Connect with us

Sports

ഇനി ക്രിക്കറ്റ് പൂരം

Published

|

Last Updated

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലന സെഷനില്‍ കോച്ചിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നു

ക്രിക്കറ്റ് അതിന്റെ തറവാട്ടിലേക്ക് വിരുന്നെത്തിയിരിക്കുന്നു. ഇനി തറവാട്ട് മുറ്റത്ത് പെരും പോരിന്റെ നാളുകള്‍. ഇംഗ്ലണ്ട് & വെയില്‍സ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന് ഉദ്ഘാടനപ്പോരില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നിവരും കപ്പിനായി അടുത്ത ദിവസങ്ങളില്‍ ഗ്രൗണ്ടിലിറങ്ങും.
വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ശ്രീലങ്ക ടീമുകളാണ് ലോകകപ്പ് നേടിയത്. ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും ലോകകപ്പ് നേട്ടത്തിനരികെ വീണു പോയവരാണ്. ഇത്തവണ, പുതിയ ചാമ്പ്യന്‍മാരുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. അട്ടിമറി വീരന്‍മാരായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമുണ്ട്.
റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ്. 1992ല്‍ പാക്കിസ്ഥാന്‍ ലോകചാമ്പ്യന്‍മാരായ ലോകകപ്പ് ഫോര്‍മാറ്റും റൗണ്ട് റോബിന്‍ ലീഗ് ആയിരുന്നു. ഇത് എല്ലാ ടീമുകളും തമ്മിലുള്ള കളി ഉറപ്പ് വരുത്തുന്നു. ഏറ്റവും സ്ഥിരതയോടെ കളിക്കുന്നവര്‍ മാത്രമേ സെമി ഫൈനലിലെത്തൂ.

ദുര്‍ബലര്‍ എന്നൊരു വിഭാഗം ഈ ലോകകപ്പില്‍ ഇല്ല. അഫ്ഗാനിസ്ഥാന്‍ നവാഗതരായിരിക്കാം. പക്ഷേ, അവര്‍ ആരെയും മറിച്ചിടും. ബംഗ്ലാദേശ് പലരുടെയും പേടി സ്വപ്‌നമാണ്.

സ്ഥിരതയുള്ള ടീമുകളില്‍ ഇംഗ്ലണ്ട്, ഇന്ത്യ, ആസ്‌ത്രേലിയ മാത്രമേയുള്ളൂ. തങ്ങളുടേതായ ദിവസം തകര്‍ത്തു കളിക്കുന്നവരാണ് ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍.

1975, 1979,1983 ആദ്യ മൂന്ന് എഡിഷനും ഇംഗ്ലണ്ടിലായിരുന്നു നടന്നത്. നാലാം എഡിഷന്‍ 1999ല്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചാം ലോകകപ്പാണിത്. ഇംഗ്ലീഷ് മണ്ണ് കീഴടക്കിയത് മൂന്ന് ചാമ്പ്യന്‍മാരാണ്. ആദ്യ രണ്ട് എഡിഷനും വെസ്റ്റിന്‍ഡീസ് കരസ്ഥമാക്കി. അവര്‍ക്ക് പകരക്കാരില്ലെന്ന ചിന്താഗതിയെ അട്ടിമറിച്ച് മൂന്നാം എഡിഷനില്‍ കപില്‍ദേവിന്റെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തി. 99ല്‍ ആസ്‌ത്രേലിയ ചാമ്പ്യന്‍മാരായി.
സ്വന്തം മണ്ണില്‍ കപ്പുയര്‍ത്താന്‍ ഇംഗ്ലണ്ട് നാല് വര്‍ഷമായി തയ്യാറെടുക്കുകയാണ്. 2015 ല്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ നാണക്കേടാണ് ഇംഗ്ലീഷ് ക്രിക്കറ്റിനെ മാറ്റിമറിച്ചത്. വിപ്ലവകരമായ പല കാര്യങ്ങളും ഇംഗ്ലീഷ് ടീമില്‍ സംഭവിച്ചു. ഇയോന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ലോക നമ്പര്‍ വണ്‍ ആണ്.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ മികവ് കാണിക്കുന്ന സംഘം. രണ്ട് തവണ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ കണ്ടെത്തി റെക്കോര്‍ഡിട്ടു ഇംഗ്ലണ്ട്. ഏറ്റവും ഒടുവില്‍ ആറ് വിക്കറ്റിന് 481 റണ്‍സടിച്ചതാണ് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ പ്രകടനം.
ആഴമുള്ള ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്റെ പ്രത്യേകതയും കരുത്തും. ജാസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, മോര്‍ഗന്‍, ജോസ് ബട്‌ലര്‍ ഇങ്ങനെ ടോപ് സെവനില്‍ മാച്ച് വിന്നേഴ്‌സ്മാരാണ് ഏറെയും.
ഇംഗ്ലണ്ട് ടീമിനെ കുറിച്ച് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് പറഞ്ഞത് എതിരളികള്‍ 370 റണ്‍സടിച്ചാലും അത് പിന്തുടരാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുണ്ടെന്നത് ഡ്രസിംഗ് റൂമിനെ സമ്മര്‍ദങ്ങളില്ലാത്ത ലോകമാക്കി മാറ്റി നിര്‍ത്തുന്നു.

നാല് വര്‍ഷമായി ഞങ്ങള്‍ ഒരു ലക്ഷ്യത്തിനായി തയ്യാറെടുക്കുകയായിരുന്നു. ലോകകപ്പ് നേടുക എന്നത് മാത്രമാണ് മനസില്‍. അതിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കും – ആദില്‍ റഷീദ് പറഞ്ഞു.
സെമി ഫൈനലില്‍ പുറത്തായ ചരിത്രമാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. എല്ലാം തികഞ്ഞിട്ടും ഒന്നും നേടാതെ പോയ കളി സംഘമാണ് ദക്ഷിണാഫ്രിക്ക. കോച്ച് ഓട്ടിസ് ഗിബ്‌സന്റെ അഭിപ്രായത്തില്‍ ഫേവറിറ്റ് ടാഗ് ഇംഗ്ലണ്ടിന് ക്ഷീണം ചെയ്യും. ആതിഥേയര്‍ ആണ് ലോകകപ്പിലെ നമ്പര്‍ വണ്‍ ടീം. ആദ്യ മത്സരം വിജയത്തോടെ തുടങ്ങാന്‍ ഇംഗ്ലണ്ട് ആഗ്രഹിക്കുന്നു. എന്നാല്‍, ലോകത്തെ ഒന്നാം നമ്പര്‍ ടീമിന് മാത്രമേ കപ്പുയര്‍ത്താനാകൂ എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. ഒന്നാം നമ്പര്‍ അല്ലാത്തവരും ലോകപ്പ് സ്വപ്‌നം കാണണം -ഗിബ്‌സന്‍ പറഞ്ഞു.
ഡുപ്ലെയിസാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക.

പരിക്കു മൂലം പ്രമുഖ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഇംഗ്ലണ്ടിനെതിരായ കളിയില്‍ നിന്നും പിന്‍മാറിയത് ദക്ഷിണാഫ്രിക്കയ്ക്കു ക്ഷീണമായേക്കും.
എങ്കിലും പുതിയ പേസ് കണ്ടുപിടുത്തങ്ങളായ കാഗിസോ റബാദ, ലുംഗി എന്‍ഡിഗി എന്നിവര്‍ സ്‌റ്റെയ്‌നിന്റെ അഭാവം നികത്താന്‍ ശേഷിയുള്ളവരാണ്.

ബാറ്റിംഗില്‍ല്‍ ഡുപ്ലെസിയെക്കൂടാതെ ക്വിന്റണ്‍ ഡികോക്ക്, ഹാഷിം അംല, ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മിന്നും താരങ്ങള്‍.
ലോകകപ്പിനു മുന്നോടിയായുളള ആദ്യ സന്നാഹത്തില്‍ മുഖ്യ എതിരാളികളായ ആസ്‌ത്രേലിയയോട് തോറ്റെങ്കിലും രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
മാര്‍ക്ക് വുഡ്, ജെയിംസ് വിന്‍സ്, ലിയാം ഡോസന്‍, ലിയാം പ്ലങ്കെറ്റ്, ടോം കുറന്‍ എന്നിവര്‍ക്കു ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടി വന്നേക്കും.
മറുഭാഗത്ത് പരിക്കേറ്റു വിശ്രമിക്കുന്ന സ്‌റ്റെയ്‌നിനു പകരം ക്രിസ് മോറി, ഡ്വയ്ന്‍ പ്രെട്ടോറിയസ് എന്നിവരിലൊരാള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയേക്കും.

ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ മുന്‍തൂക്കം

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇതുവരെ നടന്ന മല്‍സരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ടീമിനും വ്യക്തമായ മുന്‍തൂക്കമില്ലെന്നു കാണാം. ഏകദിനത്തില്‍ 59 തവണയാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയത്.
ഇതില്‍ 29 മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ 26 ജയങ്ങളുമായി ഇംഗ്ലണ്ട് തൊട്ടരികിലുണ്ട്.
മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്ന് ടൈയില്‍ കലാശിച്ചു. അതേസമയം, ലോകകപ്പില്‍ ആറു തവണ ശക്തി പരീക്ഷിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മൂന്നു വീതം ജയങ്ങള്‍ പങ്കിടുകയായിരുന്നു

സാധ്യതാ ഇലവന്‍: ഇംഗ്ലണ്ട് ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കെറ്റ്/ ടോം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്.

ദക്ഷിണാഫ്രിക്ക ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക്, അയ്ഡന്‍ മര്‍ക്രാം/ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാദ, ലുംഗി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍.