മുദ്രാവാക്യവുമായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ വൻ ജനകീയ പ്രക്ഷോഭം ആരംഭിച്ചത് 1970കളിലാണ്. രാജ്യത്താദ്യമായി കോൺഗ്രസിനു വെല്ലുവിളി ഉയർന്നു. സോഷ്യലിസ്റ്റുകളെല്ലാം ഒന്നിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്ന് ഇന്ദിരാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ക്രമക്കേടുകൾ കാട്ടിയാണ് ഇന്ദിര വിജയിച്ചതെന്നായിരുന്നു രാജ് നാരായണന്റെ ആരോപണം.

1975 ജൂൺ പന്ത്രണ്ടിന് അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. തിരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നുവെന്നായിരുന്നു വിധി. ഇതിനെതിരെ ഇന്ദിര സുപ്രീം കോടതിയെ സമീപിച്ചു.

തിരഞ്ഞെടുപ്പ് റദ്ദാക്കിയത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി ഇന്ദിരാഗാന്ധിക്കു പ്രധാനമന്ത്രിയായി തുടരാമെന്നും എന്നാൽ, ലോക്‌സഭയിൽ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി. ഇന്ദിരക്കു താത്കാലിക ആശ്വാസം നൽകിയ വിധി. പക്ഷേ, തിരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ദിര ഭയന്നു.

ഭരണഘടനയുടെ 352-ാം വകുപ്പനുസരിച്ച് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിനോട് പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ദിര ശിപാർശ ചെയ്തു. 1975 ജൂൺ 25ന് അടിയന്തരാവസ്ഥ നിലവിൽ വന്നു. തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി നീട്ടി നൽകി.

1977കോൺഗ്രസിന്റെ വീഴ്ച
ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ ഭരണവും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും അടിച്ചമർത്തപ്പെടുകയും ചെയ്ത അടിയന്തരാവസ്ഥയായിരുന്നു ആറാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. രണ്ട് വർഷത്തോളം നീണ്ട അടിയന്തരവാസ്ഥ 1977 മാർച്ച് 21ന് പിൻവലിച്ചു. ജനസംഘ്, ലോക്ദൾ, മറ്റു സോഷ്യലിസ്റ്റ് പാർട്ടികൾ എന്നിവയെല്ലാം ചേർന്ന ജനതാ പാർട്ടി 295 സീറ്റ് നേടി അധികാരത്തിലെത്തി. മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി. കോൺഗ്രസ് 154 സീറ്റിൽ ഒതുങ്ങി. അടിയന്തരാവസ്ഥയെ പിന്തുണച്ച സി പി ഐ ഏഴ് സീറ്റിലേക്ക് ചുരുങ്ങി. സി പി എം 22 സീറ്റ് നേടി. സംഘടനാ കോൺഗ്രസ് 13ഉം തമിഴ്‌നാട്ടിൽ ഡി എം കെക്ക് ബദലായി നടൻ എം ജി രാമചന്ദ്രൻ രൂപവത്കരിച്ച എ ഐ എ ഡി എം കെ 18ഉം സീറ്റ് നേടി. പഞ്ചാബിൽ ഒമ്പത് സീറ്റുമായി ശിരോമണി അകാലിദൾ കരുത്താർജിച്ചു.

അധികം വൈകാതെ ജനതാ പാർട്ടിയിലും അസ്വാരസ്യം മുളപൊട്ടി. മൊറാർജി ദേശായി രാജിവെച്ചു. ഇന്ദിരയുടെ പിന്തുണയോടെ ചരൺസിംഗ് പഴയ ലോക്ദൾ പുനരുജ്ജീവിപ്പിച്ചു. 64 എം പിമാരുടെ മാത്രം പിന്തുണയുള്ള ചരൺസിംഗ്, കോൺഗ്രസിന്റെ പിന്തുണ പ്രതീക്ഷിച്ച് സർക്കാറുണ്ടാക്കി. ഒരിക്കൽപ്പോലും സഭയെ അഭിമുഖീകരിക്കാൻ ചരൺ സിംഗിനായില്ല. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് പിന്തുണ പിൻവലിച്ചു.

1980ഇന്ദിരയുടെ തിരിച്ചുവരവ്
ജനതാ കുടുംബം തമ്മിൽത്തല്ലി തകർന്നപ്പോൾ 1980ൽ ഏഴാം ലോക്‌സഭയെ കണ്ടെത്താൻ വീണ്ടും തിരഞ്ഞെടുപ്പ്. കോൺഗ്രസ് 353 സീറ്റുമായി തിരിച്ചുവന്നു. സി പി എമ്മിന് 37ഉം സി പി ഐക്ക് 10ഉം സീറ്റ്. ജനതാപാർട്ടി 31 സീറ്റിലൊതുങ്ങിയപ്പോൾ പിളർന്നുണ്ടായ ജനതാപാർട്ടി (സെക്യുലർ) 41 സീറ്റ് നേടി. ഇന്ദിരാ കോൺഗ്രസ് പിളർന്നുണ്ടായ കോൺഗ്രസ്-യു (കർണാടകത്തിലെ നേതാവായിരുന്ന ദേവരാജ് അരശിന്റെ പേരിലാണ് പാർട്ടി അറിയപ്പെട്ടത്) 13 സീറ്റിൽ ഒതുങ്ങി. തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെ രണ്ട് സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ 16 സീറ്റുമായി ഡി എം കെ തിരിച്ചുവന്നു.

1984രാജീവ് അധികാരത്തിൽ
1984 ഒക്‌ടോബർ 31ന് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർവകാല വിജയം നേടി. 404 സീറ്റായിരുന്നു കോൺഗ്രസിന്. ആദ്യമായി മത്സരിച്ച ബി ജെ പിക്കു (പഴയ ഭാരതീയ ജനസംഘം) രണ്ട് സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. സി പി എം 22 സീറ്റ് നേടിയപ്പോൾ സി പി ഐക്ക് ആറ് സീറ്റ് കിട്ടി. ജനതാ പാർട്ടിക്ക് കിട്ടിയത് പത്ത് സീറ്റ് മാത്രം. 20 സീറ്റുമായി തെലുഗു ദേശം പാർട്ടിയുടെ രംഗപ്രവേശം.

1989കൂട്ടുകക്ഷി ഭരണത്തിന് തുടക്കം
രാജീവ് ഗാന്ധി സർക്കാറിന്റെ കാലത്തുയർന്ന ബൊഫോഴ്‌സ് കോഴക്കേസ് രാജ്യത്ത് വലിയ രാഷ്ട്രീയ ധ്രൂവീകരണമുണ്ടാക്കി. ഇടതുപക്ഷവും ബി ജെ പിയും രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിറങ്ങിയ വിശ്വനാഥ് പ്രതാപ് സിംഗിനൊപ്പം നിന്നു പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1989ൽ ഒമ്പതാം ലോക്‌സഭ മാറ്റങ്ങൾക്ക് തുടക്കമിട്ടു. വി പി സിംഗിന്റെ ജനതാദൾ 143 സീറ്റ് നേടി. 197 സീറ്റുണ്ടായിരുന്ന കോൺഗ്രസ് തന്നെയായിരുന്നു ഏറ്റവും വലിയ കക്ഷി. സി പി എമ്മിന് 33ഉം സി പി ഐക്ക് 12ഉം സീറ്റ്. ബി ജെ പിക്ക് 85 ഇടത്ത് വിജയിക്കാനായി. ബി ജെ പിയും ഇടതുപാർട്ടികളും പുറത്തു നിന്നു പിന്തുണച്ചപ്പോൾ വി പി സിംഗ് പ്രധാനമന്ത്രിയായി.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ രാമക്ഷേത്ര നിർമാണ ആവശ്യവുമായി അഡ്വാനിയുടെ നേതൃത്വത്തിൽ അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി. രഥയാത്ര ബിഹാറിൽ ലാലുപ്രസാദ് യാദവ് തടഞ്ഞു. സർക്കാറിനുള്ള പിന്തുണ ബി ജെ പി പിൻവലിച്ചു. വി പി സിംഗ് രാജിവെച്ചു. ജനതാദൾ പിളർത്തി സമാജ്‌വാദി ജനതാ പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധിയുടെ വസതിക്ക് മുന്നിൽ രഹസ്യ പോലീസുകാരെ കണ്ടെന്ന വിവാദങ്ങൾക്കൊടുവിൽ ചന്ദ്രശേഖർ മന്ത്രിസഭ രാജിവെച്ചു.

1991രാജീവിന്റെ രക്തസാക്ഷിത്വം
ശക്തമായ ത്രികോണ മത്സരത്തിനിടെ രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു. 1991ലെ പത്താം ലോക്‌സഭയിൽ കോൺഗ്രസ് 244 സീറ്റുമായി മുന്നിലെത്തി. ജനതാദൾ 59 സീറ്റിലേക്ക് ചുരുങ്ങി. സി പി ഐക്ക് 14ഉം സി പി എമ്മിന് 35ഉം സീറ്റുകൾ. ബി ജെ പി 120ലേക്ക് തങ്ങളുടെ പട്ടിക വർധിപ്പിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ച ആറ് സീറ്റുമായി രംഗത്തെത്തി. ടി ഡി പിക്ക് 13 സീറ്റുണ്ടായിരുന്നു. പ്രാദേശിക പാർട്ടികൾ കരുത്താർജിക്കുന്നതാണ് പത്താം ലോക്‌സഭയിൽ കണ്ടത്. പി വി നരസിംഹറാവു പ്രധാനമന്ത്രിയായി. റാവുവിന്റെ ഭരണകാലത്ത് ബാബരി മസ്ജിദ് കർസേവകർ തകർത്തു.

1996മൂന്ന് പ്രധാനമന്ത്രിമാർ
തൂക്കു പാർലിമെന്റിനാണ് പതിനൊന്നാം ലോക്‌സഭയും സാക്ഷ്യം വഹിച്ചത്. രണ്ട് വർഷത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാർ ഭരിച്ചു. 161 സീറ്റോടെ ബി ജെ പിയാണ് ഒന്നാമതെത്തിയത്. കോൺഗ്രസ് – 140, സി പി ഐ – 12, സി പി എം – 32, ജനതാദൾ – 46 എന്നിങ്ങനെയായിരുന്നു പ്രധാന പാർട്ടികളുടെ നില. ശിവസേന – 15, സമാജ്‌വാദി പാർട്ടി – 17, ടി ഡി പി – 16, തമിഴ് മാനില കോൺഗ്രസ് – 20, ഡി എം കെ 17 എന്നീ പാർട്ടികൾക്ക് കിട്ടിയ സീറ്റുകൾ നിർണായകമായി. അടൽബിഹാരി വാജ്പയി പ്രധാനമന്ത്രിയായി അധികാരമേറ്റു. ഭൂരിപക്ഷം തെളിയിക്കാനാകാതെ പതിമൂന്നാം നാൾ രാജിവെച്ചൊഴിയേണ്ടി വന്നു.ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജനതാദളിന്റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളുടെ സഹകരണത്തോടെ എച്ച് ഡി ദേവെഗൗഡയും പിന്നീട് ഐ കെ ഗുജ്‌റാളും മന്ത്രിസഭയുണ്ടാക്കി. രണ്ടിനും കോൺഗ്രസ് പിന്തുണയുണ്ടായിരുന്നു. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ രണ്ട് സർക്കാറുകളും താഴെ വീണു.

1998താമര വിരിഞ്ഞു
1998ലെ തിരഞ്ഞെടുപ്പിൽ 182 സീറ്റുമായി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് 141 സീറ്റ്. സി പി ഐ -9, സി പി എം – 32. ജനതാദൾ ആറ് സീറ്റിലേക്ക് താണു. വാജ്പയി വീണ്ടും പ്രധാനമന്ത്രിയായി. പതിമൂന്ന് മാസത്തിന് ശേഷം എ ഐ എ ഡി എം കെ പിന്തുണ പിൻവലിച്ചതോടെ വാജ്പയി പാതിവഴിയിൽ പടിയിറങ്ങി. വിശ്വാസ വോട്ടെടുപ്പിൽ ഒരു വോട്ടിനാണ് സർക്കാർ വീണത്.

1999ബി ജെ പി യുടെ അഞ്ചാണ്ട്
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വാജ്പയിയുടെ നേതൃത്വത്തിൽ ബി ജെ പിയും തിരഞ്ഞെടുപ്പിനെ നേരിട്ടു. സോണിയയുടെ ഇറ്റാലിയൻ ജന്മം ഉയർത്തിക്കാട്ടി ശരത് പവാർ, പി എ സാംഗ്മ, താരിഖ് അൻവർ തുടങ്ങിയവർ പാർട്ടി വിട്ട് എൻ സി പി രൂപവത്കരിച്ചു. ബി ജെ പിക്ക് വീണ്ടും 182 സീറ്റ്. കോൺഗ്രസ് 112ലേക്ക് താണു. സി പി ഐ – 4, സി പി എം – 32. ജനതാദൾ യുനൈറ്റഡ് -പത്ത്, എ ഐ എ ഡി എം കെ – പത്ത്, ബി എസ് പി – 14, ഡി എം കെ – 12, സമാജ്‌വാദി പാർട്ടി – 26, ശിവസേന- 15, ടി ഡി പി – 29, ആർ ജെ ഡി – 7 എന്നിങ്ങനെയായിരുന്നു കക്ഷനില. ദേശീയ ജനാധിപത്യ സഖ്യം രൂപവത്കരിച്ച് ബി ജെ പി ഭരണത്തിനു നേതൃത്വം നൽകി. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി എ ബി വാജ്പയി.

2004ഇന്ത്യയുടെ തിളക്കം
ഇന്ദിരാ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി അധികാരം നിലനിർത്താനുറച്ചാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ മത്സരത്തിനിറങ്ങിയത്. 145 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 138 സീറ്റുമായി ബി ജെ പി രണ്ടാം സ്ഥാനത്തായി. സി പി ഐ – 10, സി പി എം – 43. സമാജ്‌വാദി – 36, ബി എസ് പി – 19, രാഷ്ട്രീയ ജനതാദൾ – 24, ഡി എം കെ – 16, ബി ജെ ഡി 11. ഇടതുപക്ഷത്തിന്റെയും സമാജ്‌വാദി പാർട്ടിയുടെയും പുറമെ നിന്നുള്ള പിന്തുണയോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിലെത്തി, പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാതെ സോണിയ പിന്മാറി. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി.

2009മൻമോഹന് രണ്ടാമൂഴം
2009ൽ നടന്ന പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 206 സീറ്റ് നേടിയ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു പി എ സർക്കാർ വീണ്ടും അധികാരത്തിലെത്തി. എൽ കെ അഡ്വാനിയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ബി ജെ പി 116 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. പ്രാദേശിക പാർട്ടികൾ 146 സീറ്റാണ് നേടിയത്.

2014മോദി അധികാരത്തിൽ
2ജി സ്‌പെക്ട്രം, കൽക്കരിപ്പാടം അനുവദിച്ചത്, ആദർശ് ഫ്‌ളാറ്റ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 282 സീറ്റുമായി ബി ജെ പി അധികാരത്തിലെത്തി. 1984ന് ശേഷം ആദ്യമായി ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. എൻ ഡി എക്ക് 336 സീറ്റ് ലഭിച്ചു. കോൺഗ്രസ് 44 സീറ്റിലൊതുങ്ങി. 37 സീറ്റുമായി എ ഐ എ ഡി എം കെ മൂന്നാമത്തെ വലിയ കക്ഷിയായി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി.

2019 മോദിക്ക് രണ്ടാമൂഴം

---- facebook comment plugin here -----

Latest